Sorry, you need to enable JavaScript to visit this website.

ഇനിയുമൊരു ജീവനും പൊലിയാതിരിക്കട്ടെ

സ്വർണക്കടത്തിന്റെ പേരിൽ മാത്രമല്ല, മയക്കുമരുന്നിന്റെയും നിയമ വിരുദ്ധമായ മറ്റു പ്രവർത്തനങ്ങളുടെയും പേരിലും നിരവധി പ്രവാസികൾ നിത്യേന കേസുകളിലകപ്പെടുന്നുണ്ട്. മോഹന വാഗ്ദാനങ്ങൾ നൽകിയാണ് മാഫിയകൾ പ്രവാസികളെ വലവീശുന്നത്. എന്നാൽ  ഒരു വിമാന ടിക്കറ്റ് അതല്ലെങ്കിൽ ചെറിയൊരു തുകയായിരിക്കും കിട്ടുക. ഇത്തരം ലോബികളുടെ വലയിൽ വീണ് ജീവിതം ഹോമിക്കപ്പെട്ടവരുടെ അനുഭവ കഥകൾ നിരവധി കേട്ടിട്ടും നിയമ വിരുദ്ധ പ്രർത്തനങ്ങൾക്ക് സന്നദ്ധരാവുന്നവർക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. അൽപ ലാഭത്തിനോ, താൽക്കാലിക സുഖത്തിനോ വേണ്ടിയാണ് ജീവിതം ഹോമിക്കപ്പെടുന്നതെന്ന വീണ്ടുവിചാരം ഇവർക്കില്ലാതെ പോകുന്നതാണ് ഇത്തരക്കാരുടെ കെണിയിലകപ്പെടാൻ കാരണം. ---

 

സ്വർണക്കടത്താണിപ്പോൾ താരം. വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് സ്വർണക്കടത്ത് വാർത്തകളാണ്. സ്വർണക്കടത്ത് ആരോപണത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും മുൾമുനയിൽ നിർത്തി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിനവും പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. അതു വൻതോതിലുള്ള കടത്തിന്റെയും ഉന്നതരുടെയും ഇടപെടലുകളുടെയും കഥയാണെങ്കിൽ ഇപ്പോൾ ദിവസവും പുറത്തു വരുന്നത് സ്വർണക്കടത്തിന്റെ പേരിൽ പ്രവാസികളായ യുവാക്കളുടെ തിരോധാനത്തിന്റെ കഥയാണ്. ഗൾഫിൽനിന്നു വരുന്ന യുവാക്കളെ കാണാതാവുന്നതും പിന്നീട് കൊല്ലപ്പെട്ടുവെന്ന് അറിയുന്നതുമെല്ലാം തുടർകഥയാവുകയാണ്. സ്വർണക്കടത്തിന്റെ പേരിലുള്ള കുടിപ്പകയും കരിയർമാരാവുന്നവരുടെ തിരോധാനവുമെല്ലാം വർഷങ്ങളായി നടക്കുന്ന പ്രതിഭാസമാണെങ്കിലും ഈയിടെയായി ഇതു വർധിച്ചിരിക്കുകയാണ്. കാരണം സ്വർണക്കള്ളക്കടത്തുകാരുടെയും സ്വർണം കടത്തിക്കൊടുക്കാൻ സന്നദ്ധരാവുന്നവരുടെയും എണ്ണം കൂടിയതാണ് ഇതിനു കാരണം. കരിയർമാരാവുന്നവർക്ക് കിട്ടുന്നത് നക്കാപ്പിച്ചയാണെങ്കിൽ നിയമ വിരുദ്ധമായി നികുതി അടയ്ക്കാതെ നാട്ടിലെത്തുന്ന സ്വർണ ബിസിനസിലൂടെ കള്ളക്കടത്ത് ലോബിക്കു കിട്ടുന്നത് കോടികളാണ്. സ്വർണക്കടത്ത് പിടിക്കപ്പെടുന്തോറും കൂടുകയാണ്. എത്ര പിടിക്കപ്പെട്ടാലും യഥാർഥ പ്രതികൾ രക്ഷപ്പെടുന്നതും അവരുടെ ബിസിനസ് തഴച്ചു വളരുന്നതുമാണ് ഈ രംഗത്ത്  നിയമങ്ങൾ കർശനമാക്കിയിട്ടും നിയന്ത്രണം സാധ്യമാകാതിരിക്കാൻ കാരണം. മാത്രമല്ല, ഉദ്യോഗസ്ഥരുടെ ഒത്താശകളും സ്വർണക്കടത്തു ലോബികൾക്കുള്ള രാഷ്ട്രീയ സ്വാധീനവുമെല്ലാം ഇതിനു പിന്നിലുണ്ടാവുമ്പോൾ കേസുകളെല്ലാം തേഞ്ഞുമാഞ്ഞു പോവുകയുമാണ്. ഇത്തരമൊരു സാഹചര്യമാണ് സ്വർണക്കള്ളക്കടത്തുകാർക്കു ബലമേകുന്നത്. പക്ഷേ ഇതിന്റെ പേരിൽ നിരപരാധികളും നിർധനരുമായ നൂറുകണക്കിനു കുടുംബങ്ങളാണ് കണ്ണീരു കുടിക്കുന്നത്. 
സ്വർണക്കടത്ത് ലോബിയുടെ പീഡനത്തിനിരയായി ജീവൻ നഷ്ടമായവരും ജീവഛവങ്ങളായവരുമായ യുവാക്കൾ നിരവധിയാണ്. ഇതിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്നവരിൽ ഒടുവിലായി പുറത്തു വന്നിട്ടുള്ള കഥ വടകര പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിന്റേതാണ്. ജൂലൈ 17 ന് തിക്കോടി കോടിക്കൽ കടപ്പുറത്ത നിന്ന് കണ്ടെടുത്ത് ആളു മാറി സംസ്‌കരിച്ച മൃതദേഹം ഡി.എൻ.എ ടെസ്റ്റിലൂടെ ഇരുപത്തിയാറുകാരനായ ഇർഷാദിന്റേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വർണം കൈമാറാതെ കബളിപ്പിച്ച ഇർഷാദിനെ തട്ടിക്കൊണ്ടു പോയെന്നും തടവിൽ പാർപ്പിച്ചിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ പുറക്കാട്ടേരി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരിൽനിന്നു ലഭിച്ചിട്ടുള്ള വിവരം. ഇർഷാദിന്റേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇനിയും തെളിയാനിരിക്കുന്നതേയുള്ളൂ. മെയ് 13 നാണ് ഇർഷാദ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. എന്നാൽ മൂന്നു ദിവസം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് കുടുംബം നൽകിയ പരാതിയെത്തുടർന്ന് പിറ്റേ ദിവസം ഇർഷാദ് കോടതിയിൽ ഹാജരായിരുന്നു. അതിനു ശേഷം വയനാട്ടിലേക്കു പോയ മകനെ പിന്നെ കണ്ടിട്ടില്ലെന്നാണ് മാതാപിതാക്കൾ വെളിപ്പെടുത്തിയത്. ഈ സംഭവത്തിനു ഏതാനും മാസങ്ങൾക്കു മുൻപാണ് കരിപ്പൂരിൽ വിമാനമിറങ്ങിയ മറ്റൊരു യുവാവിനെ കാണാതാവുകയും പിന്നീട് അതിക്രൂരമായി മർദനത്തിനിരയായി കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തു വന്നതും. ഇർഷാദിന്റെ അന്വേഷണം ഊർജിതമാകുന്നതിനിടെയാണ് ഖത്തറിൽനിന്ന് നാട്ടിലേക്കു പുറപ്പെട്ട ചെക്യാട് ജാതിയേരിയിലെ വാതുക്കൽപറമ്പത്ത് റിജേഷിനെയും (35) ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്ന കൂത്തുപറമ്പ് മൂര്യാട് സ്വദേശി ജസീലിനെയും കാണാനില്ലെന്ന പരാതിയുണ്ടായിട്ടുള്ളത്. കസ്റ്റംസ് പിടിയിലായി കേസിലകപ്പെട്ട് നട്ടംതിരിയുന്ന നിരവധി യുവാക്കൾ ഇതിനു പുറമേയാണ്. തിരോധാനവും പിടിക്കപ്പെടുന്നതുമെല്ലാം വാർത്തയാകുന്നതും ചർച്ച വിഷയമാകുന്നതുമെല്ലാം നിത്യസംഭവമായിട്ടും പുതിയ യുവാക്കൾ സ്വർണക്കടത്തുകാരാവാൻ തയാറാവുന്നുവെന്നതാണ് വിരോധാഭാസം. ജീവിത പ്രാരാബ്ധങ്ങളാലോ, ആർഭാട ജീവിതം നയിക്കാനുള്ള വെമ്പലിലോ, അതല്ലെങ്കിൽ വഴിവിട്ട കൂട്ടുകെട്ടിലകപ്പെട്ടോ ആണ് പലരും ഇത്തരക്കാരുടെ കെണിയിലകപ്പെടുന്നത്. 
ഇതിനൊരു അറുതിയുണ്ടാവേണ്ടതില്ലേ? തീർച്ചയായും ഉണ്ടാവണം. അതിനു പ്രവാസികൾക്കിടയിൽ അതിശക്തമായ അവബോധം ഉണ്ടാക്കലാണ് വേണ്ടത്. സ്വർണക്കടത്തിന്റെ പേരിൽ മാത്രമല്ല, മയക്കുമരുന്നിന്റെയും നിയമ വിരുദ്ധമായ മറ്റു പ്രവർത്തനങ്ങളുടെയും പേരിലും നിരവധി പ്രവാസികൾ നിത്യേന കേസുകളിലകപ്പെടുന്നുണ്ട്. മോഹന വാഗ്ദാനങ്ങൾ നൽകിയാണ് മാഫിയകൾ പ്രവാസികളെ വലവീശുന്നത്. എന്നാൽ  ഒരു വിമാന ടിക്കറ്റ് അതല്ലെങ്കിൽ ചെറിയൊരു തുകയായിരിക്കും കിട്ടുക. ഇത്തരം ലോബികളുടെ വലയിൽ വീണ് ജീവിതം ഹോമിക്കപ്പെട്ടവരുടെ അനുഭവ കഥകൾ നിരവധി കേട്ടിട്ടും നിയമവിരുദ്ധ പ്രർത്തനങ്ങൾക്ക് സന്നദ്ധമാവുന്നവർക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. അൽപ ലാഭത്തിനോ, താൽക്കാലിക സുഖത്തിനോ വേണ്ടിയാണ് ജീവിതം ഹോമിക്കപ്പെടുന്നതെന്ന വീണ്ടുവിചാരം ഇവർക്കില്ലാതെ പോകുന്നതാണ് ഇത്തരക്കാരുടെ കെണിയിലകപ്പെടാൻ കാരണം. കരിയർമാരായി സ്വർണം കടത്തുമ്പോൾ ആ കടത്തുന്ന സ്വർണത്തിന്റെ ഉത്തരവാദി അവർ മാത്രമാണെന്ന് കടത്തുന്നവർ തിരിച്ചറിയുന്നില്ല. കരിയറായി പുറപ്പെടുന്ന നിമിഷം മുതൽ നിങ്ങൾക്കു ചുറ്റും ചാരക്കണ്ണുകളായിരിക്കും. ആ ചാരക്കണ്ണുകളെ വെട്ടിച്ച് നിങ്ങളുടെ കൈവശമുള്ള സ്വർണം കൈക്കലാക്കാൻ മറ്റൊരു വിഭാഗവും നിലയുറപ്പിച്ചിട്ടുണ്ടാവും. കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്നാൽ ഇതിൽ ആരുടെ കണ്ണിലാണോ നിങ്ങൾ അകപ്പെടുന്നത് അതിനനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവി. ഏൽപിക്കപ്പെടേണ്ടവർക്കു പകരം മറ്റാരുടെയെങ്കിലും കൈകളിലാണ് കള്ളക്കടത്ത് മുതൽ എത്തുന്നതെങ്കിൽ പിന്നെ ജീവിതം തന്നെ അവതാളത്തിലാകും. നിങ്ങൾക്കായി കാത്തിരുന്ന കുടുംബം അതോടെ തോരാ കണ്ണീരിലുമാവും. കസ്റ്റംസിന്റെ പിടിയിലകപ്പെട്ടാലുണ്ടാവുന്ന പൊല്ലാപ്പ് വേറെ. ഇത്തരം ചെയ്തികൾ ചെയ്യുമ്പോൾ സ്വന്തം ജീവിതം മാത്രമല്ല, തന്നെ ചുറ്റിപ്പറ്റിയുള്ള കുടുംബാംഗങ്ങളുമാണ് പ്രതിസന്ധിയിലാവുന്നത്. കാലാകാലത്തോളം അവർ തീ തിന്നു കഴിയേണ്ടി വരും.  അതിനാൽ എന്തു തന്നെ കിട്ടിയാലും ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വശംവദരാകാതിരിക്കുകയാണ് വേണ്ടത്. പലരും പലവിധ മോഹന വാഗ്ദാനങ്ങളുമായി നിങ്ങളെ സമീപിക്കാം. അതിനെയെല്ലാം തട്ടിമാറ്റാനുള്ള കരുത്തും മനോധൈര്യവും ഉണ്ടാവണം. 
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിധേയമാകുന്നവരെ അതിൽനിന്ന് അകറ്റാൻ പ്രവാസി സംഘടനകൾക്കും സൗഹൃദ കൂട്ടായ്മകൾക്കും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും. അവബോധ കാമ്പയിൻ സൃഷ്ടിക്കലാണ് അതിൽ പ്രധാനം. പ്രവാസ ലോകത്തുള്ള ഒട്ടുമിക്കവരും ഏതെങ്കിലുമൊരു സംഘടനയുമായോ കൂട്ടായ്മകളുമായോ ബന്ധപ്പെട്ടവരായിരിക്കും. വഴിവിട്ട മാർഗത്തിലൂടെ സഞ്ചരിക്കുന്നവരെ തിരിച്ചറിയാനും അവരെ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളും സംഘടന നേതൃത്വത്തിനുണ്ടാവണം. അതോടൊപ്പം മറ്റാരും ഈ രംഗത്തേക്കു കടന്നു വരാതിരിക്കാനുള്ള നിരന്തര അവബോധ കാമ്പയിനുകളും സംഘടിപ്പിക്കണം. അനധികൃത മാർഗത്തിലൂടെ പണം സമ്പാദിക്കുന്നവർ അവരുടെ ചെയ്തികൾക്കു മറയാക്കാനും സംഘടന ബന്ധങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാനും അവരെ പിന്തിരിപ്പിക്കാനും അതിനു തായാറാവുന്നില്ലെങ്കിൽ അകറ്റി നിർത്താനും സംഘടനകൾ തയാറാവണം. അതോടൊപ്പം പ്രവാസികൾക്ക് ഒന്നടങ്കം പേരുദോഷം ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ് നടത്തുകയും വിപുലമായ തോതിൽ അവബോധ പ്രചാരണങ്ങൾ സംഘടിപ്പിക്കുകയും വേണം. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങളുമായി ചില പ്രവാസി സംഘടനകൾ രംഗത്തു വന്നിട്ടുള്ളത് ശ്ലാഘനീയമാണ്. അത് കൂടുതൽ ശക്തിപ്പെടുത്തി ഇനിയൊരു പ്രവാസി യുവാവും ഇത്തരം ചെയ്തികളിൽ അകപ്പെടാതിരിക്കാനും അവരുടെ കുടുംബങ്ങൾ കണ്ണീരു കുടിക്കാതിരിക്കാനുമുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണം.

Latest News