Sorry, you need to enable JavaScript to visit this website.

വിശ്വാസികൾക്കിടയിൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാൻ ആർ.എസ്.എസ്; ചെറുക്കാൻ സി.പി.എം

കോഴിക്കോട്- ഹൈന്ദവ വിശ്വാസികൾക്കിടയിൽ ആർ.എസ്.എസിന്റെ സ്വാധീനം വലിയ തോതിൽ കുറഞ്ഞു വരുന്നുവെന്ന വിലയിരുത്തലിനെ തുടർന്ന് പ്രാദേശികമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വിശ്വാസികൾക്കിടയിലെ പ്രവർത്തനം ഊർജിതമാക്കാൻ ആർ.എസ്.എസ് നേതൃത്വം തീരുമാനിച്ചു. ഇതിലെ അപകടം മണത്തറിഞ്ഞ് ഇതിനെ പ്രതിരോധിക്കാൻ സി.പി.എം സംസ്ഥാന തലത്തിൽ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പാർട്ടിയിലെ വിശ്വാസികളുടെ യോഗം ഏരിയാ തലങ്ങളിൽ വിളിച്ചു കൂട്ടാൻ സി.പി.എം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. 
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പിണറായി വിജയൻ സർക്കാർ സ്വീകരിച്ച നടപടിക്കെതിരെ വിശ്വാസികളെ സംഘടിപ്പിച്ച് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ആർ.എസ്.എസ് ഉൾപ്പടെയുള്ള സംഘപരിവാർ സംഘടനകൾക്ക് കഴിഞ്ഞെങ്കിലും ഇതുകൊണ്ട് കേരളത്തിൽ സംഘടനാപരമായി യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് ആർ.എസ്.എസ് കേരള ഘടകത്തിന്റെ വിലയിരുത്തൽ. മാത്രമല്ല സംഘടനയോടൊപ്പമുണ്ടായിരുന്നവരിൽ വലിയ തോതിലുള്ള ചോർച്ച അനുഭവപ്പെട്ടിട്ടുണ്ടെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടി വിശ്വാസികൾക്കിടയിലെ വോട്ടുകൾ വ്യാപകമായി നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ്. 


കേരളത്തിൽ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിക്ക് വലിയ തോതിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. 
ഇത് ആർ.എസ്.എസിന്റെ കൂടി ദൗർബല്യമായാണ് സംഘടനാ നേതൃത്വം വിലയിരുത്തുന്നത്. വിശ്വാസപരമായി മുതലെടുക്കാൻ വലിയ അവസരങ്ങൾ ലഭിച്ചിട്ടും അതിന് കഴിയാതെ പോയത് കേരളത്തിൽ മതേതരത്വ നിലപാടുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതുകൊണ്ടാണെന്നാണ് ആർ.എസ്.എസിന്റെ വിലയിരുത്തൽ. 
ക്ഷേത്രങ്ങളോടും അതിനോടനുബന്ധിച്ചുള്ള അചാരങ്ങളോടുമെല്ലാം ഹൈന്ദവർക്കിടയിൽ വിശ്വാസം വർധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ പുതുതായി നിരവധി പേർ ക്ഷേത്രങ്ങളുമായി സഹകരിക്കുന്ന സ്ഥിതിയുണ്ട്. എന്നാൽ സംഘപരിവാറിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഹൈന്ദവ വിശ്വാസികളിൽ ഒട്ടേറെ പേർ മറ്റ് രാഷ്ട്രീയ സംഘടനകളോട് ചായ്‌വ് പുലർത്തുന്നതായി വിലയിരുത്തലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വിശ്വാസികൾക്കിടയിൽ വ്യാപകമായ പ്രചാരണങ്ങൾ നടത്താനും ആത്മീയ കാര്യങ്ങളിൽ വഴികാട്ടിയായി പ്രവർത്തിക്കാനുമാണ് ആർ.എസ്.എസിന്റെ തീരുമാനം. ഇതിനായി പ്രാദേശിക തലത്തിൽ സംഘടനാ പ്രവർത്തകർക്ക് കൃത്യമായ ചുമതലകൾ നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ ആത്മീയപരമായ കാര്യങ്ങളിൽ വീടുകൾ തോറും പ്രചാരണങ്ങൾ സംഘടിപ്പിക്കാനും വിശ്വാസികളുടെ കുടുംബ യോഗങ്ങൾ സ്ഥിരമായി വിളിച്ചു കൂട്ടി അവരിൽ സംഘടനയോട് ആഭിമുഖ്യം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.


കുടുംബ ക്ഷേത്രങ്ങൾ അടക്കമുള്ള ക്ഷേത്രങ്ങളിലെല്ലാം തന്നെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വാധീനം ചെലുത്തുകയും വിശ്വാസികളായ വനിതകളെ സംഘടിപ്പിച്ച് തുടർച്ചയായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ അവർക്ക് ദർശനം നടത്തുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കാനുമാണ് നിർദേശം. സംഘടനയുടെ കീഴിൽ ആത്മീയ പ്രഭാഷണങ്ങളും വ്യാപകമാക്കും. ഇതിന് വേണ്ടി ഓരോ പ്രദേശത്തും സജീവ ആർ.എസ്.എസ് പ്രവർത്തകരുടെ ചെറിയ ഗ്രൂപ്പുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനുമെല്ലാം കൃത്യമായ സംവിധാനങ്ങളുണ്ട്. വിശ്വാസികൾക്കിടയിൽ വലിയ തോതിൽ ഇടപെടൽ നടത്താനുള്ള ആർ.എസ്.എസിന്റെ നീക്കങ്ങളെക്കുറിച്ച് സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിക്കുകയും അവർ ഇത് സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. 
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വിശ്വാസികൾക്കിടയിൽ ആർ.എസ്.എസ് നടത്താനുദ്ദേശിക്കുന്ന പരിപാടികൾ രാഷ്ട്രീയമായും മതപരവുമായും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് സി.പി.എം നേതൃത്വം തിരിച്ചറിയുന്നുണ്ട്. 


ക്ഷേത്രത്തിൽ പോകുന്ന പാർട്ടി അംഗങ്ങളേയും അനുഭാവികളേയും അണി നിരത്തിക്കൊണ്ട് ആർ.എസ്.എസിന്റെ നീക്കത്തെ നേരിടാനാണ് സി.പി.എമ്മിന്റെ തീരുമാനം. ഇതിനായി ക്ഷേത്രത്തിൽ പോകുന്ന വിശ്വാസികളായ പാർട്ടി അംഗങ്ങളുടെ ബ്രാഞ്ച് തലം മുതലുള്ള കണക്കെടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷം ഏരിയാ അടിസ്ഥാനത്തിൽ ഇവരുടെ യോഗം വിളിച്ച് ആർ.എസ്.എസിന്റെ തന്ത്രങ്ങളെക്കുറിച്ച് വിശദീകരിക്കാനും ഇതിനെ ചെറുക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടൽ നടത്താനുമാണ് തീരുമാനം. 
എല്ലാ മതത്തിലും പെട്ട വിശ്വാസികൾക്കിടയിൽ മുന്നേറ്റമുണ്ടാക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിലയിരുത്തിയത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വീകരിച്ച ശക്തമായ നിലപാട്മൂലം ഹൈന്ദവ വിശ്വാസികൾക്കിടയിൽ പാർട്ടിയോടുള്ള എതിർപ്പ് രൂക്ഷമാകാനിടയുണ്ടെന്നാണ് സി.പി.എം കരുതിയിരുന്നത്. എന്നാൽ ഇതൊന്നും തന്നെ പാർട്ടിയുടെ വോട്ട് ബാങ്കിനെ ബാധിച്ചില്ല. ഇതോടെ വിശ്വാസികൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം കൂടുതൽ വർധിപ്പിക്കാനും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നുമാണ് സി.പി.എം നേതൃത്വം പാർട്ടി അംഗങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം.

Latest News