Sorry, you need to enable JavaScript to visit this website.

നീരജിന്റെ സൂത്രങ്ങൾ..

ടോക്കിയൊ ഒളിംപിക്‌സിലെ സ്വർണം
നീരജ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി കരസ്ഥമാക്കിയപ്പോൾ 

ഇന്ത്യയുടെ ആദ്യ ഒളിംപിക് ചാമ്പ്യൻ, ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന പ്രഥമ ഇന്ത്യക്കാരൻ, യൂത്ത് ലോക ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യൻ താരം..... നീരജിന്റെ വിശേഷണങ്ങൾ ഒരുപാടുണ്ട്. ജാവലിൻ ത്രോയിലേക്ക് ലോക ശ്രദ്ധയാകർഷിക്കാൻ ഈ ഇരുപത്തിനാലുകാരന് സാധിച്ചിട്ടുണ്ട്. എങ്ങനെ മികച്ച ജാവലിൻ ത്രോ താരമാവാം. നീരജിന്റെ അഞ്ചു നിർദേശങ്ങൾ..

ഒന്ന്, ലഭ്യമായ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക
'പരിശീലനം തുടങ്ങാൻ ആഡംബര സൗകര്യങ്ങൾ വേണമെന്നില്ല. എവിടെയായാലും, കിട്ടിയ സൗകര്യങ്ങൾ എന്തു തന്നെയായാലും പരിശീലനം ആരംഭിക്കുക, മുടക്കാതിരിക്കുക'

നീരജ് വളർന്നു വന്ന കാലത്ത് ഹരിയാനയിലെ പാനിപ്പത്തിലെ ഖാന്ദ്ര ഗ്രാമത്തിൽ ആരും സ്‌പോർട്‌സ് രംഗത്തുണ്ടായിരുന്നില്ല. എന്താണ് ജാവലിൻ എന്നു പോലും ഒരുപാട് കാലം നീരജിന് അറിയില്ലായിരുന്നു. കൗമാരപ്രായമായി ജാവലിൻ ത്രോയെക്കുറിച്ച് ബോധ്യമുണ്ടാവാൻ. 2011 ഒരു ദിനം പ്രാദേശിക സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ ഓടാൻ പോയതായിരുന്നു. തടിമാടനായിരുന്നു ഞാൻ. കുട്ടികൾ പരിഹസിക്കുമായിരുന്നു. അതിനാലാണ് ഓടാൻ പോയത്. തടി കുറക്കുക മാത്രമായിരുന്നു ലക്ഷ്യം. അവിടെ ചിലർ ജാവലിൻ എറിയുന്നതു കണ്ടു. ഞാനും ശ്രമിച്ചു നോക്കി. കൊള്ളാമല്ലോ എന്നു തോന്നി. പത്തു ദിവസത്തിനകം 40-45 മീറ്റർ ദൂരത്തേക്ക് എറിയാൻ സാധിച്ചു. നൈസർഗിക വാസനയുണ്ടെന്ന് ആളുകൾ പറയാൻ തുടങ്ങി. അപ്പോഴും ലോകോത്തര നിലവാരമുള്ള അത്‌ലറ്റാവുമെന്ന് സ്വപ്‌നം കണ്ടിരുന്നില്ല. പക്ഷേ പരിശീലനം മുടക്കാതിരുന്നപ്പോൾ നല്ല ഫിറ്റ്‌നസ് നേടി. പിന്നീട് ഉയർച്ച ശരവേഗത്തിലായിരുന്നു. 

രണ്ട്, ക്ഷമയും സ്ഥൈര്യവും
'ജാവലിൻ പോലൊരു സ്‌പോർട്‌സ് സ്വയത്തമാക്കണമെങ്കിൽ നല്ല ക്ഷമ വേണം. അതിന്റെ വിദ്യ മനസ്സിലാവാൻ സമയമെടുക്കും.'

ജാവലിൻ ത്രോ ഗൗരവമായി എടുത്ത് അഞ്ചു വർഷം വേണ്ടിവന്നു അണ്ടർ-20 ലോക റെക്കോർഡ് തകർക്കാൻ. പോളണ്ടിലെ ബിഡ്ഗാസോലായിരുന്നു അത്. അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ആ സ്വർണം. വീണ്ടും അഞ്ചു വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഒളിംപിക് ചാമ്പ്യനായത്. ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ അതിനു മുമ്പ് ഒരു ഇന്ത്യൻ താരം മെഡൽ നേടിയിരുന്നില്ല. 

മൂന്ന്, കഠിനാധ്വാനം
'വിജയത്തിലേക്ക് കുറുക്കു വഴികളില്ല. കഠിനാധ്വാനത്തിലൂടെ മാത്രമാണ് അതിലേക്കുള്ള വഴി. ശ്രമിച്ചു കൊണ്ടേയിരിക്കുക'

ജാവലിൻ ത്രോയുടെ ശരിയായ രീതികൾ സ്വയത്തമാക്കാൻ രണ്ടു വർഷമെടുത്തു. ടോക്കിയൊ ഒളിംപിക്‌സ് അടുത്തപ്പോൾ ദിവസവും ആറേഴു മണിക്കൂർ പരിശീലനം നടത്തിയിരുന്നു. രാവിലെ ചെറുതായും വൈകുന്നേരങ്ങളിൽ കഠിനമായും. ബുധനാഴ്ചയും ശനിയാഴ്ചയും വൈകുന്നേരങ്ങൾ ഒഴിവാക്കും ഞായറാഴ്ച അവധിയും. ബാക്കിയുള്ള സമയങ്ങളിൽ സ്‌പോർട്‌സുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും -കരുത്തും സ്റ്റാമിനയും വർധിപ്പിക്കാനുള്ള വ്യായാമങ്ങൾ, ജിംനാസ്റ്റിക്‌സ്, ടെക്‌നിക്കൽ ട്രെയ്‌നിംഗ് എന്നിങ്ങനെ. 

നാല്, അധ്യാപകനെ കണ്ടെത്തുക
'ജാവലിൻ നല്ല ടെക്‌നിക് വേണ്ട കായിക ഇനമാണ്. അതിനാൽ കൂടെ ആരെങ്കിലും വേണം. കോച്ചോ ജാവലിൻ അറിയുന്ന മറ്റാരെങ്കിലുമോ. അവർക്കേ നിങ്ങൾ പരിശീലിക്കുന്നത് ശരിയായ രീതിയിലാണെന്ന് മനസ്സിലാക്കാൻ പറ്റൂ'

ഒരു ദിവസം ഞാൻ ജാലവിൻ എറിയുന്നതു കണ്ടപ്പോൾ രണ്ടു കൂട്ടുകാർ ഒപ്പം കൂടി. അവരും പ്രാദേശിക സ്റ്റേഡിയത്തിലേക്ക് വന്ന് എറിഞ്ഞു നോക്കി. പക്ഷേ ചുമൽ വേദനിച്ചതല്ലാതെ ഒന്നും നടന്നില്ല. അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് തകർക്കുന്നത് ഗാരി ക്ലാവേടിനു കീഴിലാണ്. 2016 ലായിരുന്നു അത്. 86.48 മീറ്ററായിരുന്നു സ്വർണം നേടിയ ദൂരം. സീനിയർ തലത്തിൽ പോലും ഇന്ത്യയിൽ ആ ദൂരം എറിഞ്ഞിരുന്നില്ല. അതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ജാവലിൻ ത്രോ ഇന്ത്യ ശ്രദ്ധിക്കപ്പെടുന്ന സ്‌പോർട്‌സ് ആയി മാറി. ഗാരി ക്ലാവേർട് 2018 ൽ അന്തരിച്ചപ്പോൾ ഢാൻ തകർന്നു പോയി. പ്രൊഫഷനൽ കരിയർ തുടങ്ങാൻ എന്നെ സഹായിച്ചത് ഗാരിയായിരുന്നു. പിന്നീട് ചൈനയിൽ കോച്ചിംഗ് കരിയർ സ്വീകരിച്ചിരുന്നുവെങ്കിലും ഞങ്ങൾ ബന്ധം നിലനിർത്തിയിരുന്നു. ഗാരി മരിച്ച ദിവസം എനിക്ക് മത്സരമുണ്ടായിരുന്നു. വല്ലാത്ത പ്രയാസമുണ്ടായിരുന്നു എനിക്ക്. എങ്കിലും അദ്ദേഹത്തിനു വേണ്ടി മത്സരിക്കാൻ തീരുമാനിച്ചു. 85 മീറ്റർ എറിഞ്ഞ് സ്വർണം നേടി. കഴിഞ്ഞ കുറെ വർഷങ്ങളായി ബയോ മെക്കാനിക്‌സ് വിദഗ്ധൻ ക്ലോസ് ബട്രോണീസിനു കീഴിലാണ് പരിശീലനം. ഞങ്ങൾ പല ഉയർച്ച താഴ്ചകൾ കണ്ടു. 2019 ൽ ലോക ചാമ്പ്യനായി പരിശീലനം നടത്തിക്കൊണ്ടിരിക്കവേ കൈമുട്ടിൽ വേദനയനുഭവപ്പെട്ടു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. ദോഹ ലോക ചാമ്പ്യൻഷിപ്പിൽ അത്തവണ 85-86  മീറ്ററിലാണ് സ്വർണം നിർണയിക്കപ്പെട്ടത്. എനിക്ക് എളുപ്പം എറിയാൻ കഴിയുന്ന ദൂരമായിരുന്നു അത്. സർജറിക്കു ശേഷമുള്ള മാസങ്ങൾ കഠിനമായിരുന്നു. 2020 ൽ ശക്തമായി തിരിച്ചുവന്നു. ദക്ഷിണാഫ്രിക്കയിലെ ആദ്യ ചാമ്പ്യൻഷിപ്പിൽ 87.86 മീറ്റർ എറിഞ്ഞു. അപ്പോഴേക്കും കോവിഡ് കാരണം ലോകം സ്തംഭിച്ചു.

അഞ്ച്, ആത്മവിശ്വാസമുണ്ടാവുക
'ഏറ്റവും പ്രധാനപ്പെട്ട ആയുധം ആത്മവിശ്വാസമാണ്. സ്വന്തം കഴിവിൽ വിശ്വസിക്കുക. രാജ്യത്തിന് നേട്ടം കൊണ്ടുവരാനാവുമെന്ന് സ്വപ്‌നം കാണുക.'

ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സുന്ദരമായ ഭാവിയുണ്ട്. തന്റെ പ്രധാനപ്പെട്ട മെഡലുകൾ ഒരുപാട് കുട്ടികളെ ഈ രംഗത്തേക്ക് ആകർഷിക്കുമെന്ന് കരുതുന്നു. വിജയിക്കണമെങ്കിൽ കരുത്തും വേഗവും വേണം. ഇന്ത്യൻ കുട്ടികൾക്ക് ഇതു രണ്ടുമുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ കൂടുതൽ കുട്ടികൾ ജാവലിൻ രംഗത്തേക്ക് കടന്നു വരും. 

Latest News