Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

ആര്യയുടെ ആലാപനം

കോവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതം പ്രകാശപൂരിതമാക്കിയ ഗായികയെന്ന അമിതാഭ് ബച്ചന്റെ ട്വീറ്റാണ് ആര്യാ ദയാൽ എന്ന കണ്ണൂർക്കാരിയുടെ ജീവിതം മാറ്റിമറിച്ചത്. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയായിരുന്നു പലരുടെയും വിനോദ മാർഗം. ഫെയ്‌സ് ബുക്ക് ലൈവുകളും വൈറൽ വീഡിയോകളും കണ്ടും കേട്ടും ആസ്വദിച്ചും കഴിച്ചുകൂട്ടിയ കാലത്താണ് ഒരു പെൺകുട്ടിയുടെ പാട്ടുവീഡിയോ എല്ലാവരുടെയും ഫോണുകളിലേയ്ക്ക് ഒഴുകിയെത്തിയത്. അറിയാവുന്ന സംഗീതമെല്ലാം കാച്ചിക്കുറുക്കി ഫ്യൂഷൻ രൂപത്തിൽ ഒരു പാട്ടു പാടിയപ്പോൾ അത് വൻ ഹിറ്റാവുകയായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രി കിടക്കയിൽ കഴിയവേയാണ് ആര്യയുടെ വീഡിയോ കണ്ട് നീ എന്റെ ആശുപത്രി ദിനങ്ങളെ പ്രകാശപൂരിതമാക്കി എന്ന് ബിഗ് ബി ട്വീറ്റ് ചെയ്തത്. അപ്പോഴേയ്ക്കും ഇന്ത്യയൊട്ടാകെ ആര്യയുടെ വീഡിയോ വൈറലായിക്കഴിഞ്ഞിരുന്നു. 

നിരവധി അവസരങ്ങളാണ് ആര്യയെ കാത്തിരുന്നത്. താനൊരു സംഗീതജ്ഞയാണെന്ന് പരിചയപ്പെടുത്താൻ പോലും തുടങ്ങിയത് അതോടെയാണ്... ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കഭി കഭി അദിതി സിന്ദഗി  എന്ന ഗാനവും ഹിറ്റായതോടെ ആര്യക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തന്റെ സംഗീത ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ആര്യ.

പാടിത്തുടങ്ങിയത്

കുട്ടിക്കാലം തൊട്ടേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. വസുമതി ടീച്ചറായിരുന്നു ആദ്യ ഗുരു. പിന്നീട് രാജീവ് കുമാർ,  ജയശ്രീ രാജീവ് ദമ്പതികളുടെ കീഴിലും സംഗീതം അഭ്യസിച്ചു. എം.ടി. രാമനാഥൻ, കെ.വി. നാരായണസ്വാമി, എൽ. ശങ്കർ എന്നിവരുടെയെല്ലാം കടുത്ത ആരാധികയാണ്. കലോത്സങ്ങളിൽ എല്ലാ പാട്ടുമത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. കണ്ണൂർ സർവകലാശാലാ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും പദ്യപാരായണത്തിലും രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഡിഗ്രി പഠനകാലത്താണ് സഖാവ് എന്ന കവിത ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒരു ദിവസം അമ്മയുമായി കലഹിച്ച് മുറിയിൽ കതകടച്ചിരുന്നു. സങ്കടം സഹിക്കാനാവാതെ വന്നപ്പോഴാണ് കൂട്ടുകാർ അയച്ചുതന്ന കവിതകളെടുത്തു നോക്കിയത്. സഖാവ് എന്ന കവിത മനസ്സിലുടക്കി. ഫോണിൽ തന്നെ കണ്ട ഒരു വോയ്‌സിൽ അത് പാടിനോക്കി. സംഗതി കൊള്ളാമെന്നു തോന്നിയപ്പോൾ ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ കവിത വൈറലാവുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ സംഗീത വീഡിയോകൾ ചെയ്തുകൊണ്ട് സംഗീത രംഗത്തു നിലകൊണ്ടു.
സഖാവ് പുറത്തിറങ്ങിയതോടെ ഏറെ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അവയൊന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നവയായിരുന്നില്ല. പ്രശസ്തി നേടിയെങ്കിലും അവ നിലനിർത്താൻ കഴിഞ്ഞില്ല. ഒരിക്കൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ശ്രമിച്ചുനോക്കിയെങ്കിലും അവസരം ലഭിച്ചില്ല. പിന്നീട് ശ്രമിച്ചതുമില്ല. കവർ വേർഷനായി പാടാൻ ഞാൻ തന്നെയാണ് പാട്ടുകൾ തെരഞ്ഞെടുക്കാറ്. പ്രൊഡക്ഷൻ ജോലികൾ നോക്കുന്നത് സാജനും സന്തോഷുമാണ്. 

അങ്ങനെ വേണം എന്ന പ്രോജ്ക്ട്

സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പിന്റെ പ്രോജക്ടായിരുന്നു അങ്ങനെ വേണം എന്നത്. ഏറെ സന്തോഷം നൽകിയ ജോലിയായിരുന്നു അത്.  ഇനി അരുത് വിട്ടുവീഴ്ച എന്ന കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ആ പ്രോജക്ട് അവതരിപ്പിച്ചത്. സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഇതിവൃത്തമാക്കി ശശികലയാണ് വരികളെഴുതിയത്. പ്രൊഡക്ഷൻ കാര്യങ്ങൾ നോക്കിയത് വർക്കിച്ചേട്ടനായിരുന്നു. കൃത്യമായ നിർദേശങ്ങൾ നൽകി അനുപമ ഐ.എ.എസും കൂടെയുണ്ടായിരുന്നു. നല്ലൊരു സംഗീത വിരുന്നായിരുന്നു ഞങ്ങളൊരുക്കിയത്.
പാടിത്തുടങ്ങിയപ്പോൾ ഏറെ സാമ്പത്തിക പ്രതിസന്ധികളെ നേരിടേണ്ടിവന്നിരുന്നു. യൂട്യൂബിൽനിന്നും വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ ആശ്വാസമായി. പഠനം കഴിഞ്ഞപ്പോൾ പല ജോലികൾക്കും ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഒടുവിൽ യൂട്യൂബിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അവിടെനിന്നുള്ള വരുമാനം കൊണ്ടാണ് എന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും പാട്ട് ചെയ്യാനുമായി ചെലവഴിച്ചത്. ബാംഗ്ലൂരിൽനിന്നും കൊച്ചിയിലേയ്ക്കു മാറി. ഇവിടത്തെ പാട്ടുകൂട്ടവുമായി ചേർന്നാണ് ഇപ്പോഴത്തെ സംഗീത പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. എങ്കിലും ഒരു സ്ഥിരം ജോലി എന്നത് സ്വപ്‌നമാണ്. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 

പിന്നണി ഗാനരംഗം

എന്റെ ശബ്ദത്തിനു സമാനമായ പാട്ടുകൾ വന്നാൽ തീർച്ചയായും വിളിക്കുമെന്ന് ഒരിക്കൽ ഡി. ഇമ്മൻ സാറ് വാക്കു തന്നിരുന്നു. അദ്ദേഹം ആ വാക്ക് പാലിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യമായി സിനിമയിൽ പാടുന്നത്. ഉടൻ പിറപ്പ് എന്ന തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം. മലയാളത്തിൽ മധുരം എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങ് പാടിയിരുന്നു. കൂടാതെ ജി.വി. പ്രകാശ് സാറിനൊപ്പം യാനെ എന്ന തമിഴ് ചിത്രത്തിനു വേണ്ടിയും പാടിയിട്ടുണ്ട്. ഈ ചിത്രമാണ് ആദ്യമായി തിയേറ്ററിലെത്തുന്നത്. മുൻപ് പാടിയവയൊക്കെയും ഒ.ടി.ടി. റിലീസായിരുന്നു. തിയേറ്ററിൽ എന്റെ പാട്ടു കേൾക്കാനുള്ള ആകാംക്ഷയിലാണിപ്പോൾ.
സ്‌റ്റേജ് പെർഫോർമൻസ് വല്ലാത്തൊരു അനുഭൂതിയാണ്. പാടിക്കഴിയുമ്പോൾ എല്ലാവരും കൈയടിക്കുന്നത് കേൾക്കുമ്പോഴുള്ള സുഖം. അറിയാത്തവർ പോലും നന്നായി പാടി എന്നു പറയുമ്പോഴുണ്ടാകുന്ന സന്തോഷം. 
തലശ്ശേരി ബ്രണ്ണൻ കോളേജിൽനിന്നും മാത്‌സിലായിരുന്നു ബിരുദം നേടിയത്. തുടർന്ന് ബാംഗ്ലൂരിൽ ചെന്ന് സ്റ്റാറ്റിസ്റ്റിക്‌സിൽ പി.ജിയെടുത്തു. ഇനിയും പഠനം തുടരണം. പിഎച്ച്.ഡി ചെയ്യാനുള്ള ഒരുക്കവും നടന്നുവരുന്നുണ്ട്. അച്ഛൻ ദയാലിന് ശക്തി ഫിനാൻസിലായിരുന്നു ജോലി. അമ്മ റോജ ആർ.ഡി ഏജന്റാണ്. പാട്ടിൽ ഏറെ സ്വാധീനിച്ചിട്ടുള്ളത് ടെയ്‌ലർ സ്വിഫ്റ്റിന്റെ എഴുത്തും പാട്ടുമാണ്. 

Latest News