സത്യമേ ജയിക്കൂ; ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിനു പിന്നാലെ മുഖ്യമന്ത്രിക്ക് അന്‍വറിന്റെ അഭിവാദ്യം

നിലമ്പൂര്‍- ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രിക്കും മുന്നണിക്കും പാര്‍ട്ടിക്കും അഭിവാദ്യം നേര്‍ന്ന് പി.വി. അന്‍വര്‍ എം.എല്‍.എ.
ശ്രീറാമിനെ മാറ്റിയ ഉടന്‍ ഫേസ്ബുക്കിലാണ് അന്‍വറിന്റെ പോസ്റ്റ്.  ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കം ചെയ്തു.. സത്യം ജയിക്കും.. സത്യമേ ജയിക്കൂ.. എന്റെ മുഖ്യമന്ത്രിക്കും.. എന്റെ മുന്നണിക്കും.. എന്റെ പാര്‍ട്ടിക്കും.. ഹൃദയാഭിവാദ്യങ്ങള്‍..എന്നായിരുന്നു പോസ്റ്റ്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിച്ച വിഷയത്തില്‍ അന്‍വര്‍ അടക്കമുള്ള എല്‍.ഡി.എഫിലെ സ്വതന്ത്ര എം.എല്‍.എമാരും മന്ത്രിമാരും  പ്രതികരിക്കാത്തതില്‍ കാന്തപുരം വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു.  ഇവര്‍ മൗനീബാബകളാണെന്ന് ആരോപിച്ച് കാന്തപുരം വിഭാഗം നേതാവ് ഒ.എം. തരുവണ ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുകയും ചെയ്തു.

ഞങ്ങളുടെ വോട്ടു ബലത്തിനു പുറത്താണ് നിങ്ങള്‍ മൗനീബാവകളായിരിക്കുന്നത്. നിങ്ങള്‍ക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്' എന്നായിരുന്നു ഒ.എം. തരുവണ താക്കീത് ചെയ്തത്. മന്ത്രിമാരായ വി. അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി.ടി.എ. റഹീം, പി.വി. അന്‍വര്‍ എന്നിവരുടെ ഫോട്ടോകള്‍ സഹിതമായിരുന്നു കുറിപ്പ്. ഇതിനുപിന്നാലെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് എഴുതിയ കത്തിന്റെ കോപ്പി അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിഷയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.

 

Latest News