Sorry, you need to enable JavaScript to visit this website.

നവോത്ഥാന മുദ്രാവാക്യത്തിലെ അസംബന്ധങ്ങൾ 

 

നവോത്ഥാനമെന്നത് സർക്കാർ സ്‌പോൺസേഡ് പരിപാടിയല്ല എന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചാണ് സർക്കാരിന്റെ പുതിയ നീക്കം.  സംവരണം നിലനിന്നിട്ടു പോലും നിർണായക സ്ഥാനങ്ങളിൽ ദളിതരെത്തിയോ? ആദിവാസികളുടെ അവസ്ഥ മിക്ക സംസ്ഥാനങ്ങളേക്കാൾ പിറകിലല്ലേ? ലൈംഗികതയുമായി ബന്ധപ്പെട്ട കപട സദാചാര മൂല്യങ്ങളും സദാചാര പോലീസിംഗും വർധിക്കുകയല്ലേ? ലിംഗ നീതിയും സാമൂഹ്യ നീതിയും എത്രയോ അകലെയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അയിത്തത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടോ? ഈ പട്ടികക്ക് അവസാനമുണ്ടാകില്ല. 

ശബരിമല വിവാദ കാലത്ത് സർക്കാരിന്റെ മുൻകൈയിൽ രൂപം കൊണ്ട നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടന സംവിധാനമുണ്ടാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ പുതിയ സെക്രട്ടറിയേറ്റ് രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശൻ തന്നെയാണ് പുതിയ പ്രസിഡന്റ്. സമിതി രജിസ്റ്റർ ചെയ്യാനും തിരുവനന്തപുരത്ത് ഓഫീസ് സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു. നവംബറിൽ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.  നവോത്ഥാന  മൂല്യങ്ങളെ ആസ്പദമാക്കി ഡിസംബറിൽ കാമ്പസുകളിൽ സംവാദം സംഘടിപ്പിക്കും.  ജനുവരിയിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നവോത്ഥാന സ്മൃതി യാത്ര നടത്തും.  നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്ഥലങ്ങളിലൂടെയും യാത്ര കടന്നുപോകും.  നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് നാടിനെ സജ്ജമാക്കുകയാണത്രേ യാത്രയുടെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം പ്രമാണിച്ച് നിയമ സാക്ഷരത പരിപാടിയും ഭരണഘടന  സംരക്ഷണ ദിനാചരണവും സംഘടിപ്പിക്കും എന്നിങ്ങനെ നിരവധി തീരുമാനങ്ങളും എടുത്തിട്ടുണ്ട്. 

സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികൾ സജീവമാണെന്നും ജാതീയവും മതപരവുമായ ഭിന്നിപ്പുണ്ടാക്കാനും ലിംഗ തുല്യതയെ അട്ടിമറിക്കാനാണ് ശ്രമമെന്നും  ഇത് പ്രതിരോധിച്ചാലേ ശാന്തമായ സാമൂഹ്യ ജീവിതം ഉറപ്പു വരുത്താനാകൂ എന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.  ഭരണഘടന സംരക്ഷണം നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ  പ്രധാന മുദ്രാവാക്യമാകണം. സ്ത്രീകൾക്കെതിരെ അതിക്രമം പല വിധത്തിലാണ്. സ്ത്രീപുരുഷ സമത്വത്തിന്റെയും ലിംഗ നീതിയുടെയും കാഴ്ചപ്പാട് കുട്ടികളിൽ വളർത്തിയെടുക്കാൻ പാഠപുസ്തകം നവീകരിക്കാനും പുനഃക്രമീകരിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 

കേൾക്കുമ്പോൾ ശരിയെന്നു തോന്നുന്ന സമീപനങ്ങളും തീരുമാനങ്ങളും തന്നെയാണിവ. എന്നാലിവ ചരിത്രത്തോടും രാഷ്ട്രീയത്തോടും നീതി പുലർത്തുന്നുണ്ടോ എന്ന പരിശോധന അനിവാര്യമാണ്. കേരളത്തിൽ ഒരു നവോത്ഥാനവും നടന്നിട്ടുള്ളത് സർക്കാരുകളുടെ മുൻകൈയിലല്ല. എന്തിന്, രാഷ്ട്രീയ പാർട്ടികളുടെ പോലും മുൻകൈയിലല്ല. എടുത്തു പറയത്തക്കത്ത എല്ലാ പോരാട്ടങ്ങളും നടന്നത് സ്വാതന്ത്ര്യത്തിനു മുമ്പ്. മാത്രമല്ല, നവോത്ഥാനത്തിന്റെ പൈതൃകമവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനു മുമ്പ്. പല നവോത്ഥാന നായകരെയും ബൂർഷ്വാസികളെന്നും വർഗീയവാദികളെന്നും ബ്രിട്ടീഷ് ചാരന്മാരെന്നും വിളിച്ച് പാർട്ടി ആക്ഷേപിച്ചിട്ടുണ്ട്. പലരെയും അദൃശ്യരാക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരം കത്തിനിൽക്കുന്ന കാലമായതിനാലാവാം നിലനിന്നിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും നവോത്ഥാന പോരാട്ടങ്ങളിൽ സജീവമായിരുന്നില്ല. സമൂഹത്തിന്റെ അടിത്തട്ടിൽ പീഡനവും വിവേചനവുമനുഭവിച്ചിരുന്നവരിൽ നിന്ന് ഉയർന്നു വന്നവയായിരുന്നു ആ പോരാട്ടങ്ങൾ. തീർച്ചയായും അവക്കു വഴികാട്ടിയായി ഇന്നു നവോത്ഥാന നായകർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിലരുണ്ടായി. ആ ചരിത്രം പരിശോധിക്കാൻ പോലും തയാറാകാതെയാണ് സർക്കാർ തന്നെ നവോത്ഥാനം സ്‌പോൺസർ ചെയ്യുന്നത്. കേരളത്തിന്റെ നവോത്ഥാനത്തെ കുറിച്ച് എന്തെങ്കിലും അറിയുന്ന വ്യക്തിയാണോ ഈ സമിതിയുടെ പ്രസിഡന്റ് എന്നു പരിശോധിക്കുക. സർക്കാരിന്റേത് രാഷ്ട്രീയ താൽപര്യം മാത്രമാണെന്നു സംശയിക്കാൻ മറ്റെന്തു വേണം? 

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കുകയും വിലക്കുന്നത് ഭരണഘടന ലംഘനമാണെന്നുമുള്ള സുപ്രീം കോടതി വിധിയെ തുടർന്നുള്ള സംഭവങ്ങളാണല്ലോ നവോത്ഥാന സമിതിയുടെ രൂപീകരണത്തിലേക്ക് വഴിതെളിയിച്ചത്. വിധിയെ തുടർന്ന് കേരളത്തിൽ നിന്നു മാത്രമല്ല, അയൽ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം സ്ത്രീകൾ ശബരിമല സന്ദർശനത്തിനെത്തുകയായിരുന്നു. അഖിലേന്ത്യ തലത്തിൽ സംഘപരിവാർ സംഘടനകൾ വിധിക്ക് അനുകൂലമായിട്ടും കേരളത്തിൽ സ്ത്രീപ്രവേശനത്തിനെതിരെ അക്രമ സമരവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയായിരുന്നു സംഘപരിവാർ ചെയ്തത്. ജനങ്ങളിൽ ഭൂരിഭാഗവും വിധിക്കെതിരാണെന്നു ബോധ്യമായ കോൺഗ്രസും അക്രമത്തിനൊന്നും പോയില്ലെങ്കിലും സമരത്തിനിറങ്ങി.ഇത്തരമൊരു സാഹചര്യത്തിൽ സുപ്രീം കോടതി വിധിയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാൻ ബാധ്യസ്ഥരായ സർക്കാർ മല കയറാൻ വരുന്ന ആർക്കും ലിംഗപരിഗണന കൂടാതെ സംരക്ഷണം നൽകുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ അതു വോട്ട് രാഷ്ട്രീയത്തെ ബാധിക്കുമെന്നതിനാൽ അതിനു തയാറാകാതെ വന്നവരെ തിരിച്ചുവിടുകയായിരുന്നു സർക്കാർ ചെയ്തത്. ഈ ജാള്യം മറികടക്കാനായിരുന്നു നവോത്ഥാന പ്രസംഗങ്ങളുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയതും അതുവരെയും അംഗീകരിക്കാതിരുന്ന അയ്യൻ കാളിയെയൊക്കെ അംഗീകരിക്കാൻ തയാറായതും നവോത്ഥാന സമിതിക്കു രൂപം കൊടുത്തതും എന്നതാണ് വസ്തുത. അതായത് ഈ സമിതിയുടെ ജനനം തന്നെ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായിരുന്നില്ല എന്നർത്ഥം. 

നവോത്ഥാനമെന്നത് സർക്കാർ സ്‌പോൺസേഡ് പരിപാടിയല്ല എന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചാണ് സർക്കാരിന്റെ പുതിയ നീക്കം.  സംവരണം നിലനിന്നിട്ടു പോലും നിർണായക സ്ഥാനങ്ങളിൽ ദളിതരെത്തിയോ? ആദിവാസികളുടെ അവസ്ഥ മിക്ക സംസ്ഥാനങ്ങളേക്കാൾ പിറകിലല്ലേ? ലൈംഗികതയുമായി ബന്ധപ്പെട്ട കപട സദാചാര മൂല്യങ്ങളും സദാചാര പോലീസിംഗും വർധിക്കുകയല്ലേ? ലിംഗ നീതിയും സാമൂഹ്യ നീതിയും എത്രയോ അകലെയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അയിത്തത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടോ? ഈ പട്ടികക്ക് അവസാനമുണ്ടാകില്ല. തീർച്ചയായും  നിലനിൽക്കുന്ന വിവേചനങ്ങൾക്കും അയിത്തങ്ങൾക്കുമെതിരെ ചില തീരുമാനങ്ങളെടുക്കാൻ സർക്കാരിനു കഴിയുമായിരിക്കാം. എന്നാൽ സമൂഹത്തിൽ നവോത്ഥാന മൂല്യങ്ങൾ വളരാനും വിവേചനങ്ങൾക്കതീതമായ പൊതുബോധം രൂപപ്പെടാനും അതുകൊണ്ടാകും എന്നു കരുതാനാകില്ല. ഇടതടവില്ലാതെ തുടരുന്ന നവോത്ഥാന പോരാട്ടങ്ങളിലൂടെയേ ഇതെല്ലാം സാധ്യമാകൂ. 

Latest News