Sorry, you need to enable JavaScript to visit this website.

പാഠ്യപദ്ധതിയിലെ ജെൻഡർ ന്യൂട്രാലിറ്റി


സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്‌കരിക്കുന്നതിനായുള്ള കരടു രേഖ സമൂഹ ചർച്ചയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം (2020) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്ന ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പശ്ചാത്തലത്തിലായിരുന്നു കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) വികസിപ്പിച്ചത്. ഇതിൽ അടിസ്ഥാനപരമായ മാറ്റം വരുത്താതെയാണ് 2007 ലും 2013 ലും പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. കഴിഞ്ഞ 10 വർഷത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള പരിഷ്‌കരണ ത്തിനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ പുതുതലമുറയെ സജ്ജമാക്കാൻ പാഠ്യ പദ്ധതിയിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന ഒരാശയം ചട്ടക്കൂടിന്റെ ആമുഖത്തിലും പ്രത്യേക അധ്യായത്തിലും മറ്റു തലക്കെട്ടുകളിലുമെല്ലാം പ്രാധാന്യപൂർവം ചർച്ചയ്ക്ക് വെച്ചത് കേരള സമൂഹം വളരെ ഗൗരവപൂർവം ഇടപെടേണ്ട ഒരു പ്രശ്‌നമാണ്. 
ഒരു വ്യക്തിയുടെ ജെൻഡർ ജനനസമയത്ത് തീരുമാനിക്കാൻ ആവില്ലെന്നും ആ കുട്ടി വളർന്നു വന്ന ശേഷം അവന് ഏതു ജെൻഡറിനോടാണോ താൽപര്യം തോന്നുന്നത് അത് സ്വയം പ്രഖ്യാപിക്കുമ്പോഴാണ് അവന്റെ ലിംഗത്വം തീരുമാനിക്കുന്നതെന്ന വിചിത്രമായ ആശയമാണ് ഇതിലൂടെ മുന്നോട്ടു വെക്കുന്നത്.
ഇന്ന് പുരോഗമിച്ച പാശ്ചാത്യൻ നാടുകളിൽ ചില ജീവിവർഗങ്ങളായി ജെൻഡർ നിർണയങ്ങൾ നടന്നു കഴിഞ്ഞു. പട്ടിയായും പൂച്ചയായും പന്നിയായും മനുഷ്യൻ രൂപാന്തരം പ്രാപിക്കുന്നു! അവരെ സമൂഹം അങ്ങനെ തന്നെ അംഗീകരികണമെന്ന് പ്രഖ്യാപിക്കുന്നു! ഇളം പ്രായത്തിലുള്ള ഒരു ആൺകുട്ടി ഇതെല്ലാം കണ്ട് തനിക്ക് ഇനി മുതൽ പെൺകുട്ടിയാവണമെന്ന് ആഗ്രഹിച്ചാൽ അതിന് സർജറി അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഭരണകൂടം നിർബന്ധിതമാകുന്ന തരത്തിൽ നിയമ നിർമാണങ്ങൾ കാനഡ പോലുള്ള രാജ്യങ്ങളിൽ നടന്നു കഴിഞ്ഞു. രക്ഷിതാവ് ഇക്കാര്യത്തെ തടഞ്ഞാൽ ശിക്ഷി ക്കപ്പെടുകയും ചെയ്യും! ഇത്തരം ഒരു സാമൂഹ്യ പശ്ചാത്തലത്തിലേക്കുള്ള പ്രവേശന കവാടമാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷം ധരിപ്പിക്കുക എന്നത്.
വേഷം ഒന്നാകുന്നതോടെ സ്ത്രീ പുരുഷ സ്വത്വം ആശയക്കുഴപ്പത്തിലാകും.  കുട്ടികളെ കണ്ടാൽ ആണാണോ പെണ്ണാണോ എന്ന് തോന്നാൻ പാടില്ലെന്നിടത്തു നിന്നാണ് ഈ ആശയത്തിന്റെ തുടക്കം.
സ്ത്രീ-പുരുഷ പ്രകൃതത്തെ അങ്ങനെ തന്നെ അംഗീകരിച്ചുകൊണ്ട് തുല്യനീതി ഉറപ്പു വരുത്തുക എന്നതാണ് ശരിയായ സമീപനം. ലിംഗ സമത്വമല്ല; ലിംഗ നീതിയാണ് നടപ്പിലാവേണ്ടത്. അതിനാവശ്യമായ ബോധവൽക്കരണമാണ് വിദ്യാർഥികൾക്കിടയിൽ നടക്കേണ്ടത്. എന്നാൽ പുതിയ പാഠ്യ പദ്ധതിയിൽ ലിംഗ നീതി എന്നതിന് പുറമെ ലിംഗ സമത്വം  എന്ന് പ്രത്യേക പ്രാധാന്യത്തോടെ വേർതിരിച്ച് പഠിപ്പിക്കണമെന്ന ആശയമാണ് മുന്നോട്ടു വെക്കുന്നത്. ചട്ടക്കൂടിന്റെ പശ്ചാത്തലം വിശദീകരിക്കുന്ന വേളയിൽ അഞ്ചാമത്തെ പേജിൽ പത്താം നമ്പറായി നിലവിലുള്ള കാഴ്ചപ്പാട് തീർത്തും മാറ്റിപ്പണിയണമെന്ന് പറയുന്നുണ്ട്. അതിപ്രകാരം വായിക്കാം.

'വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനിൽക്കുന്നു. ലിംഗ നീതി, ലിംഗ സമത്വം, ലിംഗാവബോധം എന്നിവ ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയിൽ വലിയ തോതിൽ ഉണ്ടാകേണ്ടതുണ്ട്.'

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് പരിഹാരമെന്ന തലതിരിഞ്ഞ ആശയമാണ് പാഠ്യപദ്ധതിയിൽ കടന്നുവരുന്നത്. 
'....തുല്യതയും സമത്വവും ലക്ഷ്യം വെക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്ന ജെൻഡർ സെൻസിറ്റീവ് അല്ലാത്ത സാമൂഹിക വ്യവസ്ഥയെ ഉയർന്ന മാനവികത ബോധം കൊണ്ട് പുനർനിർമിക്കേണ്ടതുണ്ട്. ഇവിടെയാണ് പാഠ്യപദ്ധതിയുടെ ഊന്നൽ മേഖലകളിൽ പുനരാലോചന ആവശ്യമായി വരുന്നത്. വിമർശന ചിന്തയും സർഗാത്മകതയും യുക്തിചിന്തയും സ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽ തന്നെ കുട്ടികളുടെ ശീലങ്ങളായി വികസിപ്പിക്കപ്പെടണം. 
'ലിംഗ തുല്യത, ലിംഗ നീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമർശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്ത്രീധന കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിട്ടുണ്ട്. ജെൻഡർ സ്‌പെക്ട്രത്തെക്കുറിച്ചുള്ള ധാരണകളും വികസിക്കുന്നില്ല. ഒരു വ്യക്തിയുടെ വളർച്ചയുടെ നിർണായക ഘട്ടത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സ്‌കൂൾ കാമ്പസിലാണ്. ലിംഗ നീതി, ലിംഗ തുല്യത സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളിൽ വളർത്താൻ സ്‌കൂൾ വിദ്യാഭ്യാസത്തിലെ പരിമിതികൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. 

മലയാളികളിൽ മഹാഭൂരിപക്ഷവും ഏതെങ്കിലും മതഗ്രന്ഥമോ വിശ്വാസമോ അംഗീകരിക്കുന്നവരും അതിന്റെ അടിസ്ഥാനത്തിൽ ധാർമിക വീക്ഷണം രൂപപ്പെടുത്തുകയും ചെയ്തവരാണ്. എന്നാൽ പുതിയ പാഠ്യപദ്ധതിയിലൂടെ എല്ലാത്തിനെയും വിമർശനാത്മകമായി ചോദ്യം ചെയ്യാൻ പാകത്തിൽ ഒരു ലിബറൽ സമൂഹമായി പുതുതലമുറയെ മാറ്റിയെടുക്കണമെന്ന കാഴ്ചപ്പാടാണ് മുന്നോട്ടു വെക്കുന്നത്. തത്വത്തിൽ മതരഹിത സമൂഹത്തിന്റെ നിർമിതിയാണ് ലക്ഷ്യമെന്നർഥം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം ഉദ്ഘാടനം ചെയ്ത വേളയിൽ തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ച ആശയങ്ങൾ കൂടി ചേർത്ത് വെക്കുമ്പോൾ ഇത് കേവലം യൂനിഫോമിന്റെ മാത്രം പ്രശ്‌നമല്ലെന്നത് വ്യക്തമാണ്. കുറച്ച് കാലമായി കാമ്പസുകൾ കേന്ദ്രീകരിച്ച് അതിരുകളില്ലാത്ത ലോകം എന്ന പേരിൽ ഭരണപക്ഷ വിദ്യാർഥി സംഘടന നടത്തി വരുന്ന കാമ്പയിനും അതിന്റെ പോസ്റ്റുകളും കാണുമ്പോൾ, ജെൻഡർ ന്യൂട്രാലിറ്റിയിലൂടെ ലിംഗ വിവേചനം തുടച്ച് നീക്കി ലിംഗ നീതി കൊണ്ടുവരലല്ല ലക്ഷ്യമെന്നും കുടുംബ സംവിധാനം തകർത്ത് പാശ്ചാത്യൻ ലിബറൽ സംസ്‌കാരത്തിലേക്ക് നമ്മുടെ തലമുറയെ തള്ളിവിടുകയാണ്  ഉദ്ദേശ്യമെന്നും വ്യക്തമാണ്.


ഇത്രമേൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാവുന്ന ഒരു ആശയത്തിന്റെ തുടക്കം മാത്രമാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം വിഷയം എന്ന് തിരിച്ചറിയുമ്പോഴാണ് ഗൗരവം കൂടുതൽ ബോധ്യമാകുന്നത്. ഇതിനെ കേവലം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമോ, പറ്റില്ലേ എന്ന ചർച്ചയാക്കി ചുരുക്കുന്നത് യാഥാർഥ്യത്തോടുള്ള കണ്ണടക്കലാകും. അതിനാൽ ഒരു പരിശോധനയും പഠനങ്ങളുമില്ലാതെ പുരോഗമനപരം എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഇത്തരം ആശയങ്ങൾ നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്യാനും വിഷയം കൂടുതൽ പഠനവിധേയമാക്കാനും രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസ ഏജൻസികളും സമുദായ സംഘടനകളുമെല്ലാം രംഗത്ത് വരേണ്ടതുണ്ട്.പാശ്ചാത്യൻ നാടുകളിലുണ്ടായ പ്രത്യാഘാതങ്ങൾ പഠിക്കാൻ സർക്കാർ തയാറാവു കയും വേണം.

മതമില്ലാത്ത ജീവൻ ഒരു ആക്ടിവിറ്റിയിൽ മാത്രം ഒതുങ്ങിയെങ്കിൽ ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിൽ ഉപ്പു പോലെ ലയിച്ച് ചേരുന്ന ഒന്നായിരിക്കും. വിദ്യാലയ അന്തരീക്ഷവും അതിനനുസരിച്ച് മാറ്റപ്പെടും. അതുകൊണ്ട് ചർച്ച നടക്കേണ്ടത് ഇപ്പോഴാണ്. വൈകിയാൽ വലിയ വില നൽകേണ്ടി വരും.

(വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ) 

 

Latest News