ന്യൂദല്‍ഹി- കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് തൃശൂരില്‍ എഫ്.എം റേഡിയോ സ്റ്റേഷന് ആരംഭിക്കാന്‍ ഒരുങ്ങുന്നു. വിനോദ വിദ്യാഭ്യാസ പ്രാധാന്യം നല്കുന്ന കമ്മ്യൂണിറ്റി റേഡിയോയാണ് ആരംഭിക്കുന്നത്.
കേരളപ്പിറവി ദിനത്തില്‍ തൃശൂരിന്റെ 'മൈ റേഡിയോ 90' പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മൈ റേഡിയോ 90 എഫ്.എം. എജ്യുടെയ്ന്‍മെന്റ് റേഡിയോ ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലെ കമ്യൂണിറ്റി റേഡിയോ വകുപ്പിനു ലൈസന്‍സ് ലഭിച്ചു കഴിഞ്ഞു. വിനോദ വിജ്ഞാന പരിപാടികള്‍ കോര്‍ത്തിണക്കിയാണ് കമ്മ്യൂണിറ്റി റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും റേഡിയോയുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതാപന് പറഞ്ഞു. മൈ റേഡിയോ 90 സജ്ജമാക്കുന്ന ആപ്പ് വഴി ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഓണ്‍ലൈന്‍ വഴി പരിപാടികള്‍ കേള്‍ക്കാം.
തൃശൂരിലെ മെഡിക്കല്‍ കോളേജ് ആസ്ഥാനം, കാര്‍ഷിക സര്‍വകലാശാല, ഫൈന്‍ ആര്‍ട്സ് കോളേജ്, കലാമണ്ഡലം, സാഹിത്യ അക്കാദമി, വിവിധ കോളേജുകള്‍, സ്കൂളുകള്‍ തുടങ്ങി സംയുക്തമായിട്ടാണ് റേഡിയോ പ്രവര്‍ത്തിക്കുന്നത്.