Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

ഇത്തിരി നേരമെങ്കിലും നിരുപാധികം കേട്ടിരിക്കാമോ?

'നിങ്ങൾക്ക് എന്റെ ഒരനുഭവം കേൾക്കണോ? ഒരു ട്രെയിൻ  യാത്രാമധ്യേ വഴിയോരക്കാഴ്ചകളിൽ കണ്ണ് നട്ടിരുന്ന എന്നെ   എഴുപതിനോടടുത്ത്  പ്രായമുള്ള അയാൾ ഏറെ നേരം ശ്രദ്ധിച്ചുവെന്നത് അയാൾ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. യാത്രയിലധിക നേരവും ഞാൻ വെറുതെ  പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. ചുറ്റിലും ഇരിക്കുന്ന സഹയാത്രികരായ പലരെയും നിരീക്ഷിക്കുന്നതിനിടയിൽ   അയാൾ  എന്നെ മാത്രമെന്തായിരിക്കും  ഇങ്ങനെ പ്രത്യേകിച്ച് ശ്രദ്ധിച്ചതെന്ന് അറിയാൻ എനിക്ക് കൗതുകമായി.'
സരസമായി കാര്യങ്ങൾ അവതരിപ്പിക്കാൻ പണ്ടേ മിടുക്കുള്ളപ്രശാന്താണ് അനുഭവം പങ്കിടുന്നത്. ഇരിങ്ങത്ത് എ.യു.പി സ്‌കൂൾ കാലത്തെ  കൂട്ടുകാരുമൊത്ത് മനോഹരമായ  അകലാപുഴയോരത്ത് ഒരുപാട് വർഷങ്ങൾക്ക് ശേഷം  ഓർമകളും അനുഭവങ്ങളും പങ്കുവെച്ച് അടുത്തിടെ ഒരു നിലാവുള്ള രാത്രിയിൽ  ഞങ്ങൾ ചേർന്നിരുന്നപ്പോഴാണ്  അവന്റെ ഈ വാക്കുകൾ നനുത്ത ചാറ്റൽമഴയത്ത് ചെയ്തിറങ്ങിയത്.
'എല്ലാവരും കുനിഞ്ഞിരുന്ന് അവരവരുടെ കൈയിലെ മൊബൈൽ ഫോണുകളിൽ പലതും ചെയ്തും കളിച്ചും കൊണ്ടിരിക്കുകയാണ്! ആർക്കും ആരെയും ഗൗനിക്കാൻ സമയമില്ല. അതിനിടയിൽ എന്റെ കൈയിൽ മാത്രം മൊബൈൽ കാണാത്തതായിരുന്നു  അയാളെ എന്നിലേക്കടുപ്പിച്ചത്.
ഇത്തിരി നേരം പരസ്പരം വല്ലതും സംസാരിച്ചിരിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
എന്റെ ഉള്ളിൽ ചിരിയൂറി. മംഗലാപുരത്ത് നിന്ന് പുറപ്പെടുമ്പോഴേ എന്റെ മൊബൈലിലെ   ബാറ്ററി ചാർജ് തീർന്നതിന്റെ മുഷിപ്പിലാണ് ഞാനിങ്ങനെ പുറത്തേക്ക് നോക്കിയിരിക്കുന്നതെന്ന കാര്യം പാവം ആ മനുഷ്യനറിയില്ലല്ലോ? പ്രശാന്ത് അനുഭവ വിവരണം ചിരിച്ചുകൊണ്ട്  തുടർന്നു.
ഏതായാലും കുറഞ്ഞ നേരം കൊണ്ട് അവർ  പരസ്പരം പരിചിതരായി.
ഇപ്പോഴും അദ്ദേഹം വിളിക്കും. വൈകുന്നേരങ്ങളിൽ ചിലപ്പോൾ ഒന്നും രണ്ടും മണിക്കൂർ നേരം അവൻ അദ്ദേഹത്തെ  കേട്ടുകൊണ്ടിരിക്കും.  നേരത്തേ ഭാര്യ മരിച്ച, അർബുദ രോഗിയായ  അയാൾക്ക് മൂന്ന് പെൺകുട്ടികളാണ്.
ഒരാൾ കാസർകോട്ടും മറ്റൊരാൾ തൃശൂരിലും മൂന്നാമത്തെയാൾ ഏറണാകുളത്തും ആണ് ജോലി ചെയ്യുന്നത്. മൂന്ന് പേരും അധ്യാപികമാരാണ്. മോഹൻലാൽ, മണിയൻ പിള്ള രാജു, എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രഗൽഭരുടെ അധ്യാപകൻ കൂടിയാണ് ഈ ജ്ഞാനവൃദ്ധൻ . ആനുകാലികങ്ങളിലൊക്കെ  എഴുതാറുള്ളയാളാണെന്ന് അദ്ദേഹം പറഞ്ഞതായി പ്രശാന്ത് പറഞ്ഞപ്പോൾ  ഇദ്ദേഹത്തിന്റെ പേരറിയാൻ എനിക്കും വിനീഷിനും തിടുക്കമായി.
 പരിചയപ്പെട്ട ആ നിമിഷം മുതൽ സാർ എന്ന് മാത്രമേ    പ്രശാന്ത് അദ്ദേഹത്തേ വിളിക്കാറുള്ളൂ.  പേര് ചോദിക്കാൻ കഴിയാത്തത്ര അവർ അടുത്ത് പോയിരിക്കുന്നു.   സ്മാർട്ട് ഫോൺ  ഉപയോഗിക്കാത്ത അദ്ദേഹം ഇടക്കിടെ പല നമ്പറിൽ നിന്നും വിളിച്ചാണ് തന്റെ അനുഭവ കഥകൾ അവനോട്   പറയാറ്. മോനേയെന്ന് മാത്രമേ അയാളും അവനെ  വിളിക്കാറുള്ളൂ.പരസ്പരം പേരറിയാത്ത ,  പേരറിയേണ്ടതില്ലാത്ത  രണ്ട് പേർ ഒരു ട്രെയിൻ യാത്രയ്ക്കിടെ കുറഞ്ഞ നേരം കൊണ്ട് സ്ഥാപിച്ചെടുത്ത ഈ അപൂർവ സൗഹൃദത്തിൽ നിന്നും വായിച്ചേടുക്കേണ്ട ചില പാഠങ്ങൾ ഏറെ ഗൗരവമർഹിക്കുന്നത് തന്നെ.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ജിദ്ദയിൽ വെച്ച് മാധ്യമ പ്രവർത്തകൻ മുസാഫിർ സാഹിബിന്റെ മകൻ മൻഹർ, എൻ.എഫ്.സി, മെറ്റാവേഴ്‌സ്  തുടങ്ങിയ സാങ്കേതിക വിദ്യകളെ  കുറിച്ചും അവ വിനോദ വിനിമയ തൊഴിൽ രംഗങ്ങളിൽ വരുത്തിക്കൊണ്ടിരിക്കുന്ന  അതീവ വിസ്മയകരമായ മാറ്റങ്ങളെ കുറിച്ചും സോദാഹരണം വിശദീകരിച്ചത് ഓർത്തുപോയി.
എൻ.എഫ്.സി ടെക്‌നോളജി ഉപയോഗിച്ച് മൻഹർ തയാർ ചെയ്ത്  മാർക്കറ്റിൽ ഇറക്കിയ വായനാ ലോകത്തേക്കുള്ള നവീന ഉൽപന്നം  ആ മിടുക്കൻ എനിക്ക് പരിചയപ്പെടുത്തിയതും ഓർത്തുപോയി. 
ഡിജിറ്റൽ സാങ്കേതിക വിദ്യകൾ അനുദിനം മനുഷ്യന്റെ അറിവിന്റെയും  വിനിമയങ്ങളുടെയും അനുഭവങ്ങളുടെയും ലോകത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയ വായ്‌പോടെ പരസ്പരം കേൾക്കാനും ചേർന്നിരിക്കാനും പ്രായമുള്ളവരെ കാതോർക്കാനും പ്രിയമുള്ള പൈതങ്ങളുടെ കിന്നാരങ്ങൾക്ക് സ്‌നേഹോഷ്മളമായി കൈയടിക്കാനും കഴിയാത്ത വിധം യാന്ത്രികവൽക്കരിപ്പെട്ടേക്കുമോ നമ്മുടെ ലോകം എന്ന ആശങ്ക എല്ലാവരിലും   പെരുകിക്കൊണ്ടിരിക്കുന്നുണ്ട്.
വിഷാദ രോഗങ്ങളും ആത്മഹത്യകളും മയക്കുമരുന്ന് ഉപയോഗങ്ങളുമെല്ലാം യുവാക്കൾക്കും വൃദ്ധൻമാർക്കു മിടയിലും  ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വിവാഹ മോചനങ്ങൾ പെരുകുന്നു. കുട്ടികളിലെ  കുറ്റവാസനകൾ അനിയന്ത്രിതമായി മാറുന്നു.  പ്രിയപ്പെട്ടവരുടെ ജനനവും മരണവും ആരെയും കാര്യമായി  ബാധിക്കുന്നില്ല.  അനീതിയും അക്രമവും കൊള്ളയും കൊലയും അഴിമതിയും ഗുണ്ടായിസവും വാർത്തകളേ അല്ലാതാവുന്ന   വർത്തമാന കാലത്ത്   അന്യരുടെ ജീവിത കഥകൾ അനുകമ്പാപൂർവം  കേൾക്കാൻ തയാറാവുന്ന  കാതുകളില്ലാത്തതും അതിനുള്ള  സന്മനസ്സില്ലാതെ പോവുന്നതും   കൂടിയല്ലേ  ഏറ്റവും വലിയ പ്രതിസന്ധി? ത്രിമാന വെർച്വൽ വിനോദങ്ങളുടെ ഹരമേറി വരുന്ന ലോകത്ത്
വീടും നാടും കൂടുതൽ ക്ഷേമകരവും സുരക്ഷിതവുമാകാൻ അടുത്തവരെയും അടുത്തിരിക്കുന്നവരെയും ഇത്തിരി നേരമെങ്കിലും ക്ഷമയോടെ ഹൃദയപൂർവം  കേട്ടിരിക്കാൻ നാം ഓരോരുത്തരും ബോധപൂർവം  സമയം കണ്ടത്തിയേ മതിയാവൂ എന്നർത്ഥം.

Latest News