Sorry, you need to enable JavaScript to visit this website.

ഇതാ, നാളെയുടെ പത്തു പേർ

ഹാർവി എലിയറ്റ് 
എഡ്വോഡൊ കാമവിംഗ
മുഹമ്മദലി ചോ
നിക്കൊളൊ റൊവെല്ല

ലോകകപ്പ് സീസണിലെ യൂറോപ്യൻ ഫുട്‌ബോൾ കലണ്ടറിന് ഈയാഴ്ച തുടക്കമായി. യൂറോപ്പിലെ മുൻനിര ലീഗുകളെ ഈ വർഷം ഇളക്കി മറിച്ചേക്കാവുന്ന പത്ത് യുവ താരങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

ഇംഗ്ലണ്ട്
ഹാർവി എലിയറ്റ്, ലിവർപൂൾ
ലിവർപൂളിൽ കഴിഞ്ഞ സീസണിൽ അരങ്ങേറിയ ഹാർവിക്ക് ഗുരുതരമായ പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കേണ്ടി വന്നു. സെപ്റ്റംബറിൽ ലീഡ്‌സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിലാണ് പത്തൊമ്പതുകാരന് പരിക്കേറ്റത്. 
മൂന്നംഗ മധ്യനിരയുടെ വലതു വശത്തായാണ് ഹാർവി കളിക്കുക. ഈ സീസണിൽ ലിവർപൂളിൽ മതിയായ അവസരം ലഭിക്കുകയാണെങ്കിൽ മിഡ്ഫീൽഡറെ ഇംഗ്ലണ്ട് വിളിപ്പിച്ചേക്കും. ലോകകപ്പ് സീസണിൽ അത് ചില്ലറ കാര്യമല്ല. പ്രത്യേകിച്ചും ജെയിംസ് മിൽനറും ജോർദാൻ ഹെൻഡേഴ്‌സനും പ്രായമേറി വരുന്ന സാഹചര്യത്തിൽ. 

കാർണി ചുകുഎമേക്ക, ചെൽസി
ആസ്റ്റൺവില്ലയുടെ യൂത്ത് അക്കാദമികളിലൂടെ വളർന്നു വന്ന കളിക്കാരനാണ് പടിനെട്ടുകാരൻ. കഴിഞ്ഞ സീസണിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ചെൽസിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇംഗ്ലണ്ടിന്റെയും ലിവർപൂളിന്റെയും മിഡ്ഫീൽഡ് ഗ്രെയ്റ്റ് സ്റ്റീവൻ ജെറാഡായിരുന്നു ആസ്റ്റൺവില്ലയിൽ കാർണിയുടെ കോച്ച്. മിഡ്ഫീൽഡറുടെ ചുമതലകളെക്കുറിച്ച് നന്നായി അറിയാവുന്ന ജെറാഡ് കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ കാർണിയെ സ്ഥിരമായി ഉപയോഗിച്ചു. 
കഴിഞ്ഞ മാസം കാർണി ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെ യൂറോപ്യൻ ചാമ്പ്യന്മാരാവാൻ സഹായിച്ചു. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ ഗോളടിക്കുകയും ടീം ഓഫ് ദ ടൂർണമെന്റിൽ സ്ഥാനം നേടുകയും ചെയ്തു. കഴിഞ്ഞ വർഷം എഫ്.എ കപ്പ് ചാമ്പ്യന്മാരായ ആസ്റ്റൺവില്ല ടീമിൽ അംഗമായിരുന്നു. ടൂർണമെന്റിലെ ടോപ്‌സ്‌കോററുമായി. 


സ്‌പെയിൻ
മുഹമ്മദലി ചോ, റയൽ സൊസൈദാദ്
കീലിയൻ എംബാപ്പെയെ പോലെ മുഹമ്മദലി ചോയും വിംഗറായാണ് കളി തുടങ്ങിയത്. ഫ്രാൻസിൽ പ്രൊഫഷനൽ ക്ലബ് കരാർ ലഭിച്ച ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. 16 വയസ്സും ഏഴു മാസവും പ്രായമുള്ളപ്പോൾ. എംബാപ്പെയുടെ റെക്കോർഡാണ് തകർത്തത്. എംബാപ്പെക്ക് മോണകൊ കരാർ നൽകുന്നതു പോലും 16 വയസ്സും 11 മാസവും പ്രായമുള്ളപ്പോഴാണ്. ഫ്രഞ്ച് ക്ലബ് ആംഗേഴ്‌സിൽ കരുത്തു കാട്ടിയ പതിനെട്ടുകാരനെ റയൽ സൊസൈദാദ് അഞ്ചു വർഷത്തെ കരാറിൽ ടീമിലെടുത്തു. രണ്ടു കാലു കൊണ്ടും കളിക്കാൻ കഴിയും. വിംഗറായും ഉപയോഗിക്കാം. 
ഏതാനും വർഷം പി.എസ്.ജി ജൂനിയർ ടീമുകളിൽ കളിച്ച ശേഷം മുഹമ്മദലി ഇംഗ്ലണ്ടിൽ എവർടന്റെ യൂത്ത് ടീമിൽ ചേർന്നു. അവിടെ നിന്നാണ് ആംഗേഴ്‌സിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ആംഗേഴ്‌സിനു വേണ്ടി നാലു ഗോളടിച്ചു. 

എഡ്വോഡൊ കാമവിംഗ, റയൽ മഡ്രീഡ്
പത്തൊമ്പതുകാരന്റെ കരിയർ നിശ്ചയിക്കുന്ന സീസണായിരിക്കും ഇത്. ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ തിരിച്ചെത്താൻ കാമവിംഗ റയലിൽ സ്‌കോറിംഗ് ബൂട്ടണിഞ്ഞേ തീരൂ. റയൽ സ്പാനിഷ് ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ കഴിഞ്ഞ സീസണിൽ കാമവിംഗ വല്ലപ്പോഴുമേ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയുള്ളൂ. ടോണി ക്രൂസും ലൂക്ക മോദ്‌റിച്ചും ഭരിക്കുന്ന റയൽ മധ്യനിരയിൽ പകരക്കാരന്റെ റോളായിരുന്നു കാമവിംഗക്ക്. വേഗവും നല്ല ടെക്‌നിക്കുമുണ്ട് കാമവിംഗക്ക്. കളിയുടെ ഗതി മനസ്സിലാക്കും. നന്നായി പാസ് ചെയ്യാനാവും. നല്ല ടാക്ലിംഗും വശമുണ്ട്. ഒന്നാന്തരം അത്‌ലറ്റെന്ന നിലയിൽ ഒരേസമയം മിന്നൽ പ്രത്യാക്രമണം നടത്താനും മധ്യനിരയിൽനിന്ന് ആക്രമണത്തിലേക്ക തിരിയാനും സാധിക്കും. ആവശ്യത്തിന് ഗോളടിക്കാനാവുന്നില്ലെന്നതാണ് ഏക ദൗർബല്യം. റയലിനും റെന്നിനും വേണ്ടി 141 മത്സരങ്ങൾ കളിച്ചു, ഗോളടിച്ചത് എട്ടു തവണ മാത്രം. 

ഇറ്റലി
നിക്കൊളൊ റൊവെല്ല, യുവന്റസ്
കഴിഞ്ഞ സീസണിൽ ലോണിൽ ജിനോവയിലായിരുന്ന ഇരുപതുകാരൻ ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ യുവന്റസിൽ തിരിച്ചെത്തിയിട്ടുണ്ട്. പോൾ പോഗ്ബക്ക് കാൽമുട്ടിന് പരിക്കാണെന്നതിനാൽ മിഡ്ഫീൽഡർക്ക് പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്താൻ അവസരമുണ്ട്. ഇറ്റലിയുടെ അണ്ടർ-21 ടീമിലെ സ്ഥിരം സാന്നിധ്യമാണ്. സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. ഒന്നാന്തരം ഫസ്റ്റ് ടച്ചും പാസിംഗുമാണ്. ഹോൾഡിംഗ് മിഡ്ഫീൽഡറായും ആക്രമണത്തിലും ടീമിനെ സഹായിക്കാൻ പറ്റും. 

ലോറൻസൊ പിറോല, സാലെർനിറ്റാന
നല്ല ടെക്‌നിക്കുള്ള, ബഹുമുഖ സെൻട്രൽ ഡിഫന്ററാണ് ഇരുപതുകാരൻ. നല്ല പാസിംഗ് കഴിവുണ്ട്. ഇന്റർ മിലാന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന പിറോലയെ ഈ സീസണിന് മുമ്പ് സാലർനിറ്റാനക്ക് കടമായി നൽകിയതാണ്. സാലർനിറ്റാനയെ പോലുള്ള ചെറുകിട ക്ലബ്ബിൽ പിറോലക്ക് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. കഴിഞ്ഞ സീസണിൽ കഷ്ടിച്ച് തരംതാഴ്ത്തൽ ഒഴിവാക്കിയ ക്ലബ്ബാണ് സാലെർനിറ്റാന. വൻ ടീമുകൾക്കെതിരെ കളിക്കുമ്പോൾ പിറോലയുടെ ടാക്ലിംഗും വായുവിൽ കളിക്കാനുള്ള കഴിവും പൊസിഷനൽ സെൻസും സാലെർനിറ്റാനക്ക് ഗുണം ചെയ്യും. അതിവേഗത്തിൽ ആക്രമിക്കുന്ന പ്രതിഭാധനരായ സ്‌ട്രൈക്കർമാർക്കെതിരെ പ്രയാസപ്പെടുന്നു എന്നതാണ് ഏക ന്യൂനത. 

ജർമനി
കരീം അദെയേമി, ബൊറൂസിയ ഡോർട്മുണ്ട്
എർലിംഗ് ഹാലാൻഡിനെ കൈവിട്ട ദുഃഖത്തിലാണ് ഡോർട്മുണ്ട് ആരാധകർ. ഇരുപതുകാരനായ കരീം അദെയേമിയിൽ മറ്റൊരു പ്രതിഭയുള്ള കളിക്കാരനെയാണ് അവർക്ക് കിട്ടിയിരിക്കുന്നത്. ഹാലാൻഡിനെ പോലെ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നിന്നാണ് അദെയേമിയും ഡോർട്മുണ്ടിലെത്തുന്നത്. കഴിഞ്ഞ സീസണിൽ സാൽസ്ബർഗിനു വേണ്ടി രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നാല് പെനാൽട്ടികളാണ് അദെയേമി നേടിയെടുത്തത്. തന്ത്രവും വേഗവും സന്തുലനവും കളിയുടെ ഗതി മനസ്സിലാക്കാനുള്ള കഴിവും അദെയേമിയെ അപകടകാരിയാക്കുന്നു. 

ആഡം ലോസക്, ബയർ ലെവർകൂസൻ
ചെക് മുൻനിരയുമായാണ് ബയർ ലെവർകൂസൻ ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തുന്നത്. പാട്രിക് ഷിക്കും ആഡം ലോസക്കും അവരുടെ ആക്രമണം നയിക്കും. ഷിക്കിന്റെ 24 ഗോളാണ് ബുണ്ടസ്‌ലിഗയിൽ മൂന്നാം സ്ഥാനത്തെത്താൻ ലെവർകൂസനെ സഹായിച്ചത്. ലോസക് സ്പാർട പ്രാഗിൽ നിന്നാണ് ലെവർകൂസനിലെത്തുന്നത്. സ്പാർടയിൽ 132 മത്സരങ്ങളുടെയും 40 ഗോളിന്റെയും പരിചയ സമ്പത്തുണ്ട് പത്തൊമ്പതുകാരന്. പതിനാറാം വയസ്സിലായിരുന്നു അരങ്ങേറ്റം. അതികായനായ ഫോർവേഡാണ് ലോസക്. വിംഗിലും കളിക്കാനാവും. ഷിക്കും സ്പാർടയുടെ ഉൽപന്നമാണ്. 

ഫ്രാൻസ്
ഹ്യൂഗൊ എകിറ്റികെ, പി.എസ്.ജി
ഇരുപതുകാരനെ റാഞ്ചാൻ പി.എസ്.ജിയും പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിലും തമ്മിൽ മത്സരമായിരുന്നു. റെയ്മിൽ നിന്നാണ് എകിറ്റികെ പി.എസ്.ജിയിലെത്തിയത്. ഒന്നാന്തരം ഫിനിഷറാണ്. ശരാശരി 3.1 ഷോട്ടുകളിലൊന്ന് ഗോളാക്കും. നെയ്മറിനെയും കീലിയൻ എംബാപ്പെയെയുംകാൾ മികച്ച ശരാശരിയാണ് ഇത്. ഫ്രഞ്ച് ലീഗിൽ മോണകോയുടെ വിസ്സാം ബിൻ യെദറിനു മാത്രമേ കൂടുതൽ മികച്ച റെക്കോർഡുള്ളൂ. 

റയാൻ ഷാർകി, ലിയോൺ
കരീം ബെൻസീമ, ഹാതിം ബിൻ അറഫ, കോറന്റിൻ ടോലിസൊ, അലക്‌സാണ്ടർ ലെക്കാസെറ്റെ തുടങ്ങിയ കളിക്കാർ വളർന്നു വന്ന ലിയോണിന്റെ യൂത്ത് അക്കാദമിയുടെ പ്രൊഡക്ടാണ് പതിനെട്ടുകാരൻ. രണ്ടു വർഷം മുമ്പ് പതിനാറാം വയസ്സിലാണ് ഷാർകി ആദ്യമായി ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു ഫ്രഞ്ച് കപ്പ് മത്സരത്തിൽ രണ്ടു ഗോളടിക്കുകയും രണ്ട് ഗോളിന് അവസരമൊരുക്കുകയും ചെയ്തു. പിന്നീട് അവസരങ്ങൾ കുറഞ്ഞു. പക്ഷേ ഈ സീസൺ വഴിത്തിരിവായേക്കാം. വേഗവും പന്തടക്കവും ഒന്നാന്തരം പാസിംഗും പ്രതിഭയും ഗോൾ മികവുമൊക്കെയുണ്ട്. 

Latest News