ഞാന്‍ എന്തു തെറ്റ് ചെയ്തിട്ടാണ്, ഓണ്‍ലൈന്‍ വിദ്വേഷത്തോട് പ്രതികരിച്ച് വിവാദ നടി

മുംബൈ- സെലിബ്രിറ്റിയാണെങ്കില്‍ നിങ്ങളോടുള്ള വിദ്വേഷം ആയിരക്കണക്കിനു മടങ്ങായി വര്‍ധിക്കുമെന്ന് തട്ടിപ്പുവീരനോടൊപ്പം വിവാദത്തിലകപ്പെട്ട  നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട പലതവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്ത നടിയാണ് ജാക്വിലിന്‍. സുകേഷിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. സെലിബ്രിറ്റി ആയതിനാല്‍ തന്നോടുള്ള ഇഷ്ടക്കേട് ആയിരക്കണക്കിന് ഇരട്ടിയായി വര്‍ധിച്ചതാണ് തെറ്റായ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും ഓണ്‍ലൈനിലെ വിദ്വേഷ പ്രചാരണത്തിനു കാരണമെന്ന് നടി മാഷബിള്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിക്രാന്ത് റോണ നടിയായ ജാക്വിലിനുമായി താന്‍ പ്രണയത്തിലാണെന്ന് സുകേഷ് ചന്ദ്രശേഖര്‍ വെളപ്പെടുത്തിയിരുന്നു. സുകേഷിനോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
മനുഷ്യരെന്ന നിലയില്‍ എല്ലാവരും ഇഷ്ടപ്പെടണമെന്ന ആഗ്രഹം സ്വാഭാവികമാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ല. സെലിബ്രിറ്റി ആയതുകൊണ്ടാണ് തന്നോടുള്ള വിരോധം വിദ്വേഷമായി പതിന്മടങ്ങ് വര്‍ധിച്ചത്. എല്ലാവരും തന്നെ ഇഷ്ടപ്പെടില്ല യാഥാര്‍ഥ്യം മനസ്സിലാക്കുകയാണ് പ്രധാനം. ഇത് അംഗീകരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയിലേക്ക് സമാധാനത്തോടെ മടങ്ങാന്‍ പ്രയാസമുണ്ടാകില്ല-നടി പറഞ്ഞു.
നിങ്ങളെ ഇഷ്ടപ്പെടുന്ന കുറച്ചുപേരുണ്ടാകും. അവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവരുടെ സ്‌നേഹത്തണലില്‍ ജീവിതം മനോഹരമാക്കാം- അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്‍വീര്‍ സിംഗിനും പൂജ ഹെഗ്‌ഡെക്കുമൊപ്പമാണ് ജാക്വിലന്റെ അടുത്ത സിനിമ. അക്ഷയ്കുമാറിന്റെ രാം സേതുവിലും അഭിനയിക്കുന്നുണ്ട്.  

 

Latest News