സിനിമ വന്‍ പരാജയം,നിര്‍മാതാവിന് വന്‍ ബാധ്യത;  അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് രവിതേജ

വിശാഖപട്ടണം- തെലുങ്കിലെ സൂപ്പര്‍താരമാണ് രവിതേജ. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ സിനിമകളെല്ലാം പരാജയങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ രാമറാവു ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. രവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് ചിത്രം മാറിയത്.ഇപ്പോള്‍ സിനിമ വന്‍ പരാജയമായതിനെ തുടര്‍ന്ന് ബാധ്യതയിലായ നിര്‍മാതാവിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് താരം. തന്നെ നായകനാക്കി നിര്‍മിച്ച ചിത്രം വന്‍ ബാധ്യത വരുത്തിയതിനാല്‍ അടുത്ത ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കാം എന്ന് നിര്‍മാതാവ് സുധാകറിനെ അറിയിച്ചിരിക്കുകയാണ് രവിതേജ. ശരത് മാണ്ഡവയാണ് രാമറാവു ഓണ്‍ ഡ്യൂട്ടിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.
രവിതേജയുടെ ഈയിടെയിറങ്ങിയ മറ്റു ചിത്രങ്ങളും തുടരെ പരാജയപ്പെട്ടിരുന്നു. തിരക്കഥ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നാവശ്യപ്പെട്ട് ഈയിടെ രവി തേജയുടെ ആരാധകര്‍ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയിരുന്നു. താരം തിടുക്കപ്പെട്ട് സിനിമകള്‍ തിരഞ്ഞെടുക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ടൈഗര്‍ നാഗേശ്വര റാവു, ധമാക്ക, രാവണാസുര എന്നീ ചിത്രങ്ങളാണ് രവി തേജയുടേതായി ഇനി വരാനുള്ളത്.
 

Latest News