Sorry, you need to enable JavaScript to visit this website.

എന്നെങ്കിലും നിവരുമോ പാളത്തിലെ 626 വളവുകൾ


കോഴിക്കോട് :  കേന്ദ്ര സർക്കാർ ഉടക്കിട്ടതോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സിൽവർ ലൈനിലൂടെ പറക്കാമെന്ന മോഹം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. കെ-റെയിലിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഇനി റെയിൽവേ മന്ത്രാലയം അനുമതി നൽകണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ഇടപെടണം. എന്നാൽ അതിനുള്ള സാധ്യത വിരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചറിയുന്നുണ്ട്.
സിൽവർ ലൈനിന് പകരം കേരളത്തിൽ അതിവേഗതയിൽ ട്രെയിൻ ഓടിക്കാനുള്ള മാർഗങ്ങൾ നടപ്പാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായാണ് സിൽവർ ലൈനിന് പാരവെക്കാനായി റെയിൽവേ മന്ത്രിയെ സന്ദർശിച്ച കേന്ദ്ര മന്ത്രി വി.മുരളീധരനും കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ എന്താണ് നടപ്പാക്കുന്ന ബദൽ പദ്ധതിയെന്നതിന് ബി.ജെ.പി നേതാക്കൾക്ക് കൃത്യമായ ഉത്തരമില്ല. 
അടുത്ത കാലത്തൊന്നും കേരളത്തിലെ റെയിൽ പാളത്തിലൂടെ ട്രെയിനുകൾ കുതിച്ചു പായുമെന്ന് സ്വപ്‌നം കണ്ടിട്ട് കാര്യമില്ല. ട്രെയിനുകളുടെ ഇപ്പോഴുള്ള ഇഴഞ്ഞുപോക്ക്  തന്നെ ഇനിയും കാലങ്ങളോളം പ്രതീക്ഷിച്ചാൽ മതി. നിലവിലുള്ള റെയിൽ പാളത്തിലൂടെ ട്രെയിൻ കുതിച്ചുപായാൻ റെയിൽവേ മന്ത്രിയല്ല, സാക്ഷാൽ പ്രധാനമന്ത്രി വിചാരിച്ചാൽ പോലും സാധ്യമല്ല. കാരണം, പാളത്തിലെ വളവുകൾ കേരളത്തിലൂടെയുള്ള ട്രെയിൻ യാത്രികരെ നോക്കി കൊഞ്ഞനം കുത്തുകയാണ്. കേരളത്തിലെ റെയിൽ പാളത്തിലെ 626 വളവുകളും 230 ലെവൽ ക്രോസിങ്ങുകളും വില്ലൻമാരായി തലയുയർത്തി നിൽക്കുകയാണ്. റെയിൽ പാളത്തിലെ വളവുകളുടെ കാര്യത്തിൽ  കേരളത്തിന് റിക്കാർഡാണ്. ഇത്രയധികം വളവുകളുള്ള മെയിൻ റെയിൽ ലൈൻ ശൃംഖല ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ല. അതായത് കേരളത്തിലെ മൊത്തം റെയിൽവെ ലൈനിന്റെ 36 ശതമാനവും വളവുകളാണ്. ഇവിടെ വളരെ വേഗം കുറച്ചാണ് ട്രെയിൻ ഓടുന്നത്.  കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗം നോക്കിയാൽ സിറ്റി ബസിനേക്കാർ കഷ്ടമാണ് കാര്യം. എന്നാൽ സാധാരണമായ വളവുകളിൽ പോലും 40 കിലോമീറ്ററിൽ താഴെ മാത്രമേ ട്രെയിൻ ഓടാറുള്ളൂ.
വളവുകൾ നിവർത്തിയാൽ മാത്രമേ ട്രെയിൻ യാത്രക്കാർക്ക് രക്ഷയുള്ളൂ. പക്ഷേ അത് പ്രായോഗികമാക്കുകയെന്നത് എളുപ്പമല്ല. 626 വളവുകൾ നിവർത്താൻ തുടങ്ങിയാൽ ഇപ്പോഴുള്ള റെയിൽ പാളത്തിന്റെ അലൈൻമെന്റ് തന്നെ മാറിപ്പോകും. വളവുകൾ നിവർത്തിയാൽ പലയിടത്തും നിലവിലുള്ള സ്റ്റേഷനുകൾ വഴിയായിരിക്കില്ല ട്രെയിനുകൾ കടന്നു പോകുക. അത്രത്തോളം വ്യത്യാസം ഉണ്ടാകും. മാത്രമല്ല വളവുകൾ നേരെയാക്കണമെങ്കിൽ വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. നിലവിലുള്ള റെയിൽ പാതയോട് സമാന്തരമായി പലയിടത്തും ബൈപാസ് റെയിൽ പാതകൾ സ്ഥാപിക്കേണ്ടി വരും. അതായത് എളുപ്പത്തിൽ നിവർത്താൻ പറ്റുന്ന വളവുകളല്ല കേരളത്തിലെ റെയിൽ പാതയിലുള്ളതെന്നർത്ഥം. 
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ വേഗത്തിൽ ഓടുന്ന ട്രെയിനുകൾ പോലും കേരളത്തിലെത്തുമ്പോൾ ഇഴഞ്ഞു നീങ്ങുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പോലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കേരളത്തിൽ റെയിൽ പാളങ്ങളുടെ ബലക്ഷയമാണ് മറ്റൊരു പ്രശ്‌നം. ഇത് കാരണം ട്രെയിനുകൾക്ക് ഒട്ടേറെ സ്ഥലങ്ങളിൽ സ്ഥിരം വേഗ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. തിരുവനന്തപുരം ഡിവിഷന് കീഴിൽ നിരവധിയിടങ്ങളിൽ സ്ഥിരം വേഗ നിയന്ത്രണങ്ങളുണ്ട്.  വേഗ വണ്ടികൾ ഓടണമെങ്കിൽ പാളങ്ങൾ ബലപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ആളുകളുടെ യാത്രാ സമയം കുറയ്ക്കാനായി അതിവേഗ ട്രെയിനുകൾ ഇന്ത്യയിൽ വ്യാപിപ്പിക്കാനുള്ള നടപടികളുമായി റെയിൽവേ മന്ത്രാലയം മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി 160 മുതൽ 180 വരെ കിലോമീറ്റർ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിൻ വിവിധ സംസ്ഥാനങ്ങളിലെ റെയിൽവേ സോണുകൾക്കായി അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2023 ആഗസ്‌റ്റോടെ 75 വന്ദേഭാരത്  അതിവേഗതാ ട്രെയിനുകൾ നിർമ്മിച്ച് ഓടിക്കാനാണ് പദ്ധതി. കേരളത്തിലെ തിരുവനന്തപുരം ഡിവിഷന് കീഴിൽ രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ വിതരണത്തിലാണ് ഇത് ഉൾപ്പെടുത്തിയത്. എന്നാൽ റെയിൽവേ ലൈനിലെ വളവുകൾ മൂലം വന്ദേഭാരത് ട്രെയിൻ ഓടിച്ചാൽ യാതൊരു ഫലവുമുണ്ടാകില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ചീറ്റപ്പുലിയുടെ വേഗത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഓടുന്ന വന്ദേഭാരത് കേരളത്തിലെത്തുമ്പോൾ ഒച്ചിന്റെ വേഗത്തിലാകും.  ഇപ്പോൾ ജനശതാബ്ദി ട്രെയിൻ ഓടിക്കുന്ന വേഗതയിൽ മാത്രമേ വന്ദേഭാരത് ഓടിക്കാൻ സാധിക്കുകയുള്ളൂ. വന്ദേഭാരത് ഓടിക്കാൻ പാളത്തിലെ വളവുകൾ നിവർത്താനൊന്നും റെയിൽവേയ്ക്ക് പരിപാടിയില്ലെന്നാണ് അറിയുന്നത്. സാധ്യമായ വേഗത്തിൽ കേരളത്തിൽ വന്ദേഭാരത് ഓടിയാൽ മതിയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
വളവുകൾ ഒന്നുമില്ലാതെ മൂന്നാം റെയിൽപാത നിർമ്മിക്കുകയെന്നതാണ് കേരളത്തിൽ അതിവേഗ ട്രെയിനുകൾ ഓടിക്കാനുള്ള ഏക മാർഗം. ഇതിന് റെയിൽവേ മന്ത്രാലയം തയ്യാറായാൽ തന്നെ ഇനിയും ഒരുപാട് വർഷങ്ങൾ വേണ്ടിവരും. പാത ഇരട്ടിപ്പിക്കലിന് വേണ്ടി എത്ര വർഷത്തെ സമയമാണ് എടുത്തതെന്ന കാര്യം കേരളം കണ്ടതാണ്. കേരളത്തിന്റെ രണ്ടറ്റത്തെയും കൂട്ടിയിണക്കുന്ന രീതിയിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കുന്നതിന് ബദൽ റെയിൽപാത സാധ്യമാണെന്നും അത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്നുണ്ട്. എന്നാൽ അതിനൊക്കെ എത്ര പതിറ്റാണ്ടുകൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന്  മലയാളികൾക്ക് നന്നായറിയാം.
 

Latest News