Sorry, you need to enable JavaScript to visit this website.

ചൊവ്വ കുടിയേറ്റം;  ഒരു ചുവട് കൂടി  പിന്നിട്ട് സ്റ്റാർഷിപ്പ് 

ചൊവ്വ കുടിയേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തേടെ മുന്നേറുന്ന സ്‌പേസ് എക്‌സ് കമ്പനിയുടെ സ്റ്റാർഷിപ്പ് ഒരു നാഴികക്കല്ലു കൂടി പിന്നിട്ടു. പ്രോട്ടോടൈപ്പ് സൂപ്പർ ഹെവി ബൂസ്റ്ററിന്റെ വിജയകരമായ പരീക്ഷണം പൂർത്തിയാക്കി. ഇതോടെ സ്റ്റാർഷിപ്പിന്റെ പരീക്ഷണ പറക്കലിലേക്ക് ഒരു പടി കൂടി അടുത്തു. ബൂസ്റ്റർ 7  കഴിഞ്ഞ ദിവസമാണ് ലോഞ്ച് പാഡിൽ എത്തിച്ചിരുന്നത്. 
തെക്കുകിഴക്കൻ ടെക്സസിലെ ബോക ചിക്ക ഡെവലപ്മെന്റിൽ സ്റ്റാർഷിപ്പിനെ ഒരുക്കുന്ന സ്‌പേസ് എക്‌സിനെ സംബന്ധിച്ചിടത്തോളം പുതിയ പരീക്ഷണ വിജയം ശ്രദ്ധേയമായ നാഴികക്കല്ലാണ്. വിക്ഷേപണ പാഡിൽ സ്‌ഫോടനം ഉണ്ടായതിനു ശേഷം ഏതാനും ആഴ്ചകൾക്ക് ശേഷമാണ് വിജയം കൈവരിച്ചിരിക്കുന്നത്. അന്നത്തെ സ്‌ഫോടനത്തിലെ  നാശനഷ്ടം വ്യക്തമായിരുന്നില്ലെങ്കിലും അതേ ബൂസ്റ്റർ തന്നെയാണ് വീണ്ടും പരീക്ഷിച്ചത്. 
33 എൻജിനുകളാണ് സ്റ്റാർഷിപ്പിനെ ഭ്രമണപഥത്തിലേക്ക് ഉയർത്തുകയെങ്കിലും പരീക്ഷണ വേളയിൽ ഒരൊറ്റ റാപ്റ്റർ 2 എൻജിൻ മാത്രമാണ് പ്രയോഗിച്ചത്. മുഴുവൻ പരീക്ഷണവും ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്നു. സ്റ്റാറ്റിക് ഫയർ ടെസ്റ്റാണ് നടത്തിയതെന്നും എൻജിന്റെ പ്രവർത്തനത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനാണിതെന്നും സ്‌പേസ് എക്‌സ് വിശദീകരിച്ചു. പരീക്ഷണ സമയത്ത് എൻജിനുകൾ ജ്വലനത്തിലേക്ക് കറങ്ങിയെങ്കിലും റോക്കറ്റ് പാഡിൽ തന്നെ തുടർന്നു. ഇതുവഴി  യഥാർത്ഥ വിക്ഷേപണത്തിന് മുമ്പ് എൻജിനീയർമാർക്ക് ഒരു എൻജിന്റെ പ്രകടനത്തെക്കുറിച്ച് മികച്ച അവബോധം ലഭിക്കും.
നാസയുടെ സ്പേസ് ഫ്‌ളൈറ്റ് പരീക്ഷണം തത്സമയം സംപ്രേഷണം ചെയ്തതിനു പുറമെ, ജ്വലനത്തിന്റെ കൃത്യമായ നിമിഷം പകർത്തുകയും ചെയ്തു.
രണ്ട് ഘട്ടങ്ങളുള്ള സ്റ്റാർഷിപ്പിൽ ഒരു സൂപ്പർ ഹെവി ബൂസ്റ്ററും 164 അടി ഉയരമുള്ള  സ്റ്റാർഷിപ്പുമാണ് ഉൾപ്പെടുന്നത്. മൊത്തത്തിൽ 394 അടി ഉയരമുള്ള വിക്ഷേപണ സംവിധാനം പൂർണമായും പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മനുഷ്യരെ ഒന്നിലധികം ഗ്രഹങ്ങളിലത്തിക്കുകയെന്ന സ്പേസ് എക്സ് സി.ഇ.ഒ എലോൺ മസ്‌കിന്റെ ലക്ഷ്യത്തിന്റെ പ്രധാന ഭാഗമാണിത്.  അവബോധത്തിന്റെ വെളിച്ചം പ്രപഞ്ചം മുഴുവൻ വ്യാപിപ്പിക്കുകയെന്നതാണ് എലോൺ മസ്‌കിന്റെ വാക്കുകൾ. 
സ്റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണ പറക്കലിന് മസ്‌ക് പ്രഖ്യാപിച്ച നിരവധി സമയങ്ങൾ ഇതിനകം കഴിഞ്ഞുപോയെങ്കിലും വിജയകരമായ പരീക്ഷണം  അടുത്ത 12 മാസത്തിനുള്ളിൽ എപ്പോഴുമാകാം എന്നാണ് അദ്ദേഹം അടുത്തിടെ ട്വിറ്ററിൽ വ്യക്തമാക്കിയത്. 
അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചാണ് സ്വകാര്യ ബഹിരാകാശ-സംരംഭമായ സ്‌പേസ് എക്‌സ് (സ്‌പേസ് എക്‌സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപറേഷൻ) പ്രവർത്തിക്കുന്നത്. കോടീശ്വരനും പെയ്പാലിന്റെയും ടെസ്ല മോട്ടോഴ്‌സിന്റെയും സ്ഥാപകനായ എലോൺ മസ്‌ക് ആണ് മേധാവി. ചൊവ്വ കുടിയേറ്റം സാധ്യമാക്കുക എന്നതിനു പുറമെ, ബഹിരാകാശ യാത്രയുടെ ചെലവു കുറക്കുക കൂടി സ്‌പേസ് എക്‌സിന്റെ ലക്ഷ്യമാണ്. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണത്തിനു ശേഷം തിരിച്ച് ലാൻഡ് ചെയ്യുന്ന തരത്തിലുള്ളവയാണ്. അതേസമയം ഡ്രാഗൺ ശ്രേണി റോക്കറ്റുകൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ പ്രാപ്തമായവയാണ്.
ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് ഒരു റോക്കറ്റിനെ ഭ്രമണപഥത്തിൽ എത്തിച്ച  ആദ്യ സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ്. 2010 ൽ ബഹിരാകാശ വാഹനം വിക്ഷേപിക്കുകയും തകരാർ കൂടാതെ തിരിച്ചു ഭൂമിയിൽ ഇറക്കുകയും ചെയ്തു.  
2015 ഡിസംബർ 21 നാണ്  സ്പേസ് എക്‌സ് വിക്ഷേപിച്ച റോക്കറ്റിന്റെ ആദ്യഘട്ടം, വിക്ഷേപണം നടത്തിയ സ്ഥലത്ത് തന്നെ കേടുപാടൊന്നും കൂടാതെയാണ് കുത്തനെ തിരിച്ചിറക്കിയത്.  അന്താരാഷ്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതിന് നാസയും സ്പേസ് എക്‌സും തമ്മിൽ  കരാറുണ്ട്.  

Latest News