മങ്കിപോക്‌സ്: സ്വവര്‍ഗപ്രേമികളുടെ സമൂഹത്തില്‍ ഭീതി, അമേരിക്കയില്‍ ആരോഗ്യ അടിയന്തരാവസ്ഥ

ലോസ് ആഞ്ചലസ്- കുരങ്ങുപനി വ്യാപന പശ്ചാത്തലത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പൊതുജനാരേഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മങ്കിപോക്‌സ് ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഓരോ യു.എസ് പൗരനും കുരങ്ങുപനിയെ ഗൗരവമായി എടുക്കണമെന്നും  വൈറസിനെതിരായ നടപടികള്‍ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്നും  ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (എച്ച്എച്ച്എസ്) സെക്രട്ടറി സേവ്യര്‍ ബെസെറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. .
വ്യാഴാഴ്ച വരെ അമേരിക്കയില്‍ 6,600-ലധികം കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സ്ഥിരീകരിച്ച 25,800 രോഗബാധയുടെ ഏകദേശം 25 ശതമാനം വരും ഇതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ കൂടുതല്‍ ഫണ്ട് അനുവദിക്കാനും  രോഗപ്രതിരോധത്തിന്  കൂടുതല്‍ വിഭവങ്ങള്‍ ഏര്‍പ്പെടുത്താനും കഴിയും. ചികിത്സക്കും മറ്റും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടാനും അടിയന്തര ആശുപത്രി സേവനങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഇത് എച്ച്.എച്ച്.എസ് സെക്രട്ടറിയെ അനുവദിക്കുന്നു.
രാജ്യത്ത് സ്ഥിരീകരിച്ച കുരങ്ങുപനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത  ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഇല്ലിനോയിസ് എന്നിവ നേരത്തെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റി, സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ചലസ് എന്നിവയുള്‍പ്പെടെ ചില നഗരങ്ങളും അവരുടേതായ അടിയന്തര പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്.
അതേസമയം, കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയാണെങ്കിലും കുരങ്ങുപനി രാജ്യത്ത് വ്യാപകമാകുന്നത് തടയാന്‍ സാധിക്കുമെന്നും അത് മാരക പകര്‍ച്ചവ്യാധിയാകില്ലെന്നും എച്ച്.എച്ച്.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ അതോറിറ്റി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നീങ്ങിയാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ കഴിയൂ എന്ന്  വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. എച്ച്.എച്ച്.എസ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പല കോണുകളില്‍നിന്നും ഉയരുന്നത്.  മങ്കിപോക്‌സിനെതിരെ സത്വര നപടികള്‍ സ്വീകരിക്കാതിരുന്നത് സ്വവര്‍ഗപ്രേമികളുടെ സമൂഹത്തിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലും രോഗം പടരാന്‍ ഇടയാക്കിയെന്നാണ് വിമര്‍ശം.
നിര്‍ഭാഗ്യവശാല്‍ നടപടികള്‍ക്ക് കാലതാമസം നേരിടകയാണെന്നും ഇതാണ് സ്വര്‍ഗാനുരാഗി സമൂഹത്തില്‍ രോഗം പടരാന്‍ ഇടയാക്കിയതെന്നും ദേശീയ എസ്ടിഡി ഡയറക്ടര്‍മാരുടെ കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ഹാര്‍വി പറഞ്ഞു.
മങ്കിപോക്‌സ് വ്യാപനം അമേരിക്കയില്‍ പൊതുജനാരോഗ്യ പ്രതിസന്ധിയായി വളര്‍ന്നുവെന്നും സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും പ്രതിരോധം താറുമാറായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News