Sorry, you need to enable JavaScript to visit this website.

32 വര്‍ഷം പഴക്കമുള്ള കേസില്‍ യു.പി മന്ത്രി രാകേഷ് സച്ചന് ഒരു കൊല്ലം തടവ്

ലഖ്‌നൗ- അനധികൃതമായി ആയുധം കൈവശം വച്ചതിന് യു.പി മന്ത്രിസഭാംഗം രാകേഷ് സച്ചന് കോടതി ഒരു വര്‍ഷം തടവ് ശിക്ഷവിധിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ചെറുകിട വ്യവസായ, ഖാദി വകുപ്പുകളുടെ മന്ത്രിയാണ് രാകേഷ്. 1991 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷാ വിധി. ഒരു വര്‍ഷം തടവും 1,500 രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍നിന്ന് സച്ചന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

കുറ്റക്കാരനെന്ന് വിധിച്ചതിന് ശേഷം, ശിക്ഷ  വിധിക്കും മുമ്പ് മന്ത്രിയെ കോടതിയില്‍നിന്ന് കാണാതായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുറ്റക്കാരനെന്ന് വിധിച്ചതോടെ കാണ്‍പൂരിലെ കോടതിയില്‍നിന്ന് മന്ത്രി ഒളിച്ചോടിയതായി ആരോപിക്കപ്പെട്ടു. എന്നാല്‍, ആരോപണം മന്ത്രി നിഷേധിച്ചു.

സ്വാധീനമുള്ള കുര്‍മി നേതാവായി കണക്കാക്കപ്പെടുന്ന രാകേഷ് സച്ചന്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. മുലായം സിങ്ങിനോടും ശിവ്പാല്‍ സിങ്ങിനോടും ഏറെ അടുപ്പമുള്ളയാളാണ് അദ്ദേഹം. 1993ലും 2002ലും ഘതംപൂര്‍ നിയമസഭാ സീറ്റില്‍ നിന്നുള്ള എംഎല്‍എയായ അദ്ദേഹം 2009ല്‍ ഫത്തേപൂര്‍ ലോക്‌സഭാ സീറ്റില്‍ വിജയിച്ചു.

കാണ്‍പൂരിലെ കിദ്വായ് നഗറിലെ താമസക്കാരനായ സച്ചന്‍ ബി.എസ്.പിയുടെ മഹേന്ദ്ര പ്രസാദ് നിഷാദിനെ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മാറുകയും 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും ചെയ്തു.

 

Latest News