ഇന്റർനെറ്റിന്റെ വരവ് ഇടപാടുകൾ കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടലുകൾ. ഇതനുസരിച്ച് സർക്കാർ എല്ലാ സേവനങ്ങളും ഓൺലൈനിലേക്ക് മാറ്റുകയും ചെയ്യുന്നു. അതേ സമയം, ഇത്രയേറെ സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് ശേഷി ലഭ്യമാക്കുന്നതിന് സർക്കാർ ഇനിയും ശ്രദ്ധ നൽകുന്നില്ല. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സർവറുകളാണ് പല വകുപ്പുകളിലും പ്രവർത്തിക്കുന്നത്. ഓരോ വകുപ്പുകളിലും ഡിജിറ്റലൈസേഷന്റെ ഭാഗമായി വലിയ തോതിൽ ഡാറ്റകളിലാണ് അടുത്ത കാലത്തായി ശേഖരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഓൺലൈൻ വഴിയല്ലാതെ ഒരു സേവനവും ലഭ്യമല്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ മാറുന്നത്. മുമ്പ് കടലാസിൽ സൂക്ഷിച്ചിരുന്ന രേഖകൾ ലഭ്യമാക്കാൻ കൂടുതൽ എളുപ്പമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ലഭ്യതയെയും ഓൺലൈൻ ട്രാഫിക്കിലെ തിരക്കിനെയും ആശ്രയിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഡിജിറ്റലൈസേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതോടൊപ്പം ഇന്റർനെറ്റിന്റെ അടിസ്ഥാന വേഗം വർധിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകേണ്ടതുണ്ട്. ഈ മേഖലയിൽ സർക്കാർ കൂടുതൽ നിക്ഷേപമിറക്കാൻ തയാറേകണ്ടി വരും.
ഇന്റർനെറ്റിന്റെ കടന്നുവരവ് സാധാരണക്കാരന്റെ പോലും ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. ഒരു കാലത്ത് ടെക്കികൾ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ഈ സംവിധാനം ഇന്ന് ജനങ്ങളുടെ ജീവിതവുമായി ചേർന്നു കിടക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതു മുതൽ റേഷൻ കടയിൽ നിന്ന് അരി വാങ്ങുന്നത് വരെയുള്ള കാര്യങ്ങൾക്ക് ഇന്ന് ഇന്റർനെറ്റ് സൗകര്യം വേണമെന്നായിട്ടുണ്ട്. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് സേവനങ്ങൾ ലഭിക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാകേണ്ടതുണ്ട്. എന്നാൽ കുറച്ചു നാളുകളായി ജനങ്ങൾ നട്ടം തിരിയുകയാണെന്നാണ് വിവിധ ജില്ലകളിൽ നിന്നെത്തുന്ന വിവരങ്ങൾ. ഇന്റർനെറ്റ് ട്രാഫിക് ബ്ലോക്ക് മൂലം സർക്കാർ വെബ്സൈറ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളെല്ലാം സ്തംഭിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ മണിക്കൂറുകളോളം കാത്തു നിന്ന ശേഷം കാര്യം നടക്കാതെ മടങ്ങിപ്പോകുന്നവരുടെ എണ്ണവും വർധിക്കുന്നു.
ഏറ്റവുമൊടുവിൽ വിദ്യാർഥികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികളാണ് ഇന്റർനെറ്റ് ജാം മൂലം മുടങ്ങിക്കിടക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇതു മൂലം ബുദ്ധിമുട്ടിലായത്. കൂടുതൽ കുട്ടികൾ പ്രവേശനത്തിനായി കാത്തു നിൽക്കുന്ന മലപ്പുറം പോലുള്ള മലബാർ ജില്ലകളിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാണ്. പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് സർക്കാർ തയാറാക്കിയെങ്കിലും കുട്ടികൾക്ക് ഓൺലൈൻ വഴി ഓപ്ഷൻ നൽകാൻ കഴിയാത്ത അവസ്ഥയാണ്. രാവിലെ മുതൽ ഓൺലൈൻ സെന്ററുകൾക്ക് മുന്നിൽ അക്ഷമരായി കാത്തു നിൽക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും നിരാശരായി മടങ്ങേണ്ടി വരുന്നു. അപേക്ഷകളിൽ തിരുത്തലുകൾ വരുത്തുന്നതിനോ കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനോ അവർക്ക് കഴിയുന്നില്ല. ഇതു സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതോടെ ഒാപ്ഷൻ നൽകാനുള്ള സമയം നീട്ടി നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ഇന്റർനെറ്റ് തടസ്സങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമായി നടക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ സർവറുകളിൽ ഒരേ സമയം കൂടിയ ട്രാഫിക് വന്നതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മലപ്പുറം ജില്ലയിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്, പ്രവേശനം കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം ഏറെ കൂടുതലാണ് എന്നതു കൊണ്ടാണ്. കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ സർക്കാർ സിലബസിൽ പത്താം ക്ലാസ് പാസായിട്ടുള്ളത് 71,625 കുട്ടികളാണ്. ഇതര സിലബസുകളിലെ കുട്ടികൾ ഇതിന് പുറമേയാണ്. ജില്ലയിൽ ആകെ ലഭ്യമായ പ്ലസ് വൺ സീറ്റുകൾ 65,000 ആണ്. ഇതോടെ യോഗ്യത നേടിയ പല കുട്ടികൾക്കും സീറ്റ് ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഓപ്ഷൻ നൽകാനാകാത്ത സാങ്കേതിക പ്രശ്നം കൂടി ഉടലെടുത്തിട്ടുള്ളത്. ഇത് കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന സമ്മർദം ചെറുതല്ല.
ഇന്റർനെറ്റ് ട്രാഫിക് ജാം സംബന്ധിച്ച പ്രശ്നം വിദ്യാഭ്യാസ വകുപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല. സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന എല്ലാ കാര്യത്തിലും ഈ സാങ്കേതിക തടസ്സം ജനങ്ങളെ വലയ്ക്കുന്നുണ്ട്. റേഷൻ കടയിൽ ഇന്റർനെറ്റ് ബന്ധിതമായ ഇപോസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാത്തത് പലപ്പോഴും റേഷൻ കടകളുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നുണ്ട്. മണിക്കൂറുകളോളം ക്യൂവിൽ നിന്ന ശേഷം ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതുകൊണ്ടോ പോർട്ടൽ സ്തംഭനം കൊണ്ടോ റേഷൻ വാങ്ങാൻ കഴിയാത്ത അവസ്ഥ പലപ്പോഴും ജനങ്ങൾക്കുണ്ട്.
കർഷകരാണ് ഈ പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം. കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർബന്ധപൂർവം ഓൺലൈനിലേക്ക് മാറ്റിയതോടെ കർഷകർക്ക് ഏത് കാര്യത്തിനും ഇന്റർനെറ്റിനെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. കൃഷി ചെയ്യുന്നതിനുള്ള സർക്കാർ സഹായം, ഉൽപാദിപ്പിച്ച നെല്ല് സപ്ലൈകോക്ക് നൽകൽ, വിള ഇൻഷുറൻസ് തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളിലും ഇന്ന് ഇന്റർനെറ്റ് സഹായം ആവശ്യമാണ്. എന്നാൽ കൃഷി വകുപ്പിന്റെയും അനുബന്ധ ഏജൻസികളുടെയും പോർട്ടലുകൾ പലപ്പോഴും ബ്ലോക്ക് ആകുന്നതിനാൽ കർഷകർക്ക് യഥാസമയം അപേക്ഷകൾ സമർപ്പിക്കുന്നതിനോ ആനുകൂല്യങ്ങൾ നേടുന്നതിനോ കഴിയുന്നില്ല.
ഇന്റർനെറ്റിന്റെ വരവ് ഇടപാടുകൾ കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടലുകൾ. ഇതനുസരിച്ച് സർക്കാർ എല്ലാ സേവനങ്ങളും ഓൺലൈനിലേക്ക് മാറ്റുകയും ചെയ്യുന്നു. അതേ സമയം, ഇത്രയേറെ സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് ശേഷി ലഭ്യമാക്കുന്നതിന് സർക്കാർ ഇനിയും ശ്രദ്ധ നൽകുന്നില്ല. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സർവറുകളാണ് പല വകുപ്പുകളിലും പ്രവർത്തിക്കുന്നത്. ഓരോ വകുപ്പുകളിലും ഡിജിറ്റലൈസേഷന്റെ ഭാഗമായി വലിയ തോതിൽ ഡാറ്റകളിലാണ് അടുത്ത കാലത്തായി ശേഖരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഓൺലൈൻ വഴിയല്ലാതെ ഒരു സേവനവും ലഭ്യമല്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ മാറുന്നത്. മുമ്പ് കടലാസിൽ സൂക്ഷിച്ചിരുന്ന രേഖകൾ ലഭ്യമാക്കാൻ കൂടുതൽ എളുപ്പമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ലഭ്യതയെയും ഓൺലൈൻ ട്രാഫിക്കിലെ തിരക്കിനെയും ആശ്രയിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഡിജിറ്റലൈസേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതോടൊപ്പം ഇന്റർനെറ്റിന്റെ അടിസ്ഥാന വേഗം വർധിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകേണ്ടതുണ്ട്. ഈ മേഖലയിൽ സർക്കാർ കൂടുതൽ നിക്ഷേപമിറക്കാൻ തയാറേകണ്ടി വരും. എല്ലാ വകുപ്പുകളിലും കൂടുതൽ ശേഷിയുള്ള സർവറുകൾ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. കൂടുതൽ സേവനങ്ങൾ ഡിജിറ്റലാക്കുന്നതോടൊപ്പം ഇന്റർനെറ്റ് ശേഷി വർധിപ്പിക്കേണ്ടത് ജനങ്ങൾക്കുള്ള സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.






