തലസ്ഥാനത്ത് ലഹരിവേട്ട, സ്ത്രീ അടക്കം നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം - ഏഴുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം പിടിയില്‍. തിരുവനന്തപുരം ആക്കുളത്താണ് സംഭവം. വാടക വീട്ടില്‍നിന്ന് നൂറ് ഗ്രാം എം.ഡി.എം.എയുമായി നാല് പേരെയാണ് പോലീസ് പിടികൂടുന്നത്. കണ്ണൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്.

ബംഗളൂരുവില്‍നിന്നു ആക്കുളത്ത് ലഹരി മരുന്ന് എത്തിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. മൂന്ന് പേരാണ് വാടക വീട്ടിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആക്കുളത്തുള്ള മറ്റൊരു വീട്ടില്‍നിന്നുമാണ് ഷാരോണിനെ കസ്റ്റഡിയിലെടുക്കുന്നത്.

കേസിലെ ഒന്നാം പ്രതിയാണ് അഷ്‌കര്‍. ഒരു ഗര്‍ഭിണിയുമായി എത്തി ആക്കുളത്ത് വാടകക്ക് വീടെടുത്ത് താമസിക്കുകയാണ് ഇയാള്‍. നേരത്തെ ഇയാള്‍ തുമ്പ ഭാഗത്ത് താമസിക്കുമ്പോള്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് പോലീസിന് തെളിവുകള്‍ ഒന്നും ലഭിച്ചില്ല.

 

Latest News