കതുവ പീഡനക്കൊല കേസ് വിചാരണ ഇന്നാരംഭിക്കും

ജമ്മു- കതുവ ജില്ലയിലെ രസാന ഗ്രാമത്തില്‍ ജനുവരിയില്‍ ആസിഫ എന്ന എട്ടു വയസ്സുകാരിയെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് തീവ്ര ഹിന്ദുത്വവാദികള്‍ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് കതുവ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ പ്രതിചേര്‍ക്കപ്പെട്ട കുറ്റപത്രത്തിലായിരിക്കും വിചാരണ. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഈ പ്രതിയെ ജുവനൈല്‍ നിയമ പ്രകാരം വിചാരണ ചെയ്യും. 

രസാന ഗ്രാമത്തിലെ ബകര്‍വാല്‍ ഗോത്രക്കാരായ മുസ്ലിം കുടുംബങ്ങളെ ഭീതിപ്പെടുത്തി പുറത്താക്കാന്‍ പ്രദേശത്തെ ഹിന്ദുത്വവാദികള്‍ ആസുത്രിതമായാണ് ആസിഫ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ക്ഷേത്രത്തിലൊളിപ്പിച്ച് കൂട്ടബലാല്‍സംഗം ചെയ്തും ഷോക്കടിപ്പിച്ചും കല്ലു കൊണ്ട് തലക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ജമ്മു കശമീര്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഹിന്ദു-മുസ്ലിം ധ്രുവീകരണം ഉണ്ടായേക്കാമെന്നതിനാല്‍ നഷ്പക്ഷത ഉറപ്പു വരുത്താന്‍ കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ രണ്ടു സിഖ് അഭിഭാഷകരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. കേസില്‍ വിചാരണ തടയാന്‍ ജമ്മുവിലേയും കതുവയിലേയും ചില അഭിഭാഷകര്‍ നീക്കം നടത്തിയിരുന്നെങ്കിലും ഇവര്‍ക്കെതിരെ സുപ്രീം കോടതി ശക്തമായ പ്രതികരണവുമായി രംഗത്തു വന്നതോടെ വിചാരണ തടസ്സമില്ലാതെ നടക്കുമെന്നാണ് പ്രതീക്ഷ.  


 

Latest News