ബുദ്ധിമാന്ദ്യമുള്ള ബാലികയെ ബലാല്‍സംഗം ചെയ്തു വീഡിയോ പകര്‍ത്തി; പ്രതികള്‍ പിടിയില്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ബുദ്ധിമാന്ദ്യമുള്ള ബാലികയെ ബലാല്‍സംഗം ചെയ്ത് വിഡിയോ പകര്‍ത്തിയ അയല്‍ക്കാരായ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. സംഭവത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് 12 വയസ്സുളള ബാലികയുടെ വീട്ടുകാര്‍ക്ക് വാട്‌സാപ്പ് വഴി ലഭിച്ചതൊടെയാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്. ദല്‍ഹി രോഹിണിലെ മംഗോള്‍പൂര്‍ കലാനില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി ബണ്ടി എന്ന പ്രതിയേയും രണ്ടു സഹായികളേയും പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തന്ത്രപൂര്‍വം ഇവരുടെ അയല്‍പ്പക്കത്തെ കമ്മ്യൂണിറ്റി സെന്ററിലെത്തിച്ച് ആളൊഴിഞ്ഞ ഇടത്തു വച്ച് ബണ്ടി ബലാല്‍സംഗം ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ചേര്‍ന്നാണ് ഈ ക്രൂരകൃത്യം മൊബൈലില്‍ പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. വീഡിയോയില്‍ നിന്നാണ് സംഭവ സ്ഥലവം പ്രതികളേയും പോലീസ് തിരിച്ചറിഞ്ഞത്. മൂന്ന് പ്രതികള്‍ക്കുമെതിരെ കടുത്ത നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

അതിനിടെ കേസ് പിന്‍വലിക്കാന്‍ പ്രതി ബണ്ടിയുടെ ബന്ധുക്കളില്‍ നിന്ന്  കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഇരയാക്കപ്പെട്ട ബാലികയുടെ കുടുംബം ആരോപിച്ചു. ബണ്ടിയെ പോലീസ് അറസ്റ്റ് ചെയ്്തതിനു ശേഷമാണിത്. പ്രദേശത്തെ ഏറെ സ്വാധീനമുള്ളവരാണ് പ്രതിയുടെ കുടുംബമെന്നും തങ്ങളെ ഇവിടെ നിന്നും തുരത്താനും അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
 

Latest News