ബെംഗളൂരു- സ്വവര്‍ഗ പ്രേമികള്‍ ചമഞ്ഞ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറെ കൊള്ളയടിച്ച സംഭവത്തില്‍ മൂന്നംഗ അക്രമിസംഘത്തെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ടെക്കിയെ കുടുക്കാന്‍ പ്രതികള്‍ ഗേ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ ശിവാജിനഗര്‍ സ്വദേശികളായ സമീര്‍ പാഷ, മുഹമ്മദ് ഇസ്മായില്‍, സല്‍മാന്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായ കവര്‍ച്ചക്കാര്‍.
ടെക്കിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനായി കേസെടുത്ത സദാശിവനഗര്‍ പോലീസ് ഒളിവില്‍ കഴിയുന്ന കേസിലെ മുഖ്യപ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. ബെംഗളൂരുവിന്റെ കിഴക്കന്‍ ഭാഗത്ത് പ്രശസ്ത ടെക് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നയാളാണ് കവര്‍ച്ചക്കിരയായത്. സ്വവര്‍ഗ പ്രേമിയായി വേഷമിട്ട പ്രതികളിലൊരാള്‍ അടുത്ത കാലത്ത് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടിരുന്നു. ഏറെ നേരം സംസാരിച്ചതിന് ശേഷം ഇവര്‍ തമ്മില്‍ അടുപ്പത്തിലായതിനാല്‍ സംഘം പദ്ധതിയിട്ടാണ് പ്രതികള്‍ കൂടിക്കാഴ്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ടെക്കിയോട് പാലസ് ഗ്രൗണ്ടിനുള്ളില്‍ വരാന്‍ പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. 8.30ന് ടെക്കി സ്ഥലത്തെത്തിയപ്പോള്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് ഇവര്‍ കവര്‍ച്ച ചെയ്തു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം ബെംഗഗളൂരുവില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.