Sorry, you need to enable JavaScript to visit this website.

പ്രായം ഏറിയെന്ന് കരുതി ഇനി വിവാഹം ഉപേക്ഷിക്കേണ്ട; ഒപ്പമുണ്ട് പിണറായി പഞ്ചായത്ത്

തലശ്ശേരി- നാട് നീളെ അന്വേഷിച്ചിട്ടും പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്തിട്ടും വിവാഹ ബ്യൂറോകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും ജീവിതപങ്കാളിയെ കിട്ടിയില്ലെങ്കിൽ വിഷമിച്ചിരിക്കേണ്ട. മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ ഇതിനുള്ള പരിഹാരമുണ്ട്. 35 വയസ്സ് കഴിഞ്ഞിട്ടും വിവാഹിതരാവാതെ വിഷമിച്ചിരിക്കുന്നവർക്ക് പിണറായി ഗ്രാമപഞ്ചായത്ത് സായൂജ്യം പദ്ധതിയിലൂടെ വിവാഹജീവിതത്തിന് വഴിതുറക്കുന്നു.  കേരളത്തിൽ ഇതാദ്യമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇങ്ങനെ ഒരു പദ്ധതി. വിവാഹം ആഗ്രഹിക്കുന്ന സംസ്ഥാനത്ത് എവിടെ ഉള്ളവർക്കും പഞ്ചായത്തിൽ നേരിട്ടും വെബ് സൈറ്റിലും പേര് രജിസ്റ്റർ ചെയ്യാം.

ഇതേ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ വിശദീകരിക്കുന്നത് ഇങ്ങനെ: പ്രായം കടന്നിട്ടും വിവാഹിതരാകാതെ നിൽക്കുന്ന അവസ്ഥ ഒരു സാമൂഹ്യപ്രശ്‌നമായാണ് കാണുന്നത്. 2005 ൽ ഇങ്ങിനയൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാൽ പിന്നീട് പ്രതീക്ഷിച്ച നിലയിൽ മുന്നോട്ട് പോയില്ല. അതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ പദ്ധതി വിപുലീകരിച്ചത്. ജില്ലാ ആസൂത്രണ സമിതിയുമായ് ബന്ധപ്പെട്ടാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ആദ്യം ഇത്തരം ഗണത്തിൽപ്പെട്ടവരുടെ പട്ടിക തയാറാക്കും. ഇതിന് വേണ്ടി സബ് കമ്മിറ്റി രൂപീകരിക്കും. പിന്നീട് കല്യാണം കഴിക്കാനാഗ്രഹിക്കുന്നവർക്ക് നേരിട്ട് കാണാനുള്ള സൗകര്യം പഞ്ചായത്ത് തന്നെ ചെയ്തു കൊടുക്കും. തുടർന്ന് ബന്ധുക്കളുമായി ആലോചിച്ച് വിവാഹ തീയ്യതി കുറിക്കും. പിണറായി കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹം നടത്തി കൊടുക്കും. ഇതിനുള്ള ചിലവ് വധുവരൻമാർ വഹിക്കണം.  പുനർവിവാഹം ആഗ്രഹക്കുന്നവർക്കും സായൂജ്യം പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാം. 
അതിനാൽ മംഗല്യ സൗഭാഗ്യം പൂവണിയാത്തവർ ഇനി  നിരാശപ്പെടേണ്ട. നിങ്ങൾക്ക് ഒരു കൈ സഹായത്തിനായി ഇനി പിണറായി ഗ്രാമപഞ്ചായത്ത് ഒപ്പമുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ 35 വയസ്സ് കഴിഞ്ഞവർ ഇനി നിരാശരാകാതെ പിണറായി പഞ്ചായത്തിനെ സമീപിക്കുക. പങ്കാളിയെ കണ്ടെത്തി ജീവിതം സന്തോഷകരമാക്കിത്തരാൻ ഗ്രാമപഞ്ചായത്ത് സന്നദ്ധരാണ്. 

Latest News