Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കേട്ട് നോക്കൂ, വിഷാദത്തിന്റെ ഈ അനുപല്ലവി

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണർത്തരുതേ .... എന്ന ഗാനം ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീണ്ടും കേട്ട ഒരു സന്ദർഭം ഓർമയിലെത്തുകയാണ്.
ഒ.എൻ.വി രചിച്ച് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ പ്രസ്തുത ഗാനം പി. ജയചന്ദ്രന്റെ ശബ്ദത്തിലാണ് ആസ്വാദകരിലേക്കെത്തിയത്. പുറക്കാട് ശാന്തി സദനം ഭിന്നശേഷി വിദ്യാലയത്തിലെ ജിഷ്ണു ദാസ് എന്ന മിടുക്കൻ അടുത്തിടെ അവിടെ നടന്ന ഒരു പരിപാടിയിൽ ആലപിച്ചത് ആ മനോഹരമായ ഗാനമായിരുന്നു. നല്ല താളബോധത്തോടെ ഇമ്പമാർന്ന ശബ്ദത്തിൽ അവൻ പാടിക്കൊണ്ടിരുന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ ശേഷിയില്ലാത്ത ജിഷ്ണു ദാസിന് വരികൾ തെറ്റിപ്പോകാതിരിക്കാൻ
തൊട്ട് മുന്നിൽ നിന്ന് രമ ടീച്ചർ ചുണ്ടുകൾ കൊണ്ട് വരികൾ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.
സദസ്സിനെ വിസ്മയഭരിതമാക്കിയ ആ ഗാനം പാടാൻ പ്രേരണ നൽകി പ്രോൽസാഹിപ്പിച്ച അഡ്മിൻ സ്റ്റാഫ് സറീന മസൂദ് തൊട്ട് പിറകിൽ നിന്ന് അവനെ പുറത്ത് തട്ടി ആവേശം പകരുന്നുണ്ട്. അവരുടെ കണ്ണുകളിൽ നേർത്ത ഈറൻ പടരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഓട്ടിസം ബാധിച്ച മകൻ ആഴ്ചകളോളവും ചിലപ്പോൾ മാസങ്ങളോളവും രാത്രികളിൽ ഉറങ്ങാതിരുന്നതിന്റെ വേദന കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളം നിശ്ശബ്ദമായി പേറുന്ന ഒരു ക്ഷമാലുവായ മാതാവാണ് സറീന എന്ന് പിന്നീട് അവരുമായി സംസാരിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞത്. ജിഷ്ണു ദാസ് പാടിയ പാട്ടിലെ ഭാവന ലോകത്തിനിപ്പുറത്ത് വരികളിലെ വൈകാരികതയുടെ കനവും നേരനുഭവവും ഒരു രക്ഷിതാവിന്റെ 
ഹൃദയ വായ്പും നേരിൽ തെളിഞ്ഞ് കണ്ടു. ആ പാട്ടിന്റെ ധ്വനി പൊടുന്നനെ ശതഗുണീഭവിച്ചത് ഞാൻ അനുഭവിച്ച സന്ദർഭം കൂടിയായിരുന്നു അതെന്ന് പറയട്ടെ.
മൂന്നര വയസ്സ് വരെ പൂർണാരോഗ്യത്തോടെ മിടുക്കനായി വളർന്ന നാദിറിന് ഉറക്കമില്ലായ്മയാണ് ആദ്യം അനുഭവപ്പെട്ടത്. വിവിധ വിദഗ്ധരുടെ ചികിൽസയ്‌ക്കൊടുവിൽ നാലാം വയസ്സിൽ ബാംഗ്ലൂർ നിംഹാൻസിലെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മകന് ഓട്ടിസം എന്ന അവസ്ഥയാണെന്ന് സറീനാ മസൂദ് ദമ്പതികൾ തിരിച്ചറിയുന്നത്. തുടർന്നിങ്ങോട്ട് പുന്നാര മോന്റെ ഉറക്കിന് വേണ്ടി പ്രാർത്ഥനാനിരതമായ സമർപ്പിത രാപ്പകലുകളിലൂടെയാണ് ഇക്കാലമത്രയും അവർ കഴിഞ്ഞു പോരുന്നത്. 
പ്രിയപ്പെട്ട മകന്റെ ഈ അസാധാരണമായ ജീവിതാവസ്ഥയിൽ ആ ദമ്പതികൾ തെല്ലും പതറിയില്ല. പകരം, ഇത്തരം സമാന അവസ്ഥകളിലൂടെ കടന്നു പോകുന്ന കുട്ടികൾക്ക് ആശ്വാസവും പരിശീലനവും പുനരധിവാസവും സാധ്യമാക്കുന്ന ഒരു ഭിന്നശേഷി വിദ്യാലയം സ്ഥാപിക്കുകയാണ് അവർ ചെയ്തത്.
ഏറെ താലോലിച്ചോമനിച്ച് വളർത്തി വലുതാക്കുന്ന മക്കൾക്ക് വളർച്ചയുടെ ഏതെങ്കിലും ഘട്ടത്തിൽ നിസ്സാരമായതോ വെല്ലുവിളികൾ നിറഞ്ഞതോ ആയ അസുഖങ്ങൾ, പ്രതിസന്ധികൾ, അസാധാരണമായ ജീവിതാവസ്ഥകൾ എന്നിവയിലേതെങ്കിലുമൊന്ന് നേരിടേണ്ടതായി വന്നേക്കാം.
അത്തരം സന്ദർഭങ്ങളിൽ ചിലരെങ്കിലും അടിപതറി ആടിയുലഞ്ഞ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിപ്പെട്ട് ആശയറ്റ് പോവുന്നത് കാണാം. അത്തരം പല മാതാപിതാക്കൾക്കും ജീവിത പരീക്ഷണങ്ങളെ തന്റേടത്തോടെ അഭിമുഖീകരിക്കാനും കൈവരുന്ന അനുഗ്രഹങ്ങളെ പരമാവധി ആസ്വദിക്കാനും ഉപയോഗപ്പെടുത്താനും സഹായകമാവുന്ന നിരവധി പ്രായോഗിക പാഠങ്ങൾ സെറീനാ - മസൂദ് ദമ്പതികളിൽ നിന്നും പകർത്തിയെടുക്കാനുണ്ട്. തുടക്കത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കായി ആരംഭിച്ച ശാന്തി സദനത്തിൽ സെറിബ്രൽ പാൾസി. ഓട്ടിസം, മൾട്ടിപ്പ്ൾ ഡിസേബിലിറ്റി, ഡൗൺ സിൻഡ്രാം തുടങ്ങിയ പ്രയാസങ്ങൾ നേരിടുന്നവരും കാഴ്ച ശേഷിയില്ലാത്തവരും കേൾവി തടസ്സം അനുഭവിക്കുന്നവരുമുൾപ്പെടെ വിവിധ പ്രായത്തിലുള്ള നൂറിലേറെ വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിപരമായ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് വൈവിധ്യമാർന്ന പഠന നിർമാണ പ്രവർത്തനങ്ങളും അവരുടെ മാനസികോല്ലാസത്തിനുപകരിക്കുന്ന യാത്രകളും ശിൽപശാലകളും കലാകായിക പരിശീലനങ്ങളും വളരെയധികം ചിട്ടയോടെ വിദഗ്ധരുടെ നേതൃത്വത്തിൽ അവിടെ നടന്നു വരുന്നു. 
ഇത്തരം ഭിന്ന ശേഷിക്കാരെ പരിചരിക്കുന്ന രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികൾ നിസ്സാരമല്ല. സവിശേഷമായ സേവനവും പരിഗണനയും ഇവർക്ക് നൽകുന്നതിന് സമൂഹത്തിന് ചെറുതല്ലാത്ത ബാധ്യതയുണ്ട്. ഇത് പോലുള്ള ജീവിതാവസ്ഥകൾ പാവപ്പെട്ട കുടുംബങ്ങൾ നേരിടേണ്ടി വരുമ്പോൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. ഒന്നുകിൽ ചികിത്സയുടെ ഭാഗമായി നിരവധി ചൂഷണങ്ങൾക്ക് വിധേയരായി അവർ കൂടുതൽ ദരിദ്രരായി മാറുന്നു. അല്ലെങ്കിൽ യാതൊരുവിധ സേവനവും ലഭിക്കാതെ ഈ മക്കൾ പല പേരിലും മുദ്ര കുത്തപ്പെട്ട് ജീവിതകാലം മുഴുവൻ അവഗണിക്കപ്പെട്ടവരായി വീട്ടിൽ തന്നെ കഴിയേണ്ടിവരുന്നു.
ദീർഘമായ നെടുവീർപ്പും സഹതാപവുമല്ല അവർക്ക് ആവശ്യം. നീണ്ട കാലം പരിശീലനങ്ങളും പരിചരണങ്ങളും വേണ്ടിവരുന്നവരെയാണ് ഇത്തരം മാതാപിതാക്കൾ പോറ്റിക്കൊണ്ടിരിക്കുന്നതെന്നോർക്കണം. അതുകൊണ്ട് തന്നെ ഇവർക്കാവശ്യമായ സഹായങ്ങളും മാനസിക പിന്തുണയും ഏറെ പ്രധാന്യത്തോടെ തന്നെ നൽകാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആബാലവൃദ്ധം സുമനസ്സുകളും കൂടുതൽ ദയാവായ്‌പോടെ മുന്നോട്ട് വരേണ്ടതുണ്ട്.
വളരുന്തോറും ഭിന്നശേഷിക്കാരായ മക്കളുടെ സ്വാഭാവികമായ സഹജ വാസനകളെ ശമിപ്പിക്കാനും പാകപ്പെടുത്തിയെടുക്കാനും ഈ മാതാപിതാക്കൾ അനുഭവിക്കുന്ന സമ്മർദങ്ങളെ കുറിച്ചറിയാൻ അവരെയൊന്ന് നേരത്തോടെ കാതോർക്കുന്നത് നല്ലതാണ്. അത് തന്നെ വലിയ സേവനവുമാണ്.
പൊതുപരീക്ഷകളിലും മൽസര പരീക്ഷകളിലും മക്കൾ വേണ്ടത്ര തിളങ്ങാത്തതിന് ഹാലിളകി നിയന്ത്രണം വിട്ട് മക്കൾക്ക് നേരെ വാളെടുക്കുന്ന രക്ഷിതാക്കളും പഠിക്കാനും വളരാനും ഇണങ്ങിയ സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും അലസരും അശ്രദ്ധരുമായി കഴിയുന്ന മക്കളും ഇടക്കൊക്കെ ഇത്തരം വീടുകളും വിദ്യാലയങ്ങളും കൂടി സന്ദർശിക്കുന്നത് നല്ലതായിരിക്കും. 
അവരവരുടെ ജീവിതാവസ്ഥകളോടുള്ള കാഴ്ചപ്പാട് പുന:പരിശോധിക്കാനും പരാനുഭൂതിയോടെ കാര്യങ്ങളെ സമീപിക്കാനും അത് ഉപകാരപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല. 

Latest News