Sorry, you need to enable JavaScript to visit this website.

മാധ്യമ രംഗത്തെ പഴയ തലമുറ സംഗമിച്ച കാലം


പത്രപ്രവർത്തക യൂനിയന്റെ നിയുക്ത പ്രസിഡന്റ് എം.വി. വിനീത രണ്ടു സമ്മേളന വേദികളിലുമുണ്ടായിരുന്നു. തനിക്ക് മുന്നിൽ നടന്നവർ എന്നാണ് വിനീത മുതിർന്ന തലമുറയെ വിശേഷിപ്പിച്ചത്. ചുവന്ന പ്ലാവിലകൾ  കാണുമ്പോൾ പത്രപ്രവർത്തകരുടെ പുതുതലമുറ നേതാവിന് ചിരിവരുന്നില്ല. ഇനി വരുന്ന തലമുറക്കും ഇവിടെ വാസം സാധ്യമാകാൻ ഇതുപോലുള്ള പച്ചപ്പുള്ള വാക്കുകളും  ഇനിയുള്ള കാലത്ത് ആവശ്യമായി വരും.


മാധ്യമ രംഗത്തെ പഴയ തലമുറയുടെ സമ്മേളന കാലമായിരുന്നു കഴിഞ്ഞ ദിവസങ്ങൾ. ആയുസ്സിൽ പത്ത് വർഷങ്ങൾ പിന്നിട്ട  സീനിയർ ജേണലിസ്റ്റ് ഫോറം കേരളയുടെ 10 ാം സംസ്ഥാന സമ്മേളനം കോഴിക്കോട്ടായിരുന്നു. ഓഗസ്റ്റ് നാല് മുതൽ 6 വരെ.  മൂന്ന് വയസ്സ് പ്രായമായ കേരള സീനിയർ ജേണലിസ്റ്റ് യൂനിയന്റെ സമ്മേളനം കൊച്ചിയിലും (ഓഗസ്റ്റ് 5, 6 തീയതികൾ)  . ഫോറത്തിന്റെ പ്രസിഡന്റ് അഡ്വ. വി. പ്രതാപ ചന്ദ്രൻ. സീനിയർ ജേണലിസ്റ്റ് യൂനിയൻ  പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ. വർക്കിങ് പ്രസിഡന്റ് കെ.ജനാർദ്ദനൻ നായർ.   ഒരേ ലക്ഷ്യത്തിനായി  വിവിധ മാർഗങ്ങളിൽ   പ്രവർത്തിക്കുന്ന രണ്ട്  സംഘടനകളുടെയും സമ്മേളനത്തിൽ  പഴയ തലമുറയുടെ പ്രതിനിധികളധികപേരും ആഹ്ലാദപൂർവമാണ്   ഒത്തുചേർന്നത്.  സംഭവ ബഹുലമായ തൊഴിൽ കാലം പിന്നിട്ടവർക്ക് വർഷത്തിലൊരിക്കെലെങ്കിലും കണ്ടുമുട്ടാനാവുന്നത് ആ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസം തന്നെയാണ്. ഒത്തു  ചേരലിന്റെ രണ്ട് മൂന്ന് വർഷങ്ങൾ കോവിഡ് മഹാമാരി കവർന്ന ശേഷം  നടന്ന സമ്മേളനം  ആ കാലത്ത് മരിച്ചു പിരിഞ്ഞവരെ ഓർക്കാനുമുള്ളതായിരുന്നു. അവരൊക്കെ സമ്മേളന അനുസ്മരണങ്ങളിൽ നിറഞ്ഞു. കൊച്ചിയിൽ നടന്ന യൂനിയൻ സമ്മേളനത്തിന്റെ നഗർ (വൈ.എം.സി.എ ഹാൾ) കെ.എം. റോയിയുടെ പേരിലായിരുന്നു. അടുത്ത ദിവസം വിട്ടുപിരിഞ്ഞ പി.എം. മൊയ്തീൻ, എ. സഹദേവൻ എന്നിവരുടെ പേരിൽ കവാടമുണ്ടായിരുന്നു. പത്രപ്രവർത്തകൻ എന്ന നിലക്ക് മാത്രമല്ല സംഘടന പ്രവർത്തകൻ എന്ന നിലക്കും  റോയി എത്ര മാത്രം ശക്തനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചവർക്കറിയാം. നിലവിലുള്ളവരും ഇനി വരാനിരിക്കുന്നവരുമായ പത്ര തലമുറകളുടെ ക്ഷേമത്തിനായി അദ്ദേഹം  മുന്നോട്ട് വെച്ച ഒരാശയം സഹപ്രവർത്തകനായ പി.എ. അലക്‌സാണ്ടർ  കൊച്ചിയിൽ നടന്ന യൂനിയൻ പ്രതിനിധി സമ്മേളനത്തിൽ വെളിപ്പെടുത്തുകയുണ്ടായി. പത്ര പ്രവർത്തക പെൻഷനാവശ്യമായ തുക കണ്ടെത്താനാവാത്ത പ്രതിസന്ധി പരിഹരിക്കാനുള്ളതായിരുന്നു ആ നിർദേശം. സർക്കാർ  മാധ്യമങ്ങൾക്ക് നൽകുന്ന പരസ്യത്തിന്റെ നിശ്ചിത ശതമാനം പത്രപ്രവർത്തക - പത്ര പ്രവർത്തകേതര പെൻഷൻ പദ്ധതിയിലേക്ക് വാങ്ങുക എന്നതായിരുന്നു ആ നിർദേശം. മാനേജ്‌മെന്റിന്റെ സഹായമില്ലാതെ തന്നെ പെൻഷൻ പദ്ധതി കാര്യക്ഷമമായി നിലനിർത്താനുള്ള  പ്രയോഗിക മാർഗം. ശക്തനായ ഭരണാധികാരിക്ക് മാത്രം ചെയ്യാനാവുന്ന കാര്യമാണിത്.   കേരളത്തിലെ പ്രസ് ക്ലബ്ബുകളുടെ കാരണവ സ്ഥാനത്തുള്ള എറണാകുളം  പ്രസ് ക്ലബ്ബ് ഉണ്ടായി വന്ന ചരിത്രവും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അലക്‌സാണ്ടർ ഓർത്തത്, സമ്മേളന സദസ്സിലെയും വേദിയിലെയും പഴയതും പുതിയതുമായ തലമുറക്ക് ആവേശമായി. 


എറണാകുളത്തെ പത്രക്കാർക്ക് ഇരിക്കാൻ ഒരിടത്തിനായി മൂന്ന് സെന്റ് സ്ഥലം അനുവദിച്ചത് അന്നത്തെ ഗവർണറായിരുന്ന ഭഗവാൻ സഹായിയായിരുന്നു എന്നത് ഇന്ന് ചിന്തിക്കാൻ പോലുമാകാത്ത സംഗതി.  എന്നാൽ അത്തരത്തിലുള്ള ഗവർണർമാരുമുണ്ടായിരുന്നു കേരളത്തിൽ.
കോഴിക്കോട് ഫോറം  സമ്മേളനം ഉദ്ഘാടനം ചെയത് മന്ത്രി കെ. രാജന്റെ വാക്കുകളും കൊച്ചിയിൽ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നിലപാടുകളും പ്രതീക്ഷ നൽകുന്നതായി. മാധ്യമ സമൂഹത്തെയാകെ പൂട്ടിക്കെട്ടികളയാം എന്ന ദുഷ്ട മോഹങ്ങളുമായി നാടുവാഴുന്നവരോടൊപ്പം തങ്ങളില്ലെന്ന് ഇവർ സാക്ഷ്യം പറയുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്കാരായ പുതുതലമുറക്കാരെക്കുറിച്ചും ജനാധിപത്യ വിശ്വാസികൾക്ക് മോശം ചിന്ത വേണ്ടെന്ന സന്ദേശമായിരിക്കുമോ ഇവർ നൽകുന്നുണ്ടാവുക?  നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം എന്ന വാർത്ത വന്നപ്പോൾ അതൊരു വലിയ നാണക്കേടായി അനുഭവപ്പെട്ട സ്പീക്കർ എം.ബി. രാജേഷ് ഇടപെട്ട രീതി കേരളത്തിന് മുന്നിലുണ്ട്. ചടലുമായ ഇടപെടലിലൂടെ ആ കളങ്കം തത്സമയം കഴുകിക്കളയാൻ രാജേഷിന് അന്ന് സാധിച്ചു. സി.പി.ഐയുടെ പുതുതലമുറ നേതാവ് കൂടിയായ മന്ത്രി അഡ്വ. കെ. രാജൻ കോഴിക്കോട്ട് ഫോറം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെ-
തങ്ങൾക്കിഷ്ടമില്ലാത്ത പത്രങ്ങളും സ്ഥാപനങ്ങളും പൂട്ടിക്കുക എന്ന പുതിയ ശീലങ്ങളിലേക്ക് ഭരണകൂടം കടക്കുകയാണ്. മീഡിയാവൺ നിശ്ശബ്ദമാക്കിയപ്പോൾ പ്രതിഷേധിച്ച് മുന്നോട്ടു വന്നെങ്കിലും ഡെക്കാൻ ക്രോണിക്കിൾ പൂട്ടുമ്പോൾ നിശ്ശബ്ദമാവേണ്ടി വരുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിളിക്കുന്ന മാധ്യമ ലോകം സ്വതന്ത്രമാവുകയും നിർഭയമായി പ്രവർത്തിക്കാനും കഴിയുന്ന രീതിയിൽ നിലകൊള്ളുക എന്നതാണ് സീനിയർ ജേണലിസ്റ്റുകളുടെയും ജനാധിപത്യ വാദികളുടെയും പ്രധാനപ്പെട്ട കടമയെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വരുന്ന തലമുറ നിർഭയമായി ചൂണ്ടുവിരൽ ഉയർത്തേണ്ട കാലമാണ്. സ്വദേശാഭിമാനിയുടേതാണ് മാധ്യമ പ്രവർത്തകരുടെ പാരമ്പര്യമെന്ന് നാം തിരിച്ചറിയണം. ഏതെങ്കിലും ഭരണകൂടത്തിന്റെ ഭീഷണിക്കു മുമ്പിൽ അടിയറ വെക്കേണ്ടതല്ല മാധ്യമ പ്രവർത്തനത്തിന്റെ തൂലിക എന്ന് തിരിച്ചറിയുമ്പോഴാണ് ജനാധിപത്യത്തിന്റെ നിലനിൽപിനു വേണ്ടിയുള്ള സമരമാവുന്നത്.


പാർലമെന്റിൽ അടുത്ത ദിവസങ്ങളിൽ പോയപ്പോൾ എത്ര വേഗത്തിലാണ് അവിടെ മാധ്യമ സമൃദ്ധിയെുടെ പുഷ്‌കലകാലം ഇല്ലാതായതെന്ന് മന്ത്രി പി. രാജീവിന് തിരിച്ചറിയാൻ സാധിച്ചിരുന്നു. മാധ്യമ പ്രവർത്തകരെയും പാർലമെന്റ് അംഗങ്ങളെയും അകറ്റി നിർത്തുകയും അവകാശങ്ങൾ നിഷേധിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരള ഭരണവും  വേറിട്ടു നിൽക്കുന്നില്ലെന്ന് തുറന്നു പറഞ്ഞു.  ചരിത്രത്തിലെ ആദ്യത്തെ പി.ആർ വർക്ക് ആശാനായിരുന്നു ജോസഫ് ഗീബൽസ്. നാസി  ജർമനിയുടെ പ്രൊപ്പഗണ്ട മന്തിയായിരുന്ന  അദ്ദേഹമാണ്  ശരീര പ്രകൃതി കൊണ്ട് പോലും ശരാശരിയായ ഹിറ്റ്‌ലറെ മഹാനാക്കിയത്. അത് തന്നെയാണ് ഇന്ന് നമ്മുടെ നാട്ടിലും നടക്കുന്നത് -സതീശൻ മുതിർന്ന തലമുറ പത്രപ്രവർത്തകരെ ഓർമപ്പെടുത്തി.  സമീപകാലത്തു പോലും കേരളത്തിൽ സജീവമായിരുന്ന പത്രസമ്മേളനങ്ങളും അവയുടെ സജീവതയും സതീശൻ ഓർമിച്ചത് പഴയ തലമുറയിലെ ചോദ്യക്കാരായ പുലികൾക്ക് ഗൃഹാതുരയായത് സ്വാഭാവികം. ഇപ്പോൾ വല്ലപ്പോഴും പത്രസമ്മേളനം നടന്നാലായി. നടക്കുന്ന പത്രസമ്മേളനത്തിൽ തന്നെ ഭരണാധികാരിക്ക് എതിരായി ചോദ്യം വന്നാൽ ഉടൻ വരും രണ്ട് മൂന്ന് അനുകൂല ചോദ്യങ്ങൾ. പിന്നെ അതിന്റെ സുദീർഘ ഉത്തരം- കഥ കഴിഞ്ഞു. 
പത്രപ്രവർത്തക യൂനിയന്റെ നിയുക്ത പ്രസിഡന്റ് 
എം.വി. വിനീത രണ്ടു സമ്മേളന വേദികളിലുമുണ്ടായിരുന്നു. തനിക്ക് മുന്നിൽ നടന്നവർ എന്നാണ് വിനീത മുതിർന്ന തലമുറയെ വിശേഷിപ്പിച്ചത്. ചുവന്ന പ്ലാവിലകൾ  കാണുമ്പോൾ പത്രപ്രവർത്തകരുടെ പുതുതലമുറ നേതാവിന് ചിരി വരുന്നില്ല. ഇനി വരുന്ന തലമുറക്കും ഇവിടെ വാസം സാധ്യമാകാൻ ഇതുപോലുള്ള പച്ചപ്പുള്ള വാക്കുകളും  ഇനിയുള്ള കാലത്ത് ആവശ്യമായി വരും.

Latest News