Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയില്‍ 1400 കോടിയുടെ വന്‍ലഹരി വേട്ട

മുംബൈ- മഹാരാഷ്ട്രയിലെ നലസോപ്പാരയില്‍ 1400 കോടിയുടെ ലഹരിമരുന്ന് വേട്ട. ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ 55 കാരനാണ് മുഖ്യപ്രതി. മുംബൈ ക്രൈംബ്രാഞ്ചിലെ നാര്‍ക്കോട്ടിക്‌സ് സെല്ലിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. 700 കിലോഗ്രാം മെഫഡ്രോണ്‍ ലഹരി മരുന്നാണ് പിടികൂടിയത്.
ചെറിയ അളവില്‍ മെഫെഡ്രോണ്‍ കൈവശം വച്ചതിന് ഈ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്യലില്‍ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് ആയ മെഫെഡ്രോണ്‍ നിര്‍മ്മിച്ച് കച്ചവടക്കാര്‍ക്ക് നല്‍കുന്ന 55 കാരനെ കുറിച്ചുള്ള വിവരം നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ സെല്ലിന് ലഭിക്കുന്നത്.ഇയാളുടെ നേതൃത്വത്തിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ലാബില്‍ ലഹരിമരുന്ന് ഉല്‍പ്പാദിപ്പിക്കുന്നതില്‍ വൈദഗ്ധ്യം നേടിയിരുന്നു. മെഫഡ്രോണ്‍ നിര്‍മിക്കാനുള്ള ഫോര്‍മുലയും ഇയാള്‍ സ്വയം വികസിപ്പിച്ചെടുത്തതാണ്. ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം നലസോപാരയില്‍ താമസിക്കുന്ന 55 കാരനായ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരിയായ ഇയാള്‍ നാസിക്കില്‍ വച്ച് സിന്തറ്റിക് മരുന്ന് നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുവരികയായിരുന്നു. 2019 മുതല്‍ ഉത്തേജക മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  പെഡലറുടെ ചോദ്യം ചെയ്യലില്‍ പേര് പുറത്തുവന്നതിനെത്തുടര്‍ന്ന് ഗോവണ്ടിയില്‍ നിന്നുള്ള മറ്റൊരു മയക്കുമരുന്ന് വിതരണക്കാരനെ എഎന്‍സി യൂണിറ്റ് അറസ്റ്റ് ചെയ്തു. വിതരണക്കാരനില്‍ നിന്ന് 2.8 കിലോഗ്രാം സിന്തറ്റിക്ക് ഡ്രഗ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തില്‍ വിതരണക്കാരായ രണ്ട് പേര്‍ കൂടി പിടിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നിന്നാണ് മയക്കുമരുന്നിന്റെ ഉറവിടത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത്.
 

Latest News