Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

പന്ത്രണ്ടാം വയസ്സിൽ ആദ്യ ഇംഗ്ലീഷ് നോവൽ; പ്രകൃതിയെ പ്രണയിക്കുന്ന ഹെന പർവീൺ

എ.ഡി 2050. ഭൂമിയുടെ വിലാപമുയരുകയാണ്. മണ്ണും ജലവുമില്ലാതെ. ചെടിയും പൂക്കളുമില്ലാതെ ഒരു വരണ്ട കാലം. വറ്റി വരണ്ട പ്രകൃതി ഒരിറ്റ് കനിവിനായി കേഴുകയാണ്. യുഗാന്തരങ്ങളിലൂടെ കടന്നുപോയ, സർവംസഹയായ ഭൂമിയെ നശിപ്പിച്ച ആധുനിക മനുഷ്യരത്രയും ദാഹനീര് കിട്ടാതെ, സസ്യജാലങ്ങളുടെ കുളിരല അനുഭവിക്കാതെ കഠിനമായി ക്ലേശിക്കുന്ന കാലം- 2050.
ഭൂമിയുടെ ഇങ്ങേയറ്റത്ത്, പുഴകൾ മരിക്കുന്ന കേരളത്തിന്റെ തെക്ക് തുമ്പയിലെ അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനൊരു വ്യോമസഞ്ചാര പ്ലാൻ. പുതുതായി കണ്ടെത്തിയ ടിയാൻ എന്ന ഗ്രഹത്തിലേക്കൊരു പര്യടനം. ഈ യാത്ര ജലം തേടിയുള്ള ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാണ്. ഭൂമി ജലക്ഷാമത്തിൽ എരിപൊരി കൊള്ളുമ്പോൾ പുതിയ ഗ്രഹത്തിൽ വെള്ളം കണ്ടെത്താനുള്ള സ്‌പേസ് യാത്ര. നൂതന ഗ്രഹം തേടിയുള്ള ഈ യാത്രയുടെ രസകരമായ വിവരണത്തോടൊപ്പം, കാൽ നൂറ്റാണ്ട് കൂടി കഴിയുന്നതോടെ ഇന്ന് നാം ജീവിക്കുന്ന ഭൂമി മരിക്കുന്നതിന്റെ ആശങ്ക കലർന്ന ചിത്രവും ഇവിടെ വരച്ചുകാട്ടുന്നു. ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമോ എന്ന കവിയുടെ ചോദ്യം പൂരിപ്പിക്കാനാവാതെ, ഭൂമിക്കൊരു ചരമഗീതം തീർക്കുന്ന മനുഷ്യരോട് ഭൂമിയെ രക്ഷിക്കൂ എന്ന സന്ദേശമടങ്ങിയ ദ മിഷൻ ആന്റ് ദ മാംഗോസ് എന്ന ശീർഷകത്തിലുള്ള നോവലെഴുതിയത് പന്ത്രണ്ടുകാരിയായ ഹെന പർവീൺ. ഭൂമിയോട് അലിവ് കാണിക്കൂ എന്ന് പുതിയ തലമുറയോട് അപേക്ഷിക്കുന്നതാണ് ദ മിഷൻ ആന്റ് ദ മാംഗോസ്. രണ്ടാഴ്ചക്കകം പുസ്തകം ആമസോണിൽ ലഭ്യമാവും.
പഠനത്തിൽ മിടുക്കിയായ ഹെന നല്ല വായനക്കാരിയുമാണ്. സയൻസ് ഫിക്ഷനുകൾ ഇഷ്ടപ്പെടുന്ന ഈ ഏഴാം ക്ലാസുകാരി അത്തരത്തിലുള്ള രചനകളാണ് എഴുതിത്തുടങ്ങിയത്. പലതും പ്രസിദ്ധീകരണത്തിനയക്കാതെ സ്വകാര്യമായി എഴുതി സൂക്ഷിക്കുകയായിരുന്നു. ശാസ്ത്ര കൗതുകം നിറഞ്ഞ കഥകളോടൊപ്പം ഫാന്റസികളുടെ ലോകത്തേക്ക് ആകർഷിക്കപ്പെടുന്ന ഫിക്ഷനുകളും ഹെന നന്നായി വായിക്കുന്നു. പഠനം ചെന്നൈയിലാണ്. അധ്യാപകരുടെ കൂടി പ്രോൽസാഹനത്തോടെ മികച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും വായനയിലൂടെ എഴുത്തിലേക്ക് പ്രവേശിക്കാനും അനുകൂലമായ സാഹചര്യമാണ് മലപ്പുറം പുലാമന്തോൾ സ്വദേശിയായ ഹെന പർവീണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഹെനയുടെ വായനയോടും എഴുത്തിനോടുമുള്ള താൽപര്യം കണ്ടറിഞ്ഞ് വലിയ പിന്തുണയാണ് മാതാപിതാക്കൾ നൽകിപ്പോരുന്നത്. പിതാവ് ഡോ. അബ്ദുൽ ഗഫൂർ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ ഇൻഫെക്്ഷ്യസ് ഡിസീസ് കൺസൾട്ടന്റാണ്. കോവിഡ് കാലത്ത് കേരളത്തിലെ വിവിധ ആശുപത്രികളിൽ മികച്ച സേവനമനുഷ്ഠിച്ച ഡോ. അബ്ദുൽ ഗഫൂർ ദൃശ്യമാധ്യമങ്ങളിലും മറ്റും കോവിഡ് പ്രതിരോധ പാഠങ്ങളും ക്ലാസുകളും ചർച്ചകളുമായി സജീവമായി രംഗത്തുണ്ടായിരുന്നു. പകർച്ചവ്യാധിയുടെ അപകടകരമായ രൂപഭാവങ്ങൾ സംബന്ധിച്ചുള്ള നിരവധി ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഡോ. അബ്ദുൽ ഗഫൂറിന്റേതായുണ്ട്. ആനുകാലികങ്ങളിൽ ഇപ്പോഴും രോഗപ്രതിരോധവും രോഗനിവാരണവും സംബന്ധിച്ച് ലേഖനങ്ങളും പഠന ഗവേഷണ പ്രബന്ധങ്ങളും എഴുതി വരുന്നു. മലപ്പുറം ഇരുമ്പുഴി സ്വദേശി കെ.പി. നിഷിയാണ് ഹെനയുടെ മാതാവ്.  

Latest News