മലപ്പുറം- ടീൻ ഇന്ത്യ കേരള കൗമാര സമ്മേളനം സമാപിച്ചു. കോട്ടകുന്നിൽ നടന്ന സമാപന സമ്മേളനം സ്റ്റുഡൻസ് സർക്കിൾ അഖിലേന്ത്യാ രക്ഷാധികാരി സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികത സൃഷ്ടിക്കാൻ ഒന്നിച്ചണി ചേരണമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർത്തുകൊണ്ടിരിക്കുന്നവരെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങളും നടക്കുന്നുവെന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. കഴിവുകളുകളുടെ കലവറകളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ കഴിവുകൾ കണ്ടെത്തി രാജ്യപുരോഗതിക്കു വേണ്ടി വികസിപ്പിക്കുവാൻ പരിശ്രമം നടത്തണം. നന്മയിലും നീതിയിലും അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യത്തിലെത്താൻ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴവില്ല് സംസ്ഥാനതല ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നിർവ്വഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രണവ് എം.വി., നൂർ ജലീല, അനുജാത്, മറിയം കോറോത്ത്, ഫാത്തിമ ബിസ്മി എന്നിവരെ ആദരിച്ചു.
ടീൻ ഇന്ത്യ കേരള ഗേൾസ് ക്യാപ്റ്റൻ നൂറ മൈസൂൻ അധ്യക്ഷത വഹിച്ചു. ഗോപിനാഥ് മുതുകാട് മാജിക്കൽ സ്പീച്ച് ഫോർ ടീൻസ് അവതരിപ്പിച്ചു. അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ ടി.ആരിഫലി, എസ്.ഐ.ഒ. അഖിലേന്ത്യാ പ്രസിഡണ്ട് നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ്, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട് എ. റഹ്മത്തുന്നീസ എന്നിവർ സംസാരിച്ചു.
അറിവ്, നീതിക്കുവേണ്ടി, ലഹരി എന്നീ വിഷയങ്ങളിൽ റിദ ഇസ്ലാം, നുഹ നാസർ, ഹെൽമിൻ വഹാബ് പ്രമേയങ്ങളവതരിപ്പിച്ചു.
നന്മയുടെ ലോകം പണിയാൻ കേരള പുറപ്പെടുന്ന കൗമാരത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സമാപന സന്ദേശം നൽകി.
സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഷോഷയാത്രയിൽ കശ്മീരിൽ കൊല്ലപ്പെട്ട ആസിഫക്ക് ഐക്യദാർഢ്യമറിയിച്ചു. പ്രത്യേകം യൂനിഫോമുകളണിഞ്ഞ ആയിരത്തോളം കൗമാരക്കാരാണ് റാലിയിൽ അണിനിരന്നത്. ടീൻ ഇന്ത്യ സംസ്ഥാന ക്യാപ്റ്റൻ ടി.എ. ജവാദ്, നൂറ മൈസൂൻ, വൈസ് ക്യാപ്റ്റൻ അഫ്നാൻ പട്ടാമ്പി, റിദ ഇസ്ലാം എന്നിവർ നേതൃത്വം നൽകി.
നേരത്തെ മലപ്പുറം വിദ്യാനഗർ പബ്ലിക് സ്കൂളിൽ ടീൻ ഇന്ത്യ കേരള കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ടീൻ ഇന്ത്യ സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.ടി.എ. ജവാദ് അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകൻ ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡണ്ട് എ. റഹ്മത്തുന്നീസ, സിജി പ്രസിഡണ്ട് അബ്ദുസ്സലാം കളമശ്ശേരി, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജി.ഐ.ഒ. കേരള പ്രസിഡണ്ട് അഫീദ അഹ്മദ്, തമന്ന സുൽത്താന, മലർവാടി സംസ്ഥാന കോഡിനേറ്റർ മുസ്തഫ മങ്കട, ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ അബ്ദുൽ ജലീൽ മോങ്ങം, ജനറൽ കൺവീനർ മുസ്തഫാ ഹുസൈൻ എന്നിവർ സംസാരിച്ചു. ഖുർആനിൽ നിന്ന് അഫ്നാൻ പട്ടാമ്പി അവതരിപ്പിച്ചു.






