ലക്നൗ- ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ 22 വയസ്സുകാരിയായ അധ്യാപികയെ പ്രിൻസിപ്പൽ ബലാത്സംഗം ചെയ്തു. യുവതി പോലീസിൽ പരാതി നൽകിയതിന് തൊട്ടുപിറകെ പീഡനദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയതായും കുടുംബം പരാതി നൽകി. അതേസമയം, പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. രണ്ടു മാസം മുമ്പാണ് യുവതിയെ പീഡിപ്പിച്ചത്. സ്‌കൂളിൽ ജോലിയുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയാണ് പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ കുടുംബാംഗങ്ങളെ കൊല്ലുമെന്നും പീഡന ദൃശ്യം ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജൂലൈ 26 നാണ് അധ്യാപിക സംഭവം മാതാപിതാക്കളെ അറിയിക്കുന്നത്. പരാതി നൽകിയതിനു പിന്നാലെ പീഡന ദൃശ്യങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതിനു പിന്നാലെ യുവതിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഷാജഹാൻപുരിലെ ഹോട്ടലിൽ വച്ചാണ് പ്രതി പീഡന ദൃശ്യങ്ങൾ പകർത്തിയതെന്ന് എസ്.പി സഞ്ജീവ് വാജ്പേയി മാധ്യമങ്ങളോട് പറഞ്ഞു.






