റിയാദ്- അറിവിന്റെയും തിരിച്ചറിവിന്റെയും സന്ദേശം പ്രസരിപ്പിച്ചു കൊണ്ട് കുട്ടികൾക്ക് വേണ്ടി മലർവാടി കേരളയും ടീൻ ഇന്ത്യയുംസംയുക്തമായി സംഘടിപ്പിക്കുന്ന 'ഗ്ലോബൽ ലിറ്റിൽ സ്‌കോളറി'ന്റെ രജിസ്‌ട്രേഷൻ സൗദിയിലും പുരോഗമിക്കുന്നു. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവമാണ് ഗ്ലോബൽ ലിറ്റിൽ സ്‌കോളർ.
ഓഗസ്റ്റ് 13, 14 തീയതികളിൽ ഇന്ത്യൻ സമയം രാവിലെ 9 മണി മുതൽ രാത്രി 11 വരെയാണ് ആദ്യഘട്ട മത്സരം. ഇനിയും രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്ക് www.malarvadi.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. അഞ്ചു ലക്ഷം രൂപയുടെ സമ്മാനമാണ് വിജയികളെ കാത്തിരിക്കുന്നത്.
പ്രവാസ ലോകത്തെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഈ വൈജ്ഞാനിക മത്സരം വലിയ ഒരു അവസരമാണ് തുറക്കുന്നതെന്ന് മലർവാടി റിയാദ് കോ-ഓർഡിനേറ്റർ സാജിദ് ചേന്ദമംഗല്ലൂർ പറഞ്ഞു. സ്വയം വിലയിരുത്താനും അറിവുകളുടെ നിർമാണത്തിനും ഇത് വഴിയൊരുക്കുമെന്നും പുതിയ ചിന്തകളിലേക്കും അന്വേഷണത്തിലേക്കും കുട്ടികളെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ രജിസ്‌ട്രേഷൻ ഉദ്ഘാടനം സാമൂഹിക പ്രവർത്തകനായ ഡോ. സൈനുൽ ആബിദീൻ നിർവഹിച്ചു.
ചടങ്ങിൽ ക്വിസ് കോ-ഓർഡിനേറ്റർ റൈജു മുത്തലിബ് അധ്യക്ഷത വഹിച്ചു. ലിറ്റിൽ സ്‌കോളർ രജിസ്‌ട്രേഷന്റെ സങ്കീർണതകൾ ഒഴിവാക്കാൻ വെബ്‌സൈറ്റിൽ പ്രവാസികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യക്കാരും അവരവരുടെ പേരിലുള്ള ബാർകോഡ് അപ്‌ലോഡ് ചെയ്താൽ പെയ്‌മെന്റ് കിട്ടിയതായി കണക്കാക്കുമെന്നും സംഖ്യ പിന്നീട് നൽകിയാൽ മതിയെന്നും റൈജു പറഞ്ഞു. മലർവാടി രക്ഷാധികാരികളായ സനോജ് അലി, അയ്യൂബ് താനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്വിസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ (0541532771) വിളിക്കാവുന്നതാണ്.