വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഭർത്താവ് അറസ്റ്റില്‍

കൽപറ്റ- വയനാട് നൂൽപ്പഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതമാണെന്നു തെളിഞ്ഞതിനെ തുടർന്ന്  ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടമരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയാണ് കൊലപാതകം സ്ഥിരീകരിച്ചത്.

ജൂൺ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) മരിച്ചത്. കാട്ടാനയെ പ്രതിരോധിക്കുന്നതിനു വേണ്ടി നിർമിച്ച കിടങ്ങിൽ വീണ് പരിക്കേറ്റ് മരിച്ചതാണെന്നാണ് ഭർത്താവ് ഗോപി എല്ലാവരോടും പറഞ്ഞിരുന്നു. മൃതദേഹം വേഗത്തിൽ അടക്കം ചെയ്തതിനെ തുടർന്ന്  ചക്കി കൊല്ലപ്പെട്ടതാണെന്ന സംശയം ശക്തമായി. മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

ബത്തേരി പോലീസ് വ്യാഴാഴ്ച യാണ് ഗോപിയെ കസ്റ്റഡിയിൽ എടുത്തത്. ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. ശാസ്ത്രീയ പരിശോധനയിൽ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ഇതിനു പിന്നാലെ  ഗോപിയെ വിശദമായി ചോദ്യം ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചക്കിയെ മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

Latest News