യുവതികള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദനക്കേസില്‍ അറസ്റ്റില്‍

ഹൈദരാബാദ്- യുവതികള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട് ഒരാളെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍.  ഉസ്മാനിയ ജനറല്‍ ഹോസ്പിറ്റലിലാണ് (ഒജിഎച്ച്) സംഭവം.  സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് ആരിഫിനെ (35) അഫ്‌സല്‍ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ആംബുലന്‍സ് ഡ്രൈവറാണ് മുഹമ്മദ് ആരിഫ്. ഒജിഎച്ച് ആശുപത്രി വളപ്പില്‍ വെച്ചാണ് ബീഗം (27) എന്ന സ്ത്രീയെ മര്‍ദിച്ചത്.
യുവതി മറ്റൊരു സ്ത്രീയുമായി വഴക്കിട്ടപ്പോള്‍  ആരിഫ് ഇടപെട്ട്  ഉപദേശിക്കാന്‍ ശ്രമിച്ചതാണ് വഴക്ക് ഇരുവരും തമ്മിലായി.
കസേരയില്‍ ഇരിക്കുകയായിരുന്ന ആരിഫ് എഴുന്നേറ്റ് നിന്ന് ബീഗത്തെ തുടരെ തല്ലിയെന്നും അസഭ്യം പറഞ്ഞുവെന്നും  അഫ്‌സല്‍ഗഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.രവീന്ദര്‍ റെഡ്ഡി പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 

Latest News