റിയാദ്- സംഘശക്തി വിളിച്ചോതി, മേഖല കണ്ട ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസ പ്രകടനത്തിന് സമാപനം. ഇരുപത്തിനാലിലേറെ രാജ്യങ്ങളിൽ നിന്നുള്ള സൈനിക വിഭാഗങ്ങൾ പങ്കെടുത്ത ഗൾഫ് ഷീൽഡ് -1 സംയുക്ത സൈനികാഭ്യാസ പ്രകടനത്തിനാണ് ജുബൈലിൽ സമാപനമായത്.
അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ സേനകൾ തമ്മിൽ ബന്ധം ശക്തമാക്കിയും സൈനിക വിഭാഗങ്ങളുടെ നൈപുണ്യങ്ങൾ വർധിപ്പിച്ചും പോരാട്ട സുസജ്ജത ഉയർത്തിയും മേഖലാ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിന് ഒരുക്കങ്ങൾ നടത്തുന്നതിനാണ് സംയുക്ത സൈനികാഭ്യാസ പ്രകടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സൗദി സായുധസേനാ മേധാവി ജനറൽ ഫയാദ് അൽറുവൈലി പറഞ്ഞു.

ശത്രുക്കളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സ്ട്രാറ്റജിക്കൽ പരിതഃസ്ഥിതിയിലുണ്ടായ മാറ്റങ്ങളും സൗദി അറേബ്യ മനസ്സിലാക്കി ഇത്തരം വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ ചെറുത്തിട്ടുണ്ട്. യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിന് സൈനിക സഖ്യത്തിന് സൗദി അറേബ്യ നേതൃത്വം നൽകി. ഭീകര വിരുദ്ധ പോരാട്ടത്തിന് ഇസ്‌ലാമിക സഖ്യസേന സ്ഥാപിച്ചു. ഭീകരതക്കും തീവ്രവാദത്തിനുമെതിരായ ആശയ പോരാട്ടത്തിന് കേന്ദ്രം സ്ഥാപിക്കുകയും ആശയ, ധന, മാധ്യമ, സൈനിക തലങ്ങളിൽ ഭീകര വിരുദ്ധ പോരാട്ടത്തിന് ഊന്നൽ നൽകുന്ന അടിസ്ഥാന തത്വങ്ങൾ രൂപീകരിക്കുകയും ചെയ്തു.

യുദ്ധ തന്ത്രങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ പരിചയസമ്പത്ത് ആർജിക്കുന്നതിന് സൈനിക സംയുക്താഭ്യാസ പ്രകടനത്തിൽ പങ്കെടുത്തതിലൂടെ സേനാ വിഭാഗങ്ങൾക്ക് സാധിച്ചതായും സൗദി സായുധസേനാ മേധാവി പറഞ്ഞു. ഈജിപ്ത്, യെമൻ, സുഡാൻ, ബംഗ്ലാദേശ് പ്രസിഡന്റുമാർ, ബഹ്‌റൈൻ രാജാവ്, ജോർദാൻ രാജാവ്, യു.എ.ഇ വൈസ് പ്രസിഡന്റ്, അബുദാബി കിരീടാകാശി, കുവൈത്ത് അമീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.






