മസാജ് മോഹിച്ചു പോയി മാനം നഷ്ടപ്പെട്ടു, വ്യാജ പാര്‍ലര്‍ സംഘം പിടിയില്‍

ഷാര്‍ജ- സ്പാ, മസാജ് സേവനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി, ആളുകളെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കുന്ന സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ഏഷ്യക്കാരാണ് പിടിയിലായത്. വിവിധ തരം മസാജുകളും സ്പായും നല്‍കാമെന്നു പറഞ്ഞ് ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്.

മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്‌മെയില്‍ ചെയ്യുകയും കത്തിമുനയില്‍ നിര്‍ത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. റോള ഏരിയയില്‍ പ്രതികളിലൊരാള്‍ ഇത്തരം ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയതെന്ന് ഷാര്‍ജ പോലീസ് സി.ഐ.ഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഉമര്‍ അബു സൗദ് പറഞ്ഞു.

പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. പെട്ടികള്‍ നിറയെ മസാജ് സര്‍വീസുകളുടെ നിരവധി ബിസിനസ് കാര്‍ഡുകള്‍ കണ്ടെത്തി. ഇതിനു പുറമേ പലതരത്തിലും വലുപ്പത്തിലുമുള്ള കത്തികളും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചതും അവരെ പിടികൂടിയതും. അറസ്റ്റിലായ മുഴുവന്‍ പ്രതികളും കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു

 

Latest News