Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ശക്തമായ  മഴ തുടരും 

കോഴിക്കോട്- കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നതും നേരിയ ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ദേവികുളം,പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി,ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.
അഞ്ച് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. ദേവികുളം, പീരുമേട്, കുട്ടനാട് താലൂക്കുകളിലും ഇന്ന് അവധിയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138.40 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കന്റില്‍ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.

Latest News