നിലപാടുകളിൽ  ജനപക്ഷം ചേർന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ 


വാക്കുകളും വാചകങ്ങളും എപ്പോഴും  അങ്ങനെയാണ്. അകവും പുറവും കാപട്യവും അധരം നിറയെ നല്ല വർത്തമാനവുമായി  നടന്നാൽ  എല്ലാ കാലവും ആരും അയാളെ  ശ്രദ്ധിക്കണമെന്നില്ല.   ഗോവിന്ദൻ മാസ്റ്റർ അത്തരക്കാരനല്ലെന്നതിനുള്ള തെളിവുകളാണോ മന്ത്രിയെന്ന നിലക്കുള്ള  അദ്ദേഹത്തിന്റെ വാക്കുകളും  പ്രവൃത്തിയും? കാത്തിരുന്നു കാണാം.

നല്ലതെന്തെങ്കിലും കേൾക്കാൻ കാത്തിരിക്കുന്ന സാധാരണ പാർട്ടി പ്രവർത്തകരായ സി.പി.എമ്മുകാർക്ക് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അടുത്ത കാലത്തായി വലിയ ആശ്വാസമായി മാറുന്നുണ്ട്.  വിശ്വസിച്ച് അണി ചേർന്ന പാർട്ടിക്കാരുടെ മുഖം ചുളിയുന്ന കാര്യങ്ങൾ മാത്രമാണ് കുറച്ചു കാലമായി അന്തരീക്ഷത്തിലുള്ളത്. ധൂർത്ത്, അധോലോക കാര്യങ്ങൾ, പുരോഹിത പ്രീണനം, കുടുംബാധിപത്യം, സോഷ്യൽ എൻജിനീയറിംെഗന്ന ഓമനപ്പേരിൽ നടക്കുന്ന കടുത്ത വർഗീയ വിഭജനം- എന്നു വേണ്ട സി.പി.എം നേതാക്കളും മന്ത്രിമാരും ചെയ്യുന്നതെല്ലാം ഇത്തരത്തിൽ തലകുത്തനെയായി പോകുന്ന ദുർഘട ഘട്ടം.   പാർട്ടി ക്ലാസെടുക്കുന്ന പരിചയം കൊണ്ടാകാം എന്ത് പ്രതീക്ഷിച്ചാണ് സി.പി.എമ്മിൽ ഇപ്പോഴും ഒരു വിഭാഗം ആളുകൾ  പ്രതീക്ഷയോടെ നിൽക്കുന്നതെന്ന് മാസ്റ്റർക്ക് ഇന്നും അറിയാം. അതുകൊണ്ടാണ് തന്റെ വകുപ്പിലെ എൻജിനീയർമാർക്ക് ക്ലാസെടുക്കവേ മാസ്റ്റർ പാവങ്ങളിൽ പാവങ്ങളായ മനുഷ്യരെ എങ്ങനെ സഹായിക്കണം എന്ന് അവരെ ഉപദേശിച്ചത്. നിയമം ജനങ്ങളെ ശിക്ഷിക്കാനുള്ളതല്ല,  രക്ഷിക്കാനുള്ളതാണ്. രണ്ട് സെന്റിലും മൂന്ന് സെന്റിലും കൂരവെക്കാൻ അപേക്ഷയുമായി ചെല്ലുന്ന സാധാരണക്കാരായ മനുഷ്യരെ നൂറ് ന്യായങ്ങൾ പറഞ്ഞ് ഓടിച്ചു വിടുകയും പ്രമാണിമാർ വന്നാൽ  സ്വന്തം കാര്യലാഭത്തിനായി എല്ലാം വേഗത്തിലാക്കുകയും ചെയ്യുന്ന ആശാസ്യമല്ലാത്ത അവസ്ഥയാണ് മന്ത്രി എടുത്തു പറഞ്ഞത്.  എത്രയോ കാലമായി സർവസാധാരണമായ സംഗതിയെപ്പറ്റിയാണ് മന്ത്രി പറയുന്നത്.  പ്രമാണി വർഗം എന്നൊക്കെയുള്ളത് മാസ്റ്ററുടെ പാർട്ടിയുടെ സ്ഥിരം പ്രയോഗം. മടിശ്ശീലയുടെ  കനം നോക്കിയാണ്   കോടതികൾ വിധി പറയുന്നതെന്ന് അന്നൊരിക്കൽ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞതും വലിയ കേസായതുമൊക്കെ ചരിത്രം. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടി വേണ്ട എന്ന വരികൾ ഇന്ന് നാട്ടിലാകെ ഫഌകസാണ്. പറഞ്ഞ് പറഞ്ഞ് പരിഹസിക്കപ്പെട്ട കാര്യം. കമ്യൂണിസ്റ്റുകാർ കാലാകാല മായി പ്രയോഗിക്കുന്ന പ്രമാണിത്ത വിരുദ്ധതയെന്ന തന്ത്രമായി മന്ത്രി ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകൾ കാണാനാകില്ല. കാരണം അദ്ദേഹം ഇപ്പോൾ വെറുമൊരു പ്രസംഗകനല്ല. ഈ പറഞ്ഞതെല്ലാം നടപ്പാക്കേണ്ട മന്ത്രിയാണ്.  തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട അനുമതിയുമായി ബന്ധപ്പെട്ടു നടക്കുന്ന വൻ തട്ടിപ്പുകൾ വാർത്തകളിൽ  നിറഞ്ഞു നിൽക്കുമ്പോഴാണ് അടിസ്ഥാന വർഗത്തെ പരാമർശിക്കുന്ന ആശ്വാസ വാക്കുകൾ മന്ത്രിയിൽ നിന്നുണ്ടായത്. കോഴിക്കോട് കോർപറേഷനിൽ നിന്ന് തുടങ്ങി കേരളമാകെ വെളിപ്പെട്ട കെട്ടിട നിർമാണ അനുമതി തട്ടിപ്പറിഞ്ഞ് ഇപ്പോഴാരും ഞെട്ടാറില്ല. കാരണം അതൊരു സർവസാധാരണ കാര്യം പോലെയായിട്ടുണ്ട്.  രണ്ടും മൂന്നും സെന്റിൽ വീട് വെക്കാൻ അപേക്ഷ നൽകിയവരിലാരോ ഫയൽ തീർപ്പാക്കൽ അദാലത്തിൽ നേരിട്ട് വന്നപ്പോഴാണ് മന്ത്രിക്ക് കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെട്ടത് എന്നദ്ദേഹം പറയുന്നുണ്ട്. അപേക്ഷകന് ഹരജിപ്പുറത്ത് തന്നെ അനുമതി നൽകി എന്നാണ് മന്ത്രി അറിയിച്ചത്. അദാലത്തിൽ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമല്ല ഇതൊന്നും.   ഇതെല്ലാം സ്ഥിരം സംവിധാനമായി മാറേണ്ടതുണ്ട്. മൂന്നോ നാലോ സെന്റിൽ  വീട് പണിയാൻ അപേക്ഷ നൽകിയവർക്ക് ഓഫീസായ ഓഫീസ് മുഴുവൻ കയറി ഇറങ്ങേണ്ട ഗതികേട്  ഇനിയുണ്ടാകില്ല എന്ന് ധൈര്യമായി തീരുമാനിക്കാൻ മന്ത്രിക്കും ഭരണ സംവിധാനത്തിനും സാധിക്കുമോ എന്നതാണ് അടിസ്ഥാന വിഷയം. അങ്ങനെ വന്നാൽ വലിയ കോലാഹലങ്ങളില്ലാതെ ജനപക്ഷ നിലപാടെടുത്ത ഭരണാധികാരിയായി അദ്ദേഹം ഓർമിക്കപ്പെടും.
പ്രസക്ത വിഷയത്തിൽ മന്ത്രിയുടെ പ്രസംഗം പ്രസിദ്ധീകൃതമായ സോഷ്യൽ മീഡിയയിൽ  (ഫെയിസ് ബുക്ക്) വന്ന കമന്റുകൾ ഈ വിഷയത്തിലെ ജനങ്ങളുടെ താൽപര്യം പ്രകടമാക്കുന്നതാണ്.  മഷേ ഇഷ്ടം എന്നാണ് പാർട്ടിക്കാർ ഇഷ്ടം ചേർന്നത്. ആറ് വർഷമായില്ലേ മാഷെ നമ്മൾ ഭരിക്കുന്നു. ഇനിയും നേരെയാക്കാനായില്ലേ എന്ന് മറ്റൊരാളുടെ ചോദ്യമുണ്ട്. ചില  പാരാതികൾക്ക് മറുപടി പറഞ്ഞ മന്ത്രി പരാതി നേരിട്ട് ഇ-മെയിൽ ചെയ്യാൻ  ആവശ്യപ്പെടുന്നുമുണ്ട്.  
   
കഴിഞ്ഞ മാസം കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് തുറന്നു പറഞ്ഞ മന്ത്രി  ഗോവിന്ദൻ മാസ്റ്റർ  എല്ലാവരെയും ഞെട്ടിച്ചിരുന്നു.  വിദ്യാർഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവൽക്കരിക്കാൻ സാധിക്കണമെന്നുമായിരുന്നു അന്ന് മന്ത്രി  തുറന്നു പറഞ്ഞത്.  അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കവേയായായിരുന്നു മന്ത്രിയുടെ മറയില്ലാത്ത നിലപാട്.   മന്ത്രിയുടെ തുറന്നുപറച്ചിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരാണെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പരാമർശം നല്ല അർത്ഥത്തിലാണെന്ന് ഡി.വൈ.എഫ്.ഐക്ക്  ഉടൻ പ്രതികരിക്കേണ്ടിവന്നു .
വാക്കുകളും വാചകങ്ങളും എപ്പോഴും  അങ്ങനെയാണ്. അകവും പുറവും കാപട്യവും അധരം നിറയെ നല്ല വർത്തമാനവുമായി  നടന്നാൽ  എല്ലാ കാലവും ആരും അയാളെ  ശ്രദ്ധിക്കണമെന്നില്ല.   ഗോവിന്ദൻ മാസ്റ്റർ അത്തരക്കാരനല്ലെന്നതിനുള്ള തെളിവുകളാണോ മന്ത്രിയെന്ന നിലക്കുള്ള  അദ്ദേഹത്തിന്റെ വാക്കുകളും  പ്രവൃത്തിയും? കാത്തിരുന്നു കാണാം.

 

Latest News