Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി അറസ്റ്റില്‍

പ്രവീണ്‍ കുമാര്‍

മംഗളൂരു- ബി.ജെ.പി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ ഘാതകര്‍ക്ക് ഒളിത്താവളമൊരുക്കിയതുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഉപ്പളയിലെ സൊങ്കലു ഗ്രാമത്തില്‍ അറസ്റ്റിലായ ഇയാള്‍ക്ക് കൊലയാളികളുമായി അടുത്ത ബന്ധമുണ്ടെന്നും രണ്ട് ദിവസം ഇവര്‍ക്ക് അഭയം നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു. പോലീസിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഇയാള്‍ കൊലയാളികളോട് ഭൂവുടമയുടെ സെല്‍ഫോണില്‍നിന്നാണ് സംസാരിച്ചതെന്നും പോലീസ് പറഞ്ഞു.
പ്രവീണ്‍ കൊലപാതകത്തിലെ ഗൂഢാലോചനയെ കുറിച്ചും കൊലയാളികളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഇയാള്‍ക്ക് കഴിയുമെന്ന് പോലീസ് കരുതുന്നു. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രവീണ്‍ കൊലക്കേസ് അന്വേഷം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്ര അണ്ടര്‍ സെക്രട്ടറി വിപുല്‍ അലോക് കര്‍ണാടക ചീഫ് സെക്രട്ടറിക്കും സംസ്ഥാന ഡി.ജി.പിക്കും അയച്ചു. കേസ് എന്‍.ഐ.എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ബി.ജെ.പിയില്‍ വിവിധ കോണുകളില്‍നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. സംസ്ഥാന ഭരണകൂടം മൃദുനിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരുന്നു. ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രിയുടെ വസതിക്കുമുന്നില്‍ നടത്തിയ സമരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
ഹലാല്‍ മാംസത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിച്ചതാണ് യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കാമ്പയിന്റെ ഭാഗമായി പ്രവീണ്‍ കോഴികളെ അറുക്കാതെ വില്‍ക്കുന്ന ചിക്കന്‍ സ്റ്റാള്‍ ആരംഭിച്ചിരുന്നു. പ്രദേശത്തെ മുസ്ലിം യുവാവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണിതെന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രവീണിന്റെ കൊലപാതകത്തിനു തൊട്ടുടനെ ഒരു സംഘം മുസ്ലിം യുവാവിനെ കൊലപ്പെടുത്തകയും പ്രവീണിനെ കൊന്നതിനുളള പ്രതികാരമാണെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തു.

 

Latest News