Sorry, you need to enable JavaScript to visit this website.

മുത്തലാഖ് നിരോധിച്ച യു.യു. ലളിത് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി- ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചു. ഓഗസ്റ്റ് 27 മുതല്‍ ജസ്റ്റിസ് യു.യു ലളിത് ആയിരിക്കും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും. അഭിഭാഷകവൃത്തിയില്‍നിന്ന് നേരിട്ട് സുപ്രീം കോടതി ബെഞ്ചിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് യു.യു ലളിത്. 1971 ല്‍ ചീഫ് ജസ്റ്റിസായ എസ്.എം സിക്രിയാണ് ആദ്യമായി അഭിഭാഷകനായിക്കെ സുപ്രീം കോടതി ജഡ്ജിയെന്ന പദവിയില്‍ എത്തിയ ആള്‍. സുപ്രീംകോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന യു.യു ലളിതിന്റെ കാലാവധി മൂന്നു മാസത്തില്‍ താഴെയാണ്. അദ്ദേഹം നവംബര്‍ എട്ടിനു വിരമിക്കും.
2014 ഓഗസ്റ്റിലാണ് യു.യു ലളിത് സുപ്രീം കോടതി ജഡ്ജിയാകുന്നത്. നിരവധി സുപ്രധാന വിധികള്‍ ഈ കാലയളവിനുള്ളില്‍ അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള വിധിയാണ്. അയോധ്യ ഭൂമി തര്‍ക്കം കൈകാര്യം ചെയ്ത ബെഞ്ചിലും യു.യു ലളിത് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം ആ കേസില്‍നിന്ന് വിട്ടുനിന്നു. അയോധ്യ കേസില്‍ അഭിഭാഷകനായിരിക്കെ കല്യാണ്‍ സിംഗിന് വേണ്ടി ഹാജരായത് ലളിത് ആയിരുന്നു എന്ന് കോടതിയില്‍ എതിര്‍പക്ഷം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഒഴിഞ്ഞത്.

 

Latest News