Sorry, you need to enable JavaScript to visit this website.

സമൂഹ മാധ്യമങ്ങളെ വിശ്വസിക്കരുത്

അമേരിക്കയിൽ അമ്മയും മകളും ഉൾപ്പെട്ട ഗർഭഛിദ്ര കേസ് ഫേസ്ബുക്കും മറ്റും സമൂഹ മാധ്യമങ്ങളും സ്വകാര്യ ഡേറ്റ ശേഖരിക്കുന്നതിനെ ചൊല്ലിയുള്ള പുതിയ വിവാദത്തിനു കാരണമായി. ഗർഭഛിദ്രത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമ്മയും മകളും ലംഘിച്ചുവെന്ന് കണ്ടെത്തിയത് ഫേസ്ബുക്കിൽനിന്നാണ്. 
ജെസിക ബർഗസും മകൾ സെലസ്റ്റെ ബർഗസുമാണ് വിചാരണ നേരിടുന്നത്. ഇരുവരും ഫേസ്ബുക്ക് വഴി അയച്ച സന്ദേശങ്ങൾ കണ്ടെത്തിയാണ് ഡിറ്റക്ടീവുകൾ തെളിവുകൾ ഹാജരാക്കിയതെന്ന് ലിങ്കൺ ജേണൽ സ്റ്റാർ റിപ്പോർട്ട് ചെയ്തു. 17 കാരിയായ മകൾക്ക് വേണ്ടി ജെസിക ബർഗസ് ഗർഭഛിദ്രത്തിനുള്ള ഗുളികകൾ വാങ്ങിയെന്നും എങ്ങനെ ഉപയോഗിക്കണമെന്ന് മകളെ ധരിപ്പിച്ചുവെന്നും ഫേസ്ബുക്ക് സന്ദേശങ്ങളിലൂടെ തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ അമ്മയും മകളും ആരോപണങ്ങൾ പാടേ നിഷേധിക്കുന്നു. 
ടെക് കമ്പനികൾ ശേഖരിക്കുന്ന വ്യക്തികളുടെ ഡേറ്റകൾ  നിയമങ്ങൾ നടപ്പിലാക്കാനും ശിക്ഷിക്കാനും പ്രോസിക്യൂട്ടർമാർ ഉപയോഗപ്പെടുത്തുവെന്ന വസ്തുതയോടൊപ്പം സ്വകാര്യ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്. അമേരിക്കയിൽ ഗർഭഛിദ്രത്തിനുണ്ടായിരുന്ന നിയമ പരിരക്ഷ സർക്കാർ ഒഴിവാക്കിയതിനു പിന്നാലെയാണ് അബോർഷൻ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് അന്വേഷണ ഏജൻസികൾ സമൂഹ മാധ്യമങ്ങളിലെ ഡേറ്റകളെ കൂടുതലായി ആശ്രയിക്കുന്നത്. 
പരിശോധനക്കുള്ള ആവശ്യങ്ങൾക്ക് ഫേസ്ബുക്കിന് വഴങ്ങേണ്ടിവരുമെന്നും സ്വകാര്യത സംരക്ഷിക്കുന്നതിന് കൂടുതൽ ശക്തമായ നിയമങ്ങൾ ജനങ്ങൾ ആവശ്യപ്പെടണമെന്നും പ്രതിഭാഗം അഭിഭാഷകയും എഴുത്തുകാരിയുമായ ഷേൻ ഫെറോ അഭിപ്രായപ്പെട്ടു. ഗർഭഛിദ്രം സർക്കാർ നിയമ വിധേയമാക്കുന്നതിനു പുറമെ, ഫേസ് ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളെ സ്വകാര്യ സന്ദേശങ്ങളും ഡേറ്റകളും ശേഖരിക്കുന്നതിൽനിന്ന് തടയുന്നതിന് ശക്തമായ പ്രൈവസി നിയമങ്ങൾ പാസാക്കണമെന്നും അവർ പറഞ്ഞു. 
ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും മറികടന്ന് രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് യഥാർഥ ഫോണോ പ്രൈവസി സംരക്ഷണമുള്ള മറ്റു ആപ്പുകളോ ഉപയോഗിക്കണമെന്ന് അവർ നിർദേശിക്കുന്നു. ഡിജിറ്റൽ ഉൾപ്പെടെ എവിടെയും സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് സമ്മർദം തുടരുകയും വേണം. 
അമേരിക്കയിൽ കഴിഞ്ഞ ജൂണിൽ അബോർഷനുള്ള പരിരക്ഷ സുപ്രീം കോടതി എടുത്തുകളഞ്ഞ ശേഷം ഡിജിറ്റൽ അവകാശങ്ങൾക്കു വേണ്ടി സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി നിലകൊള്ളുന്ന ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ (ഇ.എഫ്.എഫ്) സുപ്രധാന നിർദേശം മുന്നോട്ടു വെച്ചിരുന്നു. ഗർഭഛിദ്രത്തിന് ഒരുങ്ങുന്നവർ ഓൺലൈനിലും അല്ലാതെയും കൈമാറുന്ന ഡേറ്റകൾ നിയമപാലന ഏജൻസികളുടെ പക്കലെത്തുമെന്ന മുന്നറിയിപ്പായിരുന്നു ഇത്. ഉപയോഗിക്കുന്ന സേവനങ്ങളുടെ പ്രൈവസി സെറ്റിംഗ്‌സ് ശ്രദ്ധാപൂർവം പരിശോധിക്കുകയും വിലയിരുത്തുകയും വേണം. ആവശ്യമില്ലെങ്കിൽ ആപ്പിലെ  ലൊക്കേഷൻ സേവനം ഓഫ് ചെയ്യണം. മെസേജുകൾ അയക്കുമ്പോൾ എൻക്രിപ്ര്റ്റ് ചെയ്താണ് സന്ദേശങ്ങൾ പോകുന്നതെന്ന് ഉറപ്പു വരുത്തുകയും വേണം. 
ഉപയോക്താക്കൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകിയതിനു പുറമെ, ബിഹേവിയറൽ ട്രാക്കിംഗ് നിർത്തണമെന്നും ഡേറ്റകൾ ഇല്ലാതാക്കുന്നതിനും എൻക്രിപ്റ്റ് ചെയ്യുന്നതിനുമുള്ള സേവനം കൂടുതൽ എളുപ്പമാക്കണമെന്നും പേരുവിവരങ്ങൾ നൽകാതെ തന്നെ സേവനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഇ.എഫ്.എഫ് ടെക് കമ്പനികളോട് ആവശ്യപ്പെടുന്നു. 
സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യാൻ ഫേസ്ബുക്ക് മെസഞ്ചർ അനുവദിക്കുന്നുണ്ടെങ്കിലും ഗർഭിഛിദ്ര കേസിൽ കുടുങ്ങിയ അമ്മയും മകളും ഈ ഓപ്ഷൻ ഉപയോഗിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സെലസ്‌റ്റെ ബർഗസ് ഗർഭഛിദ്രം നടത്തിയെന്നും മകളും അമ്മയും ചേർന്ന് കുഞ്ഞിന്റെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടിയെന്നും അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് നോർഫോക് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് സെർച്ച് വാറണ്ട് അഫിഡവിറ്റ് ഉദ്ധരിച്ച് ജേണൽ സ്റ്റാർ റിപ്പോർട്ടിൽ പറയുന്നു. കുളിക്കുമ്പോൾ അപ്രതീക്ഷിതമായി സെലസ്റ്റെ പ്രസവിച്ചുവെന്നാണ് അമ്മയും മകളും ഡിറ്റക്ടീവിനോട് പറഞ്ഞതെന്ന് കോടതി രേഖകളിലുണ്ട്. കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 22 കാരന്റെ സഹായത്തോടെ പട്ടണത്തിന്റെ വടക്ക് കുഴിച്ചിടുകയായിരുന്നു. കുഴിച്ചിടുന്നതിനു മുമ്പ് അമ്മയും മകളും കുഞ്ഞിന്റെ മൃതദേഹം കത്തിക്കാനും ശ്രമിച്ചിരുന്നതായി യുവാവ് പിന്നീട് മൊഴി നൽകി. ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയതിനു ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഫേസ്ബുക്കിന് സെർച്ച് വാറണ്ട് നൽകിയത്. 
ഗർഭിഛിദ്രം നടത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കണ്ടെത്താൻ പ്രോസിക്യൂട്ടർമാർ എഫ്.ബി ഡേറ്റ ഉപയോഗിക്കുകയാണെന്ന് കൻസാസിലെ ഹെൽത്ത് കെയർ അറ്റോർണി ലിസ ലാർസൺ ബണൽ പറയുന്നു. ഡേറ്റ സുരക്ഷിതമാക്കാൻ ടെക് കമ്പനികൾക്ക് കഴയില്ലെന്നും ജനങ്ങൾ സമൂഹ മാധ്യമങ്ങളെ വിശ്വസിക്കരുതെന്നും അറ്റോർണി അലജേന്ദ്ര കരബെല്ലോ മുന്നറിയിപ്പ് നൽകുന്നു. 

Latest News