പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുത്- ഡയലോഗ് നെഞ്ചിലേറ്റി വിനീത് ശ്രീനിവാസന്‍

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്'. പ്രശസ്തമായ ഈ ഡയലോഗ് ടീ ഷര്‍ട്ടില്‍ ആലേഖനം ചെയ്ത വിനീത് ശ്രീനിവാസന്റെ ഫോട്ടോ വന്നതും പോളണ്ടില്‍നിന്ന് തന്നെ.
സന്ദേശം സിനിമയിലെ പ്രഭാകരന്‍ കോട്ടപ്പള്ളിയെന്ന ആര്‍.ഡി.പിക്കാരന്റെ ഈ ഡയലോഗ് മലയാളികള്‍ അത്രപെട്ടന്ന് മറക്കില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്‍ എഴുതിയ സന്ദേശം എന്ന ചിത്രത്തിലെ ഡയലോഗാണിത്. ഒരേ വീട്ടില്‍ എതിര്‍ പാര്‍ട്ടിക്കാരനായ സഹോദരനുമായി തര്‍ക്കിക്കുന്ന ഈ രംഗങ്ങളിലെ ശ്രീനിവാസന്റെയും ജയറാമിന്റെയും പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചിരുന്നു. പൊള്ളയായ രാഷ്ട്രീയ കോമാളിത്തരങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നുകാട്ടിയ ചിത്രമായിരുന്നു സന്ദേശം.

വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛനോളം തന്നെ പ്രശസ്തനായ മകന്‍ വിനീത് ശ്രീനിവാസന്റെ പോളണ്ട് യാത്രക്കിടെ എടുത്ത ചിത്രത്തിലും അപ്രതീക്ഷിതമായി കടന്നുവന്നിരിക്കുകയാണ് അതെ പോളണ്ട് ഡയലോഗ്. യാത്രക്കിടെ ഭാര്യ ദിവ്യ മൊബൈലില്‍ പകര്‍ത്തിയ ചിത്രത്തില്‍ വിനീത് ധരിച്ചിരിക്കുന്നത് സന്ദേശത്തിലെ പോളണ്ട് ഡയലോഗ് ആലേഖനം ചെയ്ത ടീഷര്‍ട്ടാണ്.

വിനീത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ടീ ഷര്‍ട്ട് സമ്മാനിച്ച സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുക്കുട്ടിയ്ക്ക് നന്ദി പറയാനും വിനീത് മറന്നില്ല.

 

Latest News