Sorry, you need to enable JavaScript to visit this website.

വിലക്കയറ്റത്തിനെതിരെ പ്രതിഷേധം; രാഹുലും പ്രിയങ്കയും അറസ്റ്റിൽ

ന്യൂദൽഹി- വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി വർധന എന്നിവയ്‌ക്കെതിരെ ദൽഹിയിൽ കോൺഗ്രസിന്റെ കടുത്ത പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കു കോൺഗ്രസ് എം.പിമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിലാണ് അറസ്റ്റ്. ഇവരെ കിങ്‌സ്വേ ക്യാംപ് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. 
രാജ്യത്ത് ജനാധിപത്യം ഓർമ മാത്രമായി മാറിയതായി രാഹുൽ ഗാന്ധി പറഞ്ഞു. സമാധാനപൂർവം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്നും പോലീസിന് ബലം പ്രയോഗിച്ച് നീക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നടത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പ്രിയങ്ക അടക്കമുള്ള നേതാക്കളെ ബാരിക്കേഡ് നിരത്തിയാണ് പോലീസ് തടഞ്ഞത്. 
പ്രതിഷേധ പ്രകടനത്തിനു മുന്നോടിയായി എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചിരുന്നു. റോഡിൽ പാചകം ചെയ്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് എ.ഐ.സി.സി ആസ്ഥാനം കേന്ദ്രസേനയും ദൽഹി പോലീസും വളഞ്ഞു. ജന്തർമന്തർ ഒഴികെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ദൽഹി പോലീസ് പ്രതിഷേധം നടത്താൻ കോൺഗ്രസിന് അനുമതി നിഷേധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധി, മോഡി ഭരണം ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ചെന്ന് പറഞ്ഞു. എല്ലാ കേന്ദ്ര ഏജൻസികളെയും കെട്ടഴിച്ചു വിടുന്ന മോഡി സർക്കാരിന്റെ നടപടി ഇന്ത്യയിൽ ഏകാധിപത്യത്തിന്റെ തുടക്കമാണു സൂചിപ്പിക്കുന്നതെന്നു രാഹുൽ കുറ്റപ്പെടുത്തി. വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി നിരക്കു വർധന എന്നിവയ്ക്കെതിരെ കോൺഗ്രസ് അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.

Tags

Latest News