Sorry, you need to enable JavaScript to visit this website.

സൗദിയും യു.എ.ഇയുമടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ വന്ധ്യത വര്‍ധിക്കുന്നു; കാരണങ്ങളറിയാം

ജിദ്ദ- സൗദി അറേബ്യയും യുഎഇയുമടക്കം  ജിസിസി രാജ്യങ്ങളില്‍ വന്ധ്യതാ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. ജീവിതശൈലീ മാറ്റം, ഭക്ഷണ ശീലങ്ങള്‍, രോഗനിര്‍ണയം ചെയ്യാത്ത ചികിത്സ എന്നിവയാണ് ഈ പ്രവണതക്കു കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ജിസിസിയിലുടനീളം മെഡിക്കല്‍ സെന്ററുകളുള്ള എ.ആര്‍.ടി ഫെര്‍ട്ടിലിറ്റി ക്ലിനിക്കാണ് ഫെര്‍ട്ടിലിറ്റി നിരക്കുകള്‍ പരിശോധിച്ച് ഗവേഷണം നടത്തിയത്. ആഗോള തലത്തില്‍ വന്ധ്യത ഏകദേശം 15 ശതമാനമാണെങ്കില്‍ ജിസിസിയില്‍ 35 - 40 ശതമാനം വരെ ഉയര്‍ന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജീവിതശൈലിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കാരണം വന്ധ്യതയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് കാണുന്നതെന്ന് എആര്‍ടി ഫെര്‍ട്ടിലിറ്റി ദുബായ് ക്ലിനിക്കിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കരോള്‍ കോഗ്ലനെ ഉദ്ധരിച്ച്  അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു. ജിസിസിയില്‍  എല്ലാ മേഖലകളിലും വന്ധ്യതാ നിരക്ക് വര്‍ധിക്കുന്നുണ്ട്. ഓരോ മേഖലയും കേന്ദ്രീകരിച്ച് നിര്‍ദ്ദിഷ്ട കൗണ്‍സിലിംഗും ചികിത്സാ രീതികളും അനിവാര്യമാണന്ന് പഠനം എടുത്തുകാണിച്ചതായും അവര്‍ പറഞ്ഞു.

പൊണ്ണത്തടിയുടെ വ്യാപനം ആഗോളതലത്തിലുണ്ടെങ്കിലും മിഡില്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ വളരെ ഉയര്‍ന്നതോതിലാണ്  പൊണ്ണത്തടി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന്  ഡോ.കരോള്‍ പറഞ്ഞു. ഉദാസീനതയുള്ള ജീവിതശൈലി, ശാരീരിക വ്യായാമത്തിന്റെ അഭാവം, ഉയര്‍ന്ന കലോറി ഭക്ഷണക്രമം എന്നിവ അമിതവണ്ണം വ്യാപിക്കുന്നതിന്റെ കാരണങ്ങളാണ്.  കൂടിയ ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) ഹോര്‍മോണ്‍ ക്രമക്കേടുകള്‍ക്കും അണ്ഡോത്പാദന തകരാറുകള്‍ക്കും  കാരണമാകന്നുവെന്നും അത് വന്ധ്യതയുമായി ബന്ധപ്പെട്ട അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
പൊണ്ണത്തടിയുള്ള സ്ത്രീകള്‍ ഐവിഎഫില്‍  ഉയര്‍ന്ന ഗര്‍ഭം അലസല്‍ നിരക്ക് കാണിക്കുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ചികിത്സാ വിജയത്തെ പ്രതികൂലമായി ബാധിക്കുന്ന ജീവിതശൈലി ഘടകങ്ങള്‍  ഡോക്ടര്‍മാര്‍ പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. ജീവിതശൈലിയിലെ തകരാറുകള്‍ പരിഹരിച്ചാല്‍ ഗര്‍ഭധാരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുപുറമെ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ജനങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.

വന്ധ്യതയ്ക്ക് ആഗോളതലത്തില്‍ നിരവധി കാരണങ്ങളുണ്ടെന്ന് കോഗ്ലന്‍ പറഞ്ഞു, ഇതില്‍ പലപ്പോഴും പുരുഷ ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും അവര്‍ വിശദീകരിച്ചു. കാലാവസ്ഥ, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, കാരണങ്ങളുമാണ്ട്. എല്ലാ കേസും വ്യക്തിഗതമായി വിലയിരുത്തുകയും അനുയോജ്യമായ  ചികിത്സാ പദ്ധതി തയ്യാറാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News