Sorry, you need to enable JavaScript to visit this website.

സൗദി, ഖത്തർ പോയന്റ് ഓഫ്  സെയിൽ ശൃംഖലകളെ ബന്ധിപ്പിച്ചു

റിയാദ് - സൗദി അറേബ്യയിലെയും ഖത്തറിലെയും പോയന്റ് ഓഫ് സെയിൽ നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിച്ചതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. സൗദി നാഷണൽ പെയ്‌മെന്റ് നെറ്റ്‌വർക്കിനെയും (മദ) ഖത്തർ നാഷണൽ പെയ്‌മെന്റ് നെറ്റ്‌വർക്കിനെയും (നാപ്‌സ്) പരസ്പരം ബന്ധിപ്പിച്ചതിലൂടെ ഇരു രാജ്യങ്ങളിലെയും ബാങ്ക് ഉപയോക്താക്കൾക്ക് രണ്ടു രാജ്യങ്ങളിലെയും പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളിൽ തങ്ങളുടെ എ.ടി.എം കാർഡുകൾ ഉപയോഗിക്കാൻ അവസരമൊരുങ്ങി. രണ്ടു നെറ്റ്‌വർക്കുകളും തമ്മിലുള്ള സാങ്കേതിക പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് പോയന്റ് ഓഫ് സെയിൽ നെറ്റ്‌വർക്കുകളെ പൂർണ തോതിൽ ബന്ധിപ്പിച്ചത്. ഇതോടെ  മദ, നാപ്‌സ് കാർഡ് ഉടമകൾക്ക് ജി.സി.സി പെയ്‌മെന്റ് നെറ്റ്‌വർക്ക് വഴി സൗദിയിലെയും ഖത്തറിലെയും പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ യാതൊരുവിധ തടസ്സങ്ങളും കൂടാതെ ഉപയോഗിക്കാൻ കഴിയും. 
ഗൾഫ് രാജ്യങ്ങളിലെ ബാങ്ക് ഉപയോക്താക്കൾക്ക് അംഗ രാജ്യങ്ങളിലെ എ.ടി.എമ്മുകൾ വഴി പ്രാദേശിക കറൻസിയിൽ പണം പിൻവലിക്കാൻ ജി.സി.സി പെയ്‌മെന്റ് നെറ്റ്‌വർക്ക് അവസരമൊരുക്കുന്നു. ജി.സി.സി പെയ്‌മെന്റ് നെറ്റ്‌വർക്കിലെ ഡയറക്ട് ഡെബിറ്റ് കാർഡുകൾ വഴി അംഗ രാജ്യങ്ങളിലെ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി പണമടയ്ക്കാനുള്ള ചോയ്‌സും ജി.സി.സി പെയ്‌മെന്റ് നെറ്റ്‌വർക്ക് നൽകുന്നുണ്ട്. കറൻസി വിനിമയം ആശ്രയിക്കുന്നത് കുറഞ്ഞ സമൂഹമായി പരിവർത്തിക്കാനുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ധനമേഖല വികസന പ്രോഗ്രാം ലക്ഷ്യങ്ങൾ കൈവരിക്കാനും ജി.സി.സി പെയ്‌മെന്റ് നെറ്റ്‌വർക്ക് സഹായിക്കുന്നു. 
പോയന്റ് ഓഫ് സെയിൽ ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നത് പെയ്‌മെന്റ് മേഖലയിൽ ഗൾഫ് രാജ്യങ്ങൾ തമ്മിൽ സംയോജനം ശക്തമാക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് പറഞ്ഞു. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുടെ പോയന്റ് ഓഫ് സെയിൽ ശൃംഖലകളെയും സൗദി പോയന്റ് ഓഫ് സെയിൽ നെറ്റ്‌വർക്കിനെയും നേരത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സൗദിയിലെയും ഖത്തറിലെയും പോയന്റ് ഓഫ് സെയിൽ നെറ്റ്‌വർക്കുകളെ പരസപരം ബന്ധിപ്പിച്ചതെന്ന് സൗദി കേന്ദ്ര ബാങ്ക് പറഞ്ഞു. 

Tags

Latest News