Sorry, you need to enable JavaScript to visit this website.

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം

തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് എവിടെയും റെഡ് അലര്‍ട്ടില്ല. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങല്‍കുത്തില്‍നിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നില്ല. പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു.
ണ്ണൂരില്‍ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂര്‍-മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടില്‍ വിവിധയിടങ്ങളില്‍ സ്‌റ്റേ ബോട്ടുകള്‍ തയാറാക്കിയിട്ടുണ്ട്.
 മുല്ലപ്പെരിയാര്‍, മലമ്പുഴ ഡാമുകള്‍ ഇന്നു രാവിലെ തുറന്നേക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടു. കൊല്ലം തെന്മല ഡാം രാവിലെ 11ന് ഉയര്‍ത്തും. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

Latest News