Sorry, you need to enable JavaScript to visit this website.

ദേശീയതയുടെ ഹൈന്ദവവൽക്കരണം 


ഹൈന്ദവ ദേശീയതയെ കൂട്ടുപിടിച്ചാണ് രാജ്യത്തെങ്ങും മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രം പോലും മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. പൗരത്വ നിയമവും ഏക സിവിൽ കോഡുമെല്ലാം നടപ്പാക്കുമെന്ന് കേന്ദ്ര ഭരണകൂടം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത് ഹൈന്ദവ ദേശീയതയുടെ അടിത്തറയുടെ ബലത്തിലാണ്. ബീഫ് നിരോധനവും പശുവിനെ ഗോമാതാവായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമെല്ലാം ഇതിന്റെ ഉപോൽപന്നങ്ങൾ മാത്രം.
 

ഒരു രാജ്യത്തിലെ ജനങ്ങൾക്ക് ആ രാജ്യത്തോട് തോന്നുന്ന ഏറ്റവും വൈകാരികമായ അവസ്ഥയാണ് ദേശീയത. രാജ്യത്തോടുള്ള സ്‌നേഹവും കൂറും ഉത്തരവാദിത്തവുമെല്ലാം ദേശീയ ബോധത്തിൽ ഉൾപ്പെടുന്നുണ്ട്. ഇത് പെട്ടെന്നുണ്ടാകുന്ന അവസ്ഥയല്ല, കാലങ്ങളായി തുടരുന്ന ദേശഭക്തിയുടെയും സാംസ്‌കാരിക ബോധത്തിന്റെയും സാമൂഹ്യ പശ്ചാത്തലത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വരുന്ന വൈകാരികമായ അവസ്ഥയാണത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ് ദേശീയത ബോധം ഉയർന്നുവന്നത്. 
19 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇന്ത്യൻ ദേശീയത രൂപപ്പെട്ട് തുടങ്ങിയതും പിന്നീട് സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലൂടെ അത് രാജ്യത്തിന്റെ വൈകാരികതയായി മാറിയതും. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ാം വാർഷികം രാജ്യം ആഘോഷിക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് ദേശീയ ബോധമാണ്. ഹൈന്ദവ വർഗീയ വികാരത്തെ ദേശീയതയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളാണ് സംഘപരിവാർ സംഘടനകളും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയതയെ അതിതീവ്ര ദേശീയതയിലേക്ക് രൂപപ്പെടുത്തുകയും അതുവഴി ഹൈന്ദവ വികാരങ്ങൾ മനുഷ്യ മനസ്സുകളിലേക്ക് കുത്തിനിറച്ച് മതേതരത്വം ഇല്ലാതാക്കി ഹിന്ദുത്വത്തെ സംരക്ഷിക്കലാണ് ദേശീയതയുടെ അടിസ്ഥാനമെന്ന പ്രഖ്യാപനത്തിലേക്ക് രാജ്യത്തെ ഭരണകൂടം എത്തിച്ചേരുകയാണ്. ഏറ്റവും വലിയ അപകടത്തിലേക്കാണ് ഇത് രാജ്യത്തെ നയിക്കുന്നത്. 
ലോകത്തെല്ലായിടത്തും ഫാസിസ്റ്റ് ഭരണകൂടങ്ങൾ തങ്ങളുടെ അധികാര സംരക്ഷണത്തിനായി ദേശീയതയെ ആയുധമാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. പതുക്കെ പതുക്കെയായി ജനങ്ങളുടെ ദേശീയ ബോധത്തെ ഹൈന്ദവ ബോധത്തിലേക്ക് മാറ്റിയെടുക്കുകയും അതു വഴി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയും ചെയ്യുകയെന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് പൂർത്തിയാകാൻ ഇനി അധികം സമയത്തിന്റെ ആവശ്യമില്ല. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനാഘോഷത്തെപ്പോലും സംഘപരിവാർ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും പതാക ഉയർത്തുന്ന ഹർ ഘർ തിരംഗെ കാമ്പയിൻ പോലും സംഘപരിവാർ ഹൈജാക് ചെയ്യുകയാണ്.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മതപരവും വംശീയവും സാമ്പത്തികവും സാമൂഹ്യവുമായ വ്യത്യാസങ്ങളില്ലാതെ രാജ്യത്തെ ജനങ്ങൾ ഒന്നാകെ ആർജിച്ചെടുത്ത ദേശീയതയെ മതാധിഷ്ഠിത ദേശീയതയായി ഉയർത്തിക്കാട്ടാനാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ദേശീയത രൂപപ്പെട്ടാൽ മാത്രമേ ആധുനിക ഇന്ത്യയിൽ സംഘപരിവാറും നരേന്ദ്ര മോഡി സർക്കാരും ഉദ്ദേശിക്കുന്ന തരത്തിലുള്ള ഹൈന്ദവവൽക്കരണം പൂർണ ലക്ഷ്യത്തിലെത്തുകയുള്ളൂ. മതാധിഷ്ഠിത ദേശീയത ഉരുത്തിരിയുമ്പോൾ ഹൈന്ദവർ ഒഴികെയുള്ള മതവിഭാഗങ്ങളെല്ലാം തന്നെ രാജ്യത്തിന്റെ ദേശീയ ബോധത്തിൽ നിന്ന് പുറംതള്ളപ്പെടുകയും അവർ ഹൈന്ദവ ദേശീയതയുടെ ഔദാര്യം പറ്റി ജീവിക്കേണ്ടവർ മാത്രമായി മാറുകയും ചെയ്യും. സവർണ മൂല്യങ്ങളാണ് ഹൈന്ദവ ദേശീയതയുടെ അടിസ്ഥാനം. അതുകൊണ്ട് തന്നെ ചാതുർവർണ്യ വ്യവസ്ഥയുടെ വീണ്ടെടുപ്പിനെയാണ് ഹൈന്ദവ ദേശീയത പ്രതിനിധാനം ചെയ്യുന്നത്. ഇതിനെതിരെ ശബ്ദമുയർത്തുന്നവർ രാജ്യദ്രോഹികളായക്കി മുദ്ര കുത്തപ്പെടും. 
ദേശീയതയെന്നത് ഒരു ജനതയുടെ സ്വാഭാവിക വികാരം മാത്രമാണ്. എന്നാൽ ഇതിനെ തീവ്ര ദേശീയതയിലേക്ക് മാറ്റുമ്പോഴാണ് അതിന്റെ രൂപവും ഭാവവുമെല്ലാം മാറുന്നത്. ദേശീയതയെ അത്തരമൊരു സ്വഭാവത്തിലേക്ക് മാറ്റിയെടുക്കണമെങ്കിൽ അതിന് മുന്നോടിയായി ഫാസിസ്റ്റ് ഭരണകൂടങ്ങൾ ചില കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കും. അത്തരം കാര്യങ്ങൾ തന്നെയാണ് രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആധുനിക ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനശില ഭരണഘടനയാണ്. ഭരണഘടനയുടെ എല്ലാ തത്വങ്ങളും ഇല്ലാതാക്കിക്കൊണ്ടാണ് ഹൈന്ദ ദേശീയത രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത്. ഭരണഘടന മൂല്യങ്ങളെ പൂർണമായും തച്ചുടക്കുകയെന്നതാണ് ഹൈന്ദവ ദേശീയതയുടെ പ്രാഥമിക കർത്തവ്യം.
തങ്ങൾ മാത്രമാണ് രാജ്യത്തെ സ്‌നേഹിക്കുന്നതെന്നും ദേശീയ ബോധമുള്ളത് തങ്ങൾക്കു മാത്രമാണെന്നുമുള്ള പ്രചാരണങ്ങൾ നടത്തിക്കൊണ്ട് കപട ദേശീയതയുടെ മുഖംമൂടി സൃഷ്ടിക്കുകയാണ് സംഘപരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്. അതിൽ വലിയൊരു പരിധി വരെ വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. വിദ്യാഭ്യാസ - സാംസ്‌കാരിക സ്ഥാപനങ്ങളെ ഇതിനായി മോഡി സർക്കാർ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്. ദേശീയതയുടെ പേര് പറഞ്ഞ് എല്ലാ മനുഷ്യാവകാശ മൂല്യങ്ങളെയും ഭരണകൂടം കാറ്റിൽ പറത്തുകയാണ്. സർക്കാരിനെ വിമർശിക്കുന്നവരും ഭരണകൂട നടപടികൾക്കെതിരെ പോരാട്ടം നയിക്കുന്നവരും രാജ്യദ്രോഹികളും നക്‌സലൈറ്റുകളുമൊക്കെയായി മുദ്ര കുത്തപ്പെടുന്നതും ജയിലിലടക്കപ്പെടുന്നുതും തീവ്ര ഹൈന്ദവ ദേശീയതയുടെ ഭാഗമാണ്. 
ഹൈന്ദവ ദേശീയതയെ കൂട്ടുപിടിച്ചാണ് രാജ്യത്തെങ്ങും മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രം പോലും മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. പൗരത്വ നിയമവും ഏക സിവിൽ കോഡുമെല്ലാം നടപ്പാക്കുമെന്ന് കേന്ദ്ര ഭരണകൂടം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത് ഹൈന്ദവ ദേശീയതയുടെ അടിത്തറയുടെ ബലത്തിലാണ്. ബീഫ് നിരോധനവും പശുവിനെ ഗോമാതാവായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമെല്ലാം ഇതിന്റെ ഉപോൽപന്നങ്ങൾ മാത്രം. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും സംസാരിക്കുന്ന ഭാഷയിലും ധരിക്കുന്ന വസ്ത്രത്തിലുമെല്ലാം ഹൈന്ദവ ദേശീയതയുടെ കപട മൂല്യങ്ങൾ സംഘപരിവാർ കുത്തിത്തിരുകുന്നു. ഹിന്ദി ഭാഷ രാജ്യത്ത് നിർബന്ധമാക്കാനുള്ള നീക്കങ്ങൾക്ക് ബി.ജെ.പി ഭരണകൂടം ശ്രമം നടത്തുമ്പോൾ ഉത്തരേന്ത്യയിലാകെ ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. 
ഏറ്റവുമൊടുവിൽ സൈനിക സേവനത്തെയാകെ അട്ടിമറിക്കുന്നതിനായി അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി ഭരണകൂടം നടപ്പാക്കിയപ്പോൾ അതിന് പിന്നിൽ ദേശീയതയെ അടിസ്ഥാനപ്പെടുത്തിയുള്ള കുടില ബുദ്ധി വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയോ ചെറുത്തു നിൽപപ്പുകൾ ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ഹൈന്ദവ ദേശീയതയുടെ അവസാനത്തെ അടവായിത്തന്നെ അഗ്നിപഥ് പദ്ധതിയെ കണക്കാക്കേണ്ടതുണ്ട്. സൈന്യത്തിൽ ഹൈന്ദവ ദേശീയത തിരുകിക്കയറ്റാനുള്ള ഗൂഢ നീക്കമാണിത്. മൂന്നോ നാലോ വർഷത്തെ സൈനിക സേവനത്തിന് ശേഷം ഹിന്ദുത്വ ദേശീയത ഉയർത്തിപ്പിക്കിടിക്കുന്ന രീതിയിൽ യുവ സമൂഹത്തെ സൈനികവൽക്കരിക്കുകയെന്ന ആർ.എസ്.എസിന്റെ പദ്ധതിയുടെ ഭാഗമാണിത്. 
രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനാഘോഷത്തെ ഹൈന്ദവ ദേശീയതക്കെതിരെയുള്ള ശക്തമായ ചെറുത്തുനിൽപിനുള്ള വേദിയാക്കി മാറ്റുകയാണ് പ്രതിപക്ഷ കക്ഷികൾ ചെയ്യേണ്ടത്. പക്ഷേ, നിർഭാഗ്യവശാൽ അത്തരത്തിലുള്ള നീക്കങ്ങളൊന്നും തന്നെ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്ന് നടക്കുന്നില്ല. ഇത്തരമൊരു നീക്കം നടത്തുന്നതിനെ പുരോഗമന പ്രസ്ഥാനങ്ങൾ പോലും ഭയപ്പെടുന്നു. കാരണം, ഹിന്ദുത്വത്തിനെതിരെയുള്ള ചെറിയ ചെറുത്തുനിൽപുകളെപ്പോലും ദേശീയതയുടെ പേരിൽ വെട്ടിമാറ്റാൻ തക്കവണ്ണം സംഘപരിവാർ കരുത്ത് നേടിയിരിക്കുന്നു.
 

Latest News