Sorry, you need to enable JavaScript to visit this website.

കലയുടെ കളരിവിളക്ക് തെളിയിച്ച കുടുംബം

ശിഹാർ ഗുരുക്കളും കുടുംബവും

കല, കായികം, സാഹിത്യം, സാംസ്‌കാരികം, രാഷ്ട്രീയം, പൊതുപ്രവർത്തനം, ജീവന കലകൾ, സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ബിസ്‌നസ്..  എല്ലാം ഒരു വീട്ടിലെ കുടുംബത്തിലുള്ളവർ ഒരുമിച്ച് നിർവഹിക്കുന്നു. അപൂർവ കുടുംബ വിശേഷങ്ങളിലൂടെ..

 


അഭ്യാസ മുറകളുടെ മലപ്പുറം പെരുമയുടെ കലവറയും ആയോധന കലയുടെ വിസ്മയവുമായി മലപ്പുറത്തെ ശിഹാർ ഗുരുക്കളും കുടുംബവും വ്യത്യസ്തരാകുന്നു. വള്ളുവനാടിന്റ പാരമ്പര്യ കായിക സംസ്‌കാരമായ കളരിപ്പയറ്റ് ആയോധന മുറകളിലൂടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയ മലപ്പുറം കൂട്ടിലങ്ങാടിയിലെ   ശിഹാർ ഗുരുക്കൾക്കും അദ്ദേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ശിഷ്യരായ സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിനും നിരവധി പ്രത്യേകതകളുണ്ട്. പാരമ്പര്യ കളരി അഭ്യാസിയായ ചെലൂരിലെ പടിക്കമണ്ണിൽ ഡ്രൈവർ അബൂബക്കറിന്റെയും ഒടമലക്കുണ്ടിൽ മറിയുമ്മയുടെയും മക്കളായ അഭ്യാസി സംഘം വർഷങ്ങളായി നാടിന്റെ അഭിമാനമാണ്. 


റോഡ് ഷോ, സ്റ്റേജ് ഷോ, വാൾ പയറ്റ്, ഉറുമി മിന്നൽ, പന്തം മിന്നൽ, പൊയ്ക്കാൽ നടത്തം, കളരിപ്പയറ്റ്, കോൽക്കളി, ദഫ്, മാപ്പിള കല പദർശനം തുടങ്ങിയ വ്യത്യസ്ത അഭ്യാസ മുറയുടെ പൊതുവേദികളിലെ പ്രകടനങ്ങളും താൽപര്യമുള്ളവർക്ക് പരിശീലനവും നൽകി വരുന്നു. ക്ഷേത്ര ഉൽസവം, പൂരം, നേർച്ച, ആഹഌദ പ്രകടങ്ങൾ, വാർഷികാഘോഷം, ഉദ്ഘാടന പരിപാടികളിലുമാണ് പ്രദർശനം നടക്കാറുള്ളത്.


ചെലൂർ ആലുംകുന്നത്ത് ഒടുവാൻ പറമ്പിലെ വീടിനോട് ചേർന്ന് പരിശീലന കേന്ദ്രവും കളരി മർമ ചികിൽസയും ശിഹാർ ഗുരുക്കളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ബിസിനസുകാരനായ ഫൈസൽ, മാപ്പിള കല പരിശീലകനും കോഴിക്കോട് മർകസ് സ്‌കൂൾ അധ്യാപകനുമായ നൗഫൽ ചെലൂർ, കൂട്ടിലങ്ങാടിയിലെ വ്യാപാരികളായ അൻഷാദ്, ബിൻഷാദ്, മാപ്പിളപ്പാട്ട് ഗായകനായ റബീഹത്തലി, ഹാരിഫ, താജുന്നീസ, മലപ്പുറം എം.എസ്.പി പ്ലസ് ടു വിദ്യാർത്ഥി മാർഫിയ്യ തസ്നീം എന്നിവരടങ്ങുന്ന സഹോദരങ്ങളും അവരുടെ മക്കളും പേരമക്കളുമടങ്ങുന്നവരും അയൽ വീടുകളിലെ കുട്ടികളുമാണ് ശിഹാർ ഗുരുക്കളുടെ പാതയിൽ സഞ്ചരിക്കുന്നത്. സംസ്ഥാനത്തുടനീളമായി നിരവധി ശിഷ്യ സമ്പത്തുമുണ്ട് ഇവർക്ക്.


ഗ്രാമീണ യുവ അഭ്യാസികളായ ഇവർ ചെറുപ്പം മുതലേ ആദ്യപടിയായി കളരിപ്പയറ്റിലൂടെയാണ്  രംഗത്തു വരുന്നത്. നിരന്തര പരിശീലനത്തിലൂടെ കഠിന ശ്രമങ്ങളിലൂടെയുമാണ് കഴിവ് പ്രകടിപ്പിക്കുന്നത്. ഒഴിവ് ദിവസങ്ങളിലും പുലർച്ചയും ജോലി കഴിഞ്ഞ് എത്തിയതിന് ശേഷവുമാണ് പരിശീലനത്തിന് സമയം കണ്ടെത്തുന്നത്. പ്രശസ്ത ഗായകരായ ഡോ. നംഷാദ് മലപ്പുറം, നസീബ് നിലമ്പൂർ ഉൾപ്പെടെയുള്ള നിരവധി മാപ്പിളപ്പാട്ട് കലാകാരന്മാരും ഇവരുടെ കുടുംബത്തിലെ അംഗങ്ങളാണ്.

Latest News