ഇടുക്കി-വെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയില്‍ ഉരുള്‍പൊട്ടി. അര്‍ധരാത്രിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വള്ളിമടത്തില്‍ പങ്കജാക്ഷി ബോസ്, വല്ലനാട്ട് രവി എന്നിവരുടെ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. ഉരുള്‍പൊട്ടല്‍ സമയത്ത് വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നു. മണ്ണും ചെളിയും ഒഴുകിയെത്തുന്ന ശബ്ദം കേട്ട് കുടുംബങ്ങള്‍ വീടുകളില്‍ നിന്നു മാറി അയല്‍വീടുകളില്‍ അഭയം പ്രാപിച്ചു.
പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ മണ്ണിനിടയില്‍പ്പെട്ടു.കല്ലും മണ്ണും വന്നടിഞ്ഞതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി- വെള്ളത്തൂവല്‍ റോഡില്‍ ഗതാഗതം നിലച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് മറ്റ് വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്. വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ക്യാമ്പ് തുറന്നു.






