എംഎല്‍എയുടെ ബംഗ്ലാവില്‍ കയറിയ കള്ളന്‍   കശുവണ്ടിപ്പരിപ്പും ബദാമും വരെ കൊണ്ടു പോയി 

ഭോപാല്‍- മധ്യപ്രദേശില്‍ ദാമോയിലെ പതാരിയ അസംബ്ലി മണ്ഡലത്തിലെ ബി.എസ്.പി  എംഎല്‍എയായ രാംബായ് സിംഗിന്റെ   ബംഗ്ലാവിലാണ് മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയത്. ചെറുപ്പക്കാരിയായ ഈ എം.എല്‍.എ സംസ്ഥാനത്ത് വളരെ പ്രശസ്തയാണ്. ധൈര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബിഎസ്പിയുടെ സംസ്ഥാന ഓഫീസിന് തൊട്ടുമുന്നിലാണ് ഇവരുടെ ബംഗ്ലാവ്.   ബംഗ്ലാവില്‍ കയറിയ കള്ളന്മാര്‍  ഇലക്‌ട്രോണിക് സാധനങ്ങള്‍, ലൈറ്റുകള്‍, ഫാനുകള്‍  ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ മോഷ്ടിച്ചു.  എംഎല്‍എയുടെ ബംഗ്ലാവില്‍ സൂക്ഷിച്ചിരുന്ന കശുവണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവയും കള്ളന്മാര്‍ കൊണ്ടു പോയി. 
ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് മോഷണം നടന്നത്. സംഭവം നടക്കുമ്പോള്‍ ബംഗ്ലാവില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രാംബായ് സിംഗിന്റെ ഡ്രൈവര്‍ ബംഗ്ലാവ് പൂട്ടി വീട്ടിലേക്ക് പോയിരുന്നു.  അടുത്ത ദിവസം രാവിലെ ബംഗ്ലാവില്‍ എത്തുമ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ തിങ്കളാഴ്ച ടിടി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അജ്ഞാതര്‍ക്കെതിരെ മോഷണത്തിന് കേസെടുത്ത് ആന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്.  സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.   ഇതുവരെ മോഷ്ടാക്കളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.

Latest News