Sorry, you need to enable JavaScript to visit this website.

ഗ്രാസി റഗാസി 

കാർ റെയ്‌സുകളുടെ ഭ്രാന്തമായ വേഗക്കാഴ്ചകളിൽ നിന്ന് സെബാസ്റ്റിയൻ വെറ്റൽ വിരമിക്കലിന്റെ വിശ്രമത്തിലേക്ക് നീങ്ങുകയാണ്. ഗ്രാസി റഗാസി -ഏവർക്കും നന്ദി

ഭ്രാന്തമായ വേഗത്തിന്റെ മിന്നിമറയുന്ന ഓർമകൾ ബാക്കി വെച്ച് സെബാസ്റ്റിയൻ വെറ്റൽ ട്രാക്കിനോട് വിട പറയുന്നു. വെറ്റൽ എന്ന ജർമൻകാരനെ ഇന്ത്യക്കാർക്ക് മറക്കാനാവില്ല. ഫോർമുല 1 ഗ്രാൻഡ്പ്രി ഇന്ത്യയിൽ മൂന്നു തവണ നടന്നു. മൂന്ന് തവണയും വിജയം കൈവരിച്ചത് ഒരാളായിരുന്നു. നാലു തവണ ലോക ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റൽ. 
2010 ൽ സീസണിലെ അവസാന മത്സരമായ  അബുദാബി ഗ്രാൻഡ്പ്രി ഒന്നാമതായി ഫിനിഷ് ചെയ്ത് ലോക ചാമ്പ്യൻഷിപ്  കിരീടം നേടുമ്പോൾ വെറ്റലിന് പ്രായം 23. ഫോർമുല 1 ലെ തന്നെ തകർക്കപ്പെടാത്ത റെക്കോർഡ് ആയി അതിപ്പോഴും നിലനിൽക്കുന്നു .
2010 മുതൽ 2013 വരെ വെറ്റലിന്റെയും റെഡ് ബുള്ളിന്റെയും സുവർണ കാലമായിരുന്നു ഫോർമുല വണ്ണിൽ. നാല് ചാമ്പ്യൻഷിപ് കിരീടങ്ങൾ, 53 ജയങ്ങൾ, 122 പോഡിയം ഫിനിഷുകൾ, 57 പോൾ പൊസിഷനുകൾ ഇത്രയുമാണ് വെറ്റലിന്റെ 16 വർഷം നീണ്ട ഫോർമുല 1 കരിയറിലെ റെക്കോർഡുകൾ.
2006 ലെ ടർക്കിഷ് ഗ്രാൻഡ്പ്രിയിൽ ബി.എം.ഡബ്ല്യൂ സോബർ ടീമിന്റെ റിസർവ് ഡ്രൈവർ ആയാണ് വെറ്റൽ ഫോർമുല വണ്ണിൽ തുടക്കം കുറിച്ചത്. ആദ്യ പരിശീലന സെഷനിൽ തന്നെ വേഗമേറിയ സമയം കരസ്ഥമാക്കാൻ വെറ്റലിനു സാധിച്ചു.
2007 ലെ ഹംഗേറിയൻ ഗ്രാൻഡ്പ്രിയിൽ സ്‌കോട്ട് സ്പീഡിന് പകരമായി റെഡ് ബുള്ളിന്റെ സ്‌കുഡെറിയ ടോറോ റോസ്സോയിൽ വെറ്റൽ ചേർന്നു. സെബാസ്റ്റ്യൻ ബർഡെയ്‌നൊപ്പം ടോറോ റോസ്സോയ്ക്കായി അദ്ദേഹം ഡ്രൈവ് ചെയ്യുമെന്നും പ്രഖ്യാപിച്ചു.
ഫുജിയിലെ മഴ ബാധിച്ച ജാപ്പനീസ് ഗ്രാൻഡ്പ്രിയിൽ ലൂയിസ് ഹാമിൽട്ടണെയും റെഡ് ബുൾ റേസിംഗിന്റെ മാർക്ക് വെബ്ബറിനെയും പിന്നിലാക്കി വെറ്റൽ മൂന്നാം സ്ഥാനത്തേക്കു കുതിച്ചതായിരുന്നു. എന്നാൽ സുരക്ഷ കാർ സാഹചര്യങ്ങളിൽ വെറ്റലും വെബ്ബറും കൂട്ടിയിടിച്ചു, രണ്ട് കാറുകളും പിന്മാറാൻ നിർബന്ധിതരായി.
2008 ലെ മഴ നനഞ്ഞ ഇറ്റാലിയൻ ഗ്രാൻഡ്പ്രിയിൽ  പ്രായം കുറഞ്ഞ ജേതാവായി വെറ്റൽ മാറി, പ്രായം 21 വയസ്സും 74 ദിവസവും. മക്ലാരന്റെ ഹെയ്ക്കി കോവലൈനനേക്കാൾ 12.5 സെക്കൻഡ് മുന്നിലാണ് ഫിനിഷിംഗ് ലൈൻ കടന്നത്. ടോറോ റോസ്സോയുടെ ഏക വിജയം കൂടിയാണിത്. അതിനു മുമ്പെ പോൾ പൊസിഷനിലെത്തുന്ന പ്രായം കുറഞ്ഞ ഡ്രൈവറായിരുന്നു വെറ്റൽ. അതോടെ ജർമൻ മാധ്യമങ്ങൾ അദ്ദേഹത്തെ 'ബേബി ഷൂമി' (ഷൂമാക്കർ) എന്ന് വിളിച്ചു. 
2009 സീസണിന്റെ തുടക്കത്തിൽ വിരമിച്ച ഡേവിഡ് കൂൾതാർഡിന് പകരക്കാരനായി റെഡ് ബുൾ റേസിംഗിൽവെറ്റൽ എത്തി. ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രിയിൽ ശക്തമായി തുടങ്ങി, എന്നാൽ രണ്ടാം സ്ഥാനത്തെച്ചൊല്ലി റോബർട്ട് കുബിക്കയുമായുള്ള ഏറ്റുമുട്ടൽ ഇരുവരെയും വിരമിക്കാൻ നിർബന്ധിതരാക്കി. ചൈനീസ് ഗ്രാൻഡ്പ്രീയിൽ പോൾ പൊസിഷനും വിജയവും നേടി; അത് റെഡ് ബുൾ റേസിംഗിന്റെ കന്നി പോളും വിജയവും ആയിരുന്നു.
2010 ബ്രസീലിയൻ ഗ്രാൻഡ്പ്രിയിൽ വെറ്റലും വെബ്ബറും റെഡ് ബുൾ റേസിംഗിന്റെ ആദ്യ ലോക കൺസ്ട്രക്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. അബുദാബിയിലെ വിജയത്തോടെ വെറ്റൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ  ചാമ്പ്യനായി, അലോൻസോ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
2015  ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രീയിൽ മൂന്നാം സ്ഥാനത്തെത്തിയാണ് വെറ്റലിന്റെ ഫെരാരി അരങ്ങേറ്റം. തുടർന്നുള്ള മലേഷ്യൻ ഗ്രാൻഡ് പ്രിക്‌സ്ൽ ഒന്നാം സ്ഥാനവും നേടി. ഒരു വർഷത്തിലേറെയായി തന്റെ ആദ്യ റേസ് വിജയവും ഏകദേശം രണ്ട് വർഷത്തിനിടെ ഫെരാരിയുടെ ആദ്യ വിജയവും ആയിരുന്നു അത്. മത്സര ശേഷം, വികാരാധീനനായ വെറ്റൽ ഷൂമാക്കറിന് വേണ്ടി ആ വിജയം  അർപ്പിച്ചു.  
എന്നാൽ റെഡ്ബുള്ളിലെ പ്രകടനം ഫെറാറിയിൽ പുറത്തെടുക്കാൻ സാധിച്ചില്ല.
വിജയ്മല്യയുടെ കീഴിൽ ഫോഴ്‌സ് ഇന്ത്യയായി തുടങ്ങിയ ആസ്റ്റൺ മാർട്ടിനിലേക്കാണ് വെറ്റൽ പിന്നീട് ചേക്കേറിയത്. ഫെറാറിയിൽ വിജയം ആഘോഷിക്കുന്ന വേളയിൽ റേഡിയോ സന്ദേശം കൈമാറുമ്പോൾ വെറ്റൽ ഉപയോഗിക്കാറുള്ള ഇറ്റാലിയൻ പദം ആണ് 'ഗ്രാസി റഗാസി' എന്നത്. എല്ലാവർക്കും നന്ദി എന്നാണ് ഇതിനർത്ഥം.
പരിസ്ഥിതിയിലും മറ്റു സാമൂഹിക വിഷയങ്ങളിലും വെറ്റൽ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. 2021 ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്കു ശേഷം സ്റ്റാൻഡിൽ നിന്ന് മാലിന്യം നീക്കം ചെയ്യാൻ അദ്ദേഹം സഹായിച്ചു, ഓസ്ട്രിയയിലെ കുട്ടികളുമായി ചേർന്ന് തേനീച്ചകൾക്കായി ഹോട്ടൽ നിർമിക്കാനും  പ്രവർത്തിച്ചു. 2021 ലെ സൗദി അറേബ്യൻ ഗ്രാൻഡ്പ്രീക്കു മുമ്പ് ജിദ്ദയിൽ വനിതാ കാർട്ടിംഗ് പരിപാടി നടത്തി. 
സോഷ്യൽ മീഡിയകളിൽ സജീവമല്ലാതിരുന്ന വെറ്റൽ കഴിഞ്ഞ ജൂലൈ 27 ന് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയും പിറ്റേ ദിവസം അതിലൂടെ വിരമിക്കൽ പ്രഖ്യാപക്കുകയും ചെയ്തു. 

 

Latest News