Sorry, you need to enable JavaScript to visit this website.

ഗ്രേറ്റ് നിക്കോബാർ തീരത്ത് പുതിയ ജീവിയെ കണ്ടെത്തി

മാനന്തവാടി- ആൻഡമാൻ-നിക്കോബാർ ദ്വീപ് സമൂഹത്തിലെ ഗ്രേറ്റ് നിക്കോബാർ തീരത്തു കോപ്പിപോഡ് വിഭാഗത്തിൽപ്പെട്ട പുതിയ ജീവിയെ കണ്ടെത്തി. മാനന്തവാടി മേരിമാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സനു വി.ഫ്രാൻസിസ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രോട്ടോ സുവോളജി വിഭാഗം മേധാവിയും ശാസ്ത്രജ്ഞയുമായ ഡോ.ജാസ്മിൻ പുരുഷോത്തമൻ, കുസാറ്റ് സ്‌കൂൾ ഓഫ് മറൈൻ സയൻസസ് ഡീൻ പ്രൊഫ.ബിജോയ് നന്ദൻ എന്നിവരടങ്ങുന്ന  സംഘമാണ് ജീവിയെ കണ്ടെത്തിയത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രഥമ വനിതാഡയറക്ടർ ഡോ.ധൃതി ബാനർജിയോടുള്ള ആദരസൂചകമായി 'ടോർടാനസ് ധൃതി' എന്നാണ് ജീവിക്കു നൽകിയ  പേര്. 
സമുദ്ര ആവാസവ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന സൂക്ഷ്മജീവി വിഭാഗമാണ് കോപ്പിപോഡുകൾ. സമുദ്രത്തിലെ ആഹാരശൃംഖലയിൽ പ്രധാന കണ്ണിയായ ഇത്തരം ജീവികളെ ആശ്രയിച്ചാണ് മത്സ്യസമ്പത്തും സമുദ്രത്തിലെ ജീവി വിഭാഗങ്ങളും നിലനിൽക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. 
കോപ്പിപോഡുകളിലെ ടോർടാനസ് എന്ന ജനുസിലും അറ്റോർട്ടസ് എന്ന ഉപജനുസിലും ഉൾപ്പെട്ട ഈ ജീവി പ്രധാനമായും പസഫിക് സമുദ്രത്തിലെ പവിഴദ്വീപുകളിലാണ് കണ്ടുവന്നിരുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ ഇനത്തിൽപ്പെട്ട ഏഴു ജീവികളെയാണ് ഇതിനകം കണ്ടെത്തിയത്. അതിലൊന്നാണ് ഡോ.സനു ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ മുമ്പു കണ്ടെത്തിയ  ടോർടാനസ് മിനിക്കോയെൻസിസ്.  കോപ്പിപോഡുകളെക്കുറിച്ചുള്ള പഠനത്തിനു അന്താരാഷ്ട്രതലത്തിൽ വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. നോപ്ലിയസ് എന്ന അന്താരാഷ്ട്ര ടാക്‌സോണമി ജേണലിൽ പുതിയ ജീവിയെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചു.

Latest News