ഗുരുഗ്രാം- മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു. വീട്ടിനുള്ളില്‍ വെച്ച് പല തവണ കുത്തിയ ശേഷം മരണം ഉറപ്പാക്കാനായി യുവാവ് അമ്മയുടെ കഴുത്തുഞെരിച്ചതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് കട്ടിലില്‍ മൃതദേഹം ഒളിപ്പിച്ചു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് 21 കാരനായ മകന്‍ പര്‍വേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ദുര്‍ഗന്ധം വന്നതോടെ കെട്ടിട ഉടമയുടെ പരാതിയില്‍ പരിശോധിച്ചപ്പോഴാണ് നാല് ദിവസം പഴക്കമുള്ള സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്.
ഗുരുഗ്രാമില്‍ സോനാദേവി എന്ന 40 കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു താമസം. അവിടെ സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലിയും നോക്കിയിരുന്നു. ആറ് മാസം മുമ്പ് അവര്‍ ജോലി വിടുകയും ഇതേ ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.
സോനിപത്തില്‍ താമസിക്കുകയായിരുന്ന പര്‍വേഷ് അമ്മയെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുടര്‍ന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായതെന്ന് പോലീസ് പറയുന്നു. പലപ്പോഴും അമ്മ ഫോണ്‍വിളിക്കുന്നത് കണ്ടതാണ് സംശയത്തിനു കാരണം.






